Monday, June 06, 2005

കുളിര്‌

മകരക്കുളിരിന്റെ നാളുകളില്‍ അതിരാവിലെ എഴുന്നേറ്റ്‌ പള്ളിക്കൂടത്തില്‍ പോകാനൊന്നും സാധാരണ താല്‍പര്യമുണ്ടാവാന്‍ തരമില്ല. ഞങ്ങള്‍ക്ക്‌ പക്ഷേ അതിരാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ താല്‍പര്യം അല്‍പ്പം കൂടുതലായിരുന്നു.

എഴുന്നേല്‍ക്കുക മാത്രമല്ല, നിത്യേന വീണടിയുന്ന കരിയിലകള്‍ പറമ്പിന്റെ ഏതെങ്കിലുമൊരു കോണില്‍ തൂത്തുകൂട്ടി കൂനയാക്കി കത്തിക്കും. ആ തീയില്‍ നിന്നുയരുന്ന സമ്മിശ്രമായ ഗന്ധവും സുഖം പകരുന്ന ചൂടും...
എന്തു സുഖം!!!
എന്തൊരു രസം!!!

കുറേ നേരമൊക്കെ ഇരിക്കുമ്പോള്‍ പിന്നെ സുഖവും രസവുമെല്ലാം കുസൃതിക്കു വഴിമാറും. ഉണങ്ങിയ പയര്‍ വള്ളിയോ, മരച്ചീനിക്കമ്പോ ഒക്കെ തീയില്‍ കാണിച്ച്‌ നാടന്‍ സിഗരറ്റ്‌ വലിയാണ്‌, ആരെങ്കിലും മുതിര്‍ന്നവര്‍ കാണുന്നതു‍ വരെ. അപ്പോഴേയ്ക്കും തീയുടെ ആളലൊക്കെ ഒന്നു കുറഞ്ഞിരിക്കുമെങ്കിലും ശരീരമെല്ലാം ഒന്നു ചൂടുപിടിച്ചതിനാല്‍ എങ്ങിനെയെങ്കിലും അവിടുന്നു മാറിയാല്‍ മതിയെന്നു തോന്നും.

അതേ അനുഭവത്തിന്റെ 'ഫ്രീ എന്‍ലാര്‍‌ജു‌മെന്റാണ്‌ ' മലകളില്‍ നിന്ന് കടലിന്റെ ഭാഗത്തേയ്ക്ക്‌ കാറ്റുള്ള രാപകലുകളില്‍ ഇവിടെയും(1 2). പുറത്തു നടക്കുമ്പോള്‍ ഇടയ്ക്ക്‌ മുഖം കരിഞ്ഞുപോയോ എന്നു തൊട്ടുനോക്കണമെന്നു തോന്നും.

രക്ഷയ്ക്കായി എങ്ങോട്ടോടാന്‍?


8 comments:

സു | Su said...

ഫുജൈറ കുറേ കണ്ടു. കുറേ ഫോട്ടോ കാണാന്‍ പറ്റിയില്ല. എന്താ അങ്ങിനെ? എന്തായാലും നന്നായി. ഇവിടെയിരുന്നു ചെലവില്ലാതെ കാണാലോ.

.::Anil അനില്‍::. said...

അതൊന്നും എന്റെ വകയല്ല. ആരാന്റെ ലിങ്കുകളായിരുന്നു. കണ്ടതെല്ലാം കൈലാസം എന്നങ്ങോട്ടു കരുതിക്കോ സൂ. ചെലവൊന്നുമില്ലല്ലോ.

കലേഷ്‌ കുമാര്‍ said...

ഫുജൈറ ഉഗ്രന്‍ സ്ഥലമാ.

മലയും സമുദ്രവും ചുംബിച്ചുണരുന്ന വെണ്മയാര്‍ന്ന തീരങ്ങളെ സാന്ദ്രമായ്‌ തലോടിയെത്തുന്ന അറബിക്കടലിന്റെ നനുത്ത തിരമാലകള്‍-ഫുജൈറയുടെ പ്രകൃതി നല്‍കുന്ന ഹൃദയഹാരിയായ ഭാവം അവാച്യമായ അനുഭവതലം നല്‍കുന്നു. (വാക്കുകള്‍ക്ക്‌ മനോഹരന്‍ ചേട്ടനോട്‌ കടപ്പാട്‌)

kumar © said...

