Monday, June 27, 2005

നവരസങ്ങള്‍

ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയ കാലം മുതലിവിടെ കാണാറുള്ള ഈ ചുവന്ന ഗുണനചിഹ്നങ്ങള്‍ കണ്ട് 'മടുത്തെ'ന്നുപറഞ്ഞാല്‍ ആത് ഏറ്റവും ലളിതമായ വാക്കായിപ്പോവും.
ഇപ്പോ സുനിലിന്റെ 'രസ'ങ്ങളൊന്നും കാണാന്‍ കഴിയാതെയും ആകെ നിരാശ. ആ ദേഷ്യത്തില്‍ എനിക്കുമാത്രവും കാണാമറയത്തുള്ള മറ്റാര്‍ക്കെങ്കിലും കൂടിയും ഈ പോസ്റ്റ്. ആര്‍ക്കും സൈബര്‍കേരളയുടെ പേജില്‍ പോയി കാണാമെന്ന ലളിതമാര്‍ഗമുണ്ടെന്നത് മറക്കുന്നുമില്ല.
സുനിലും വായനക്കാരും ‍
ക്ഷമിക്കുക. കോപ്പിയടിച്ചതിന്‌.

SringaramHasyamKarunam



RowdramVeeramBhayanakam



BeebhalsamAthbhuthamSantham

Wednesday, June 22, 2005

'മാധ്യമ'പ്രവര്‍ത്തകരുടെ ബ്ലോഗ്

സ്വയം സംസാരിക്കുന്ന ഒരു കത്തിടപാട്‌ (ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ തന്നെ) ഇവിടെ പ്രസിദ്ധീകരിക്കുന്നു. അവരുടെ സൌകര്യത്തിനായി കൈരളി ഫോണ്ടുപയോഗിച്ചായിരുന്നു ആദ്യം എഴുതിയത്‌.
-----
പ്രിയ സുഹൃത്തുക്കളെ,

മാധ്യമം ഓണ്‍ലൈന്‍ പതിപ്പ്‌ വരുന്നതുകാത്തിരുന്ന്‌, ഒടുവില്‍ വന്നപ്പോള്‍ ദിനവും വായിക്കാറുള്ള ഒരു പ്രവാസി എഴുതുന്നു.

http://www.cs.princeton.edu/~mp/malayalam/blogs/ -ല്‍ മാധ്യമം പ്രവര്‍ത്തകന്മാരുടെ ഒരു ബ്ലോഗുണ്ടെന്ന വിവരം വായിച്ച്‌ വളരെ പ്രതീക്ഷയോടെ വായിക്കാനെത്തിയപ്പോള്‍ കരുതിയത്‌ അതൊരു (കൈരളി ഫോണ്ടിലെങ്കിലുമുള്ള) മലയാളം ബ്ലോഗ്‌ ആവുമെന്നാണ്‌.
കണ്ടപ്പോള്‍ ഇംഗ്ഗ്ല‍ീഷും! അതുകൂടാതെ 'ഇന്റെറാക്റ്റീവത'യെക്കുറിച്ച്‌ ഏറെ ബോധുമുള്ളവരെന്നു സമൂഹം കരുതുന്ന പത്രപ്രവര്‍ത്തകര്‍ കമന്റുകള്‍ നിരോധിക്കുകയും ചെയ്തിരിക്കുന്നു! ശരിക്കും അതിശയിച്ചുപോയി. നിങ്ങളൊക്കെത്തന്നെയാണോ സമൂഹത്തിലെ അനീതികള്‍ക്കെതിരെ നിരന്തരം പോരാടുന്നതെന്നും കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ തൊടുത്ത്‌ രാഷ്ട്രിി‍യക്കാരെ വെള്ളം കുടിപ്പിക്കാന്‍ പോകുന്നതെന്നും സ്വയം ചോദിച്ചുപോയി..
പറയാതിരിക്കാന്‍ വയ്യ; നിങ്ങളുടെ ബ്ലോഗ്‌ നിരാശമാത്രമേ മലയാളികള്‍ക്കു തരൂ - ഒരുപക്ഷെ നിങ്ങള്‍ അതു തുടങ്ങിയത്‌ മലയാളം അറിയാത്തവരും പ്രതികരിക്കാത്തവരും
വായിക്കാനാവും അല്ലേ?

അനില്‍

------------------------------

പ്രിയ അനില്‍,

താങ്കളുടെ കത്ത്‌ വായിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌ മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ മാത്രമായുള്ള ഒരു അനൌദ്യോഗിക ബ്ലോഗാണ്‌. തികച്ചും ഇന്‍ ഹൌസ്‌ സൌഭാവമുള്ള ഒന്ന്‌. അതിനാലാണ്‌ കമന്റുകള്‍ അംഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത്‌. ബ്ലോഗ്‌ ആരംഭിച്ച വിവരം പോലും മാധ്യമത്തിലെ സുഹൃത്തുക്കളെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. താങ്കള്‍ യാദൃശ്ചികമായി അതറിഞ്ഞതിലും കണ്ടതിലും പ്രതികരണം അറിയിച്ചതിലും വളരെ നന്ദി.

