Sunday, June 05, 2005

പേരിലൂടെ

"അനില്‍കുമാര്‍, ഫിര്‍?"
പേരുപറഞ്ഞാല്‍ ഉത്തരേന്ത്യക്കാര്‍ ഇങ്ങനെ ഒരു ചോദ്യം തൊടുത്തുവിടുമായിരുന്നു. അവര്‍ക്ക്‌ അഗര്‍വാള്‍, വര്‍മ്മ, ശര്‍മ്മ, ഖേരാ, ഗുപ്ത, എന്നിങ്ങനെ നിരവധിയായ വാലുകള്‍ ചേര്‍ത്തുള്ള പേരുകേട്ടാണ്‌ ശീലം.

കടല്‍ കടന്നു വന്നശേഷവും ഇതേ ചോദ്യം കേള്‍ക്കേണ്ടിവരുന്നു. മലയാളികളില്‍ നിന്നാണെന്നു മാത്രം.
ആദ്യമൊക്കെ കരുതിയത്‌ മുഴുവന്‍ പേരറിയാനുള്ള താല്‍പര്യം കാരണമാവുമെന്നായിരുന്നു. പിന്നെപ്പിന്നൊക്കെ കറുപ്പും വെളുപ്പുമായി തെളിഞ്ഞു.
സ്വന്തം പേരിലില്ലെങ്കില്‍ പിതാവിന്റെ പേരില്‍ നിന്നെങ്കിലും ജാതിയും മറ്റും ഊഹിച്ചെടുക്കാന്‍ ശ്രമിക്കാമല്ലോ. എന്തൊരു ബുദ്ധി!!!

"ഏതാ പള്ളി?" എന്നാണ്‌ ചിലര്‍ ആദ്യമേ ചോദിക്കുക.

മറ്റേവശം ഇതിലും രസകരമാണ്‌. ഒരാളിന്റെ പേര്‌ സുനില്‍ ജോര്‍ജ്ജ്‌. സെയി‌ല്‌‍സ്‌മാനാണ്‌. സന്ദര്‍ഭമനുസരിച്ച്‌ കടകളില്‍ വിവിധ വാലുകളാണ്‌ ചേര്‍ക്കുക. സംശയമുള്ളിടങ്ങളില്‍ സുനില്‍ എന്നും അല്ലാത്തിടത്ത്‌ സുനില്‍ കുമാര്‍ വര്‍മ്മ എന്നോ സൈനുദീന്‍ എന്നോ ചേര്‍ക്കും. മിശ്രവിവാഹത്തിലൂടെയും കുട്ടികളുണ്ടാവുമല്ലോ.

സേതു(മാധവന്‍,രാമന്‍ etc) എന്നുള്ള പേരുകാര്‍ സെയ്ദ്‌ എന്നും യഥാര്‍ത്ഥ സെയ്ദ്‌, സേതു എന്നും മാറിയെന്നിരിക്കും.
ഉദരനിമിത്തം ...!!!

4 comments:

Kalesh Kumar said...

അനില്‍,

മലയാളിയുടെ സ്വഭാവം മാറില്ല. നായ നടുക്കടലില്‍ ചെന്നാലും നക്കിയല്ലേ കുടിക്കു?

ഇത്‌ വായിച്ചപ്പം പ്രിയദര്‍ശന്റെ പൂച്ചയ്ക്കൊരു മുക്കൂത്തിയിലെ പപ്പുവിന്റെ ക്യാരക്ടര്‍ ഓര്‍മ്മ വരുന്നു. പുള്ളി ലോഡ്ജില്‍ മുറിയെടുക്കാന്‍ പോകുമ്പം പേരെന്താന്ന് ചോദിക്കുമ്പം പറയുന്നത്‌ - "ചെറിയാന്‍ നായര്‍" എന്നാ. അച്ഛന്റെ പേര്‌ - "കുരിയാക്രോസ്സ്‌ മേനോന്‍". അമ്മയുടെ പേര്‌ - "മേരി തമ്പുരാട്ടി"!

സു | Su said...

അതിനാ പറയുന്നതു നീണ്ട ഒരു പേരുണ്ടാവണം . ബാക്കി ചോദിക്കാന്‍ ആള്‍ക്കാര്‍ക്കു സമയം കിട്ടരുത്.
ഹി ഹി . എന്റെ ഐഡിയ എങ്ങനെ ഉണ്ട് ?

aneel kumar said...

മഹത്തായ ഐഡിയ സു. പക്ഷേ അഭി ക്യാ ഫായ്ദാ?

Kumar Neelakandan © (Kumar NM) said...

പേരിനവസാനമായി തൂങ്ങുന്ന വാലിലൂടെ വര്‍ഗ്ഗവും ജാതിയും ഒന്നും തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും എനിക്ക്‌ വാലുണ്ട്‌ (അതിത്തിരി കൂടുതല്‍ ആണെന്നു മുന്‍പൊരുപാടു കേട്ടിരുന്നു) തലയാണ്‌ ഇല്ലാത്തത്‌. "കുമാര്‍"
എന്തിന്റെയോ ബാക്കിപൊലെ ഒരു ...കുമാര്‍. (മുഴിമിച്ചുപറഞ്ഞാല്‍ കുമാര്‍. എന്‍. എം.) അത്രേയുള്ളു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കയില്ല, പ്രത്യേകിച്ചും നോര്‍ത്ത്‌ ഇന്ത്യാക്കാരായ എന്റെ ബോസുമാര്‍, സഹപ്രവര്‍ത്തകര്‍. (ഒരാള്‍ക്ക്‌ ഇഷ്ടമുള്ള പേരുപോലും സ്വീകരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലാത്ത നാട്‌.)
ഒടുവില്‍ അവരെല്ലാംകൂടി ഡോക്കുമെന്റുകളില്‍ എന്റെ പേര്‌ വലിച്ചു നീട്ടി. ഇപ്പോള്‍ തലയേത്‌ വാലേത്‌ എന്നറിയാത്ത അവസ്ഥയിലായി. നാണംകെട്ടില്ലെങ്കിലും മുളച്ചതു ഒരു ആലായി ഞാനും കൊണ്ടു നടക്കുന്നു. ഇപ്പോള്‍ അവരുടെ ഇടയില്‍ കുമാറല്ല ഞാന്‍. കുമാര്‍ എന്‍ മുരുകന്‍ ആണ്‌.
എനിക്കു തലയും ആയി വാലും ആയി (എന്തിന്‌, രണ്ടിനുമിടയില്‍ ചോദിക്കാനും പറയാനും ആളുമായി) വടക്കേ ഇന്ത്യാക്കാരും ഹാപ്പിയായി

വായന