ഇവിടെ കേരളത്തില്‍ മകരക്കുളിരിന്റെ പുലരികള്‍ ഇന്നുമുണ്ട്‌.
പറമ്പില്‍ കരിയിലകളും വീഴുന്നു (പഴയതുപോലെ സ്പീഡില്ല, മരങ്ങളുടെ എണ്ണം തന്നെ കാരണം.) കുട്ടികള്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നുമുണ്ട്‌. പക്ഷേ അതു പറമ്പിന്റെ കോണിലുയരുന്ന സമ്മിശ്ര ഗന്ധത്തിനും ചൂടിനും വേണ്ടിയല്ല. പോക്കിമോനെയും, പിക്കാച്ചുവിനേയും പവര്‍പഫ്‌ ഗേള്‍സിനെയും ഒക്കെ കാണാനെന്നു മാത്രം. ഈ കുഞ്ഞുങ്ങളുടെ അവധിക്കാലം ഇങ്ങനെ തീരുന്നു. ഇടയ്ക്ക്‌ 'പേരന്റ്സിനു' തരം കിട്ടിയാല്‍ ഒരു വീഗാലാന്റ്‌, അല്ലെങ്കില്‍ ഒരു സിനിമ. ഇവിടെ എല്ലാവരും കുഞ്ഞുങ്ങളെ, അവരുടെ അവധിക്കാലത്തെ ചതിക്കുന്നു, തങ്ങള്‍ക്ക്‌ കിട്ടിയ നല്ലകാലത്തെ അവര്‍ക്ക്‌ നിക്ഷേധിക്കുന്നു.
പക്ഷെ പ്രപഞ്ചം മാത്രം അവരെ ചതിക്കുന്നില്ല. ഇന്നും പെയ്തു പെരുമഴ. ജൂണ്‍ ഒന്നിനു മഴപെയ്തപ്പോള്‍ സ്കൂള്‍ തുറക്കാത്താതുകാരണം രക്ഷപ്പെട്ടു നിന്ന 'എല്‍ക്കേജി, യൂക്കേജിക്കാര്‍ക്കു വേണ്ടി ഇന്നും തിമിര്‍ത്തു പെയ്തു സ്പെഷ്യല്‍ മഴ.
കാലം തെറ്റിയാലും കണക്കുതെറ്റാത്ത മഴയ്ക്ക്‌ നമോവാകം. മുറ്റത്തു വീഴുന്ന മഴവെള്ളത്തില്‍ നീങ്ങുന്ന കടലാസുവഞ്ചികള്‍ നമ്മുടെ മനസില്‍ ഒരു നനഞ്ഞ ഓര്‍മ്മയായിക്കിടക്കട്ടെ. വരുന്ന തലമുറയ്ക്ക്‌ അതു 'ബ്ലോഗ്‌ ശകലങ്ങള്‍'ആയി വായിച്ചു കൊടുക്കാം.

.::Anil അനില്‍::. said...

നന്ദി,
സു
കലേഷ്
തോന്ന്യാക്ഷരക്കുമാര്‌ (സ്വാഗതവും!)

കെവിന്‍ & സിജി said...

എല്ലാര്‍ക്കും എല്ലാതും ഓര്‍മ്മയുണ്ടല്ലേ.

.::Anil അനില്‍::. said...

കെവിന്‌ സ്വാഗതം! നന്ദി.
ഇവിടെ അനുഭവിക്കുന്ന ഓരോന്നിന്റെ താരതമ്യത്തിനും നമുക്കൊക്കെ പലതും കുട്ടിക്കാലത്തുനിന്ന്‍ ഓര്‍ക്കാനില്ലേ കെവിന്‍?
സത്യത്തില്‍ ആ ഓര്‍മ്മകളാണ്‌ എത്രയും വേഗം ഈ പ്രവാസം മടക്കിക്കെട്ടി പോവാനായെങ്കില്‍ എന്ന ചിന്ത രാപകലുളെ ചിന്താഭരിതമാക്കുന്നത്.

Paul said...

അനില്‍,
അതെ, എല്ലാവര്‍ക്കും മടങ്ങിപ്പോകണമെന്നുണ്ട്‌. പക്ഷേ മടങ്ങിപ്പോകുന്നവര്‍ വളരെക്കുറച്ചാണെന്നു മാത്രം. കുമാര്‍ എഴുതിയ മറുപടിയില്‍ പറഞ്ഞതാണിപ്പോഴത്തെ നാട്ടിലെ അവസ്ഥ. കുട്ടിക്കാലത്തെ ഓര്‍മ്മകളുമായി നമ്മളൊക്കെ ഇനി മടങ്ങിപ്പോകുകയാണെങ്കില്‍, അത്‌ വല്ലാത്ത നിരാശയ്ക്കിടയാക്കും. മടങ്ങിപ്പോകണം, പക്ഷേ പഴയതൊന്നും അവിടെ ഉണ്ടാവില്ലെന്ന ബോധത്തോടെയായാല്‍ നന്ന്...

വായന