ഇനി മലയാളത്തിന്റെ കാര്യം. മാധ്യമം മലയാളം ഓണ്‍ലൈന്‍ എഡിഷന്റെ വായനക്കാരനാണല്ലോ താങ്കള്‍.

മാധ്യമം വായനക്കാര്‍ക്കായി അധികം വൈകാതെതന്നെ സമഗ്രമായ മലയാളം ബ്ലോഗ്‌ വരാന്‍ ആലോചന നടക്കുന്നുണ്ട്‌. ഇപ്പോള്‍ ഉള്ളത്‌ തികച്ചും പത്രപ്രവര്‍ത്തകര്‍ക്കു മാത്രമായ സൌഹൃദസംഘം മാത്രമാണ്‌.

മാധ്യമത്തിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഇമെയില്‍ ആശയവിനിമയം നടത്താന്‍ പ്രധാനമായും ഇംഗ്ലീഷ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. സന്ദേശങ്ങളും വാര്‍ത്തകളും തമ്മില്‍ തിരിച്ചറിയാനും ലോക്കല്‍ നെറ്റ്‌വര്‍ക്കില്‍ കൈമാറുമ്പോള്‍ ഇവ പരസ്‌പരം മാറിപ്പോകാതിരിക്കാനും ഉള്ള ഒരു മുന്‍കരുതലാണിത്‌.

ഞങ്ങളുടെ സ്ഥാപനത്തിലെ
കമ്പ്യൂട്ടര്‍ സാങ്കേതിക വിഭാഗത്തിന്റെ സഹായമോ കഴിവോ ഒന്നും ഞങ്ങള്‍ ഈ ബ്ലോഗ്‌ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടില്ല.

അതിനാലാണ്‌ താങ്കളുടെ മലയാളം സന്ദേശവും വായിക്കാന്‍ കഴിയാതിരുന്നത്‌.

താങ്കളുടെ വിമര്‍ശനങ്ങളെ നിറഞ്ഞ മനസോടെ ഉള്‍കൊള്ളുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ വിഭാഗത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ബ്ലോഗ്‌ മലയാളത്തിലാക്കാന്‍ ശ്രമിക്കാം.

താങ്കളെപ്പോലെ യാദൃശ്ചികമായി ബ്ലോഗ്‌ കണ്ട്‌ നിരവധി വായനക്കാര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്‌. അവരുടെ വിമര്‍ശനം ഉള്‍കൊണ്ട്‌ കമന്റ്‌ പോസ്റ്റിംഗ്‌ സൌകര്യം അന്നുതന്നെ പുനസ്ഥാപിച്ചിട്ടുണ്ട്‌.

താങ്കളുടെ വിമര്‍ശനങ്ങള്‍ ഞങ്ങള്‍ ഗൌരവമായി സ്വീകരിച്ചു എന്നതിന്‌ തെളിവായി ഈ സന്ദേശം പൂര്‍ണമായും pmltkairali യില്‍ അയക്കുന്നു.

അനുകൂലിച്ചായാലും വിമര്‍ശിച്ചായാലും തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം

മാധ്യമം ജേര്‍ണോസ്‌.

Tuesday, June 21, 2005

ജീവിതം.

ഉണര്‍ന്നാല്‍
ഉറങ്ങാമെന്നുറപ്പില്ല
ഉറങ്ങിയാല്‍
ഉണരാമെന്നും.

Monday, June 06, 2005

കുളിര്‌

മകരക്കുളിരിന്റെ നാളുകളില്‍ അതിരാവിലെ എഴുന്നേറ്റ്‌ പള്ളിക്കൂടത്തില്‍ പോകാനൊന്നും സാധാരണ താല്‍പര്യമുണ്ടാവാന്‍ തരമില്ല. ഞങ്ങള്‍ക്ക്‌ പക്ഷേ അതിരാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ താല്‍പര്യം അല്‍പ്പം കൂടുതലായിരുന്നു.

എഴുന്നേല്‍ക്കുക മാത്രമല്ല, നിത്യേന വീണടിയുന്ന കരിയിലകള്‍ പറമ്പിന്റെ ഏതെങ്കിലുമൊരു കോണില്‍ തൂത്തുകൂട്ടി കൂനയാക്കി കത്തിക്കും. ആ തീയില്‍ നിന്നുയരുന്ന സമ്മിശ്രമായ ഗന്ധവും സുഖം പകരുന്ന ചൂടും...
എന്തു സുഖം!!!
എന്തൊരു രസം!!!

കുറേ നേരമൊക്കെ ഇരിക്കുമ്പോള്‍ പിന്നെ സുഖവും രസവുമെല്ലാം കുസൃതിക്കു വഴിമാറും. ഉണങ്ങിയ പയര്‍ വള്ളിയോ, മരച്ചീനിക്കമ്പോ ഒക്കെ തീയില്‍ കാണിച്ച്‌ നാടന്‍ സിഗരറ്റ്‌ വലിയാണ്‌, ആരെങ്കിലും മുതിര്‍ന്നവര്‍ കാണുന്നതു‍ വരെ. അപ്പോഴേയ്ക്കും തീയുടെ ആളലൊക്കെ ഒന്നു കുറഞ്ഞിരിക്കുമെങ്കിലും ശരീരമെല്ലാം ഒന്നു ചൂടുപിടിച്ചതിനാല്‍ എങ്ങിനെയെങ്കിലും അവിടുന്നു മാറിയാല്‍ മതിയെന്നു തോന്നും.

അതേ അനുഭവത്തിന്റെ 'ഫ്രീ എന്‍ലാര്‍‌ജു‌മെന്റാണ്‌ ' മലകളില്‍ നിന്ന് കടലിന്റെ ഭാഗത്തേയ്ക്ക്‌ കാറ്റുള്ള രാപകലുകളില്‍ ഇവിടെയും(1 2). പുറത്തു നടക്കുമ്പോള്‍ ഇടയ്ക്ക്‌ മുഖം കരിഞ്ഞുപോയോ എന്നു തൊട്ടുനോക്കണമെന്നു തോന്നും.

രക്ഷയ്ക്കായി എങ്ങോട്ടോടാന്‍?


Sunday, June 05, 2005

പേരിലൂടെ

"അനില്‍കുമാര്‍, ഫിര്‍?"
പേരുപറഞ്ഞാല്‍ ഉത്തരേന്ത്യക്കാര്‍ ഇങ്ങനെ ഒരു ചോദ്യം തൊടുത്തുവിടുമായിരുന്നു. അവര്‍ക്ക്‌ അഗര്‍വാള്‍, വര്‍മ്മ, ശര്‍മ്മ, ഖേരാ, ഗുപ്ത, എന്നിങ്ങനെ നിരവധിയായ വാലുകള്‍ ചേര്‍ത്തുള്ള പേരുകേട്ടാണ്‌ ശീലം.

കടല്‍ കടന്നു വന്നശേഷവും ഇതേ ചോദ്യം കേള്‍ക്കേണ്ടിവരുന്നു. മലയാളികളില്‍ നിന്നാണെന്നു മാത്രം.
ആദ്യമൊക്കെ കരുതിയത്‌ മുഴുവന്‍ പേരറിയാനുള്ള താല്‍പര്യം കാരണമാവുമെന്നായിരുന്നു. പിന്നെപ്പിന്നൊക്കെ കറുപ്പും വെളുപ്പുമായി തെളിഞ്ഞു.
സ്വന്തം പേരിലില്ലെങ്കില്‍ പിതാവിന്റെ പേരില്‍ നിന്നെങ്കിലും ജാതിയും മറ്റും ഊഹിച്ചെടുക്കാന്‍ ശ്രമിക്കാമല്ലോ. എന്തൊരു ബുദ്ധി!!!

"ഏതാ പള്ളി?" എന്നാണ്‌ ചിലര്‍ ആദ്യമേ ചോദിക്കുക.

മറ്റേവശം ഇതിലും രസകരമാണ്‌. ഒരാളിന്റെ പേര്‌ സുനില്‍ ജോര്‍ജ്ജ്‌. സെയി‌ല്‌‍സ്‌മാനാണ്‌. സന്ദര്‍ഭമനുസരിച്ച്‌ കടകളില്‍ വിവിധ വാലുകളാണ്‌ ചേര്‍ക്കുക. സംശയമുള്ളിടങ്ങളില്‍ സുനില്‍ എന്നും അല്ലാത്തിടത്ത്‌ സുനില്‍ കുമാര്‍ വര്‍മ്മ എന്നോ സൈനുദീന്‍ എന്നോ ചേര്‍ക്കും. മിശ്രവിവാഹത്തിലൂടെയും കുട്ടികളുണ്ടാവുമല്ലോ.

സേതു(മാധവന്‍,രാമന്‍ etc) എന്നുള്ള പേരുകാര്‍ സെയ്ദ്‌ എന്നും യഥാര്‍ത്ഥ സെയ്ദ്‌, സേതു എന്നും മാറിയെന്നിരിക്കും.
ഉദരനിമിത്തം ...!!!

വായന