Thursday, December 01, 2005

“എന്റെ പോക്കറ്റടികൾ“

പോക്കറ്റടിക്കപ്പെട്ടതായി എല്ലാരും പറയുന്ന കഥകൾ കേൾക്കുമ്പോഴെല്ലാം എനിക്കു ചിരിയാണു വന്നിരുന്നത്. ഇതെന്താ ബോധമില്ലാതെയാണോ യാത്രചെയ്യുന്നത്, പോക്കറ്റിൽ കൈയിട്ട് ഉള്ള കാശൊക്കെ വേറൊരാൾ എടുത്തുകൊണ്ടു പോകാൻ?

ഒരിക്കൽ ഒരു സുഹൃത്തുമൊന്നിച്ച് പ്രൈവറ്റ്
ഡി.റ്റി.സി-യിൽ യാത്ര ചെയ്യുന്നു. ആൾക്ക് ശമ്പളം
കിട്ടിയദിവസം. ബസിൽ നടവഴിയ്ക്കരികിലെ സീറ്റും കിട്ടി. 20 മിനിറ്റിന്റെ യാത്രയ്ക്കിടെ ആൾ അല്പമൊന്നു മയങ്ങിക്കാണും. ഇറങ്ങിക്കഴിഞ്ഞ് പോക്കറ്റുതപ്പിയ സുഹൃത്തിന് അവിടെ ഒന്നും കാണാൻ പറ്റിയില്ല. പറ്റിപ്പോയി. അന്നെനിക്കു മനസിലായി ഈ വിരുതന്മാർ ചില്ലറക്കാരല്ല.
എങ്കിലും എന്നെ ഇതുവരെ അവർക്ക് അടിക്കാൻ പറ്റിയില്ലല്ലോ എന്ന അഹങ്കാരമായിരുന്നു.

ആ അഹങ്കാരം അധികം നീണ്ടുനിന്നില്ല. അടുത്തൊരു നാൾ തന്നെ ഡി.റ്റി.സി ബസിൽ തന്നെ നിന്നു യാത്ര ചെയ്യുന്നു. ഹരിനഗറിൽ ഞാനിറങ്ങേണ്ട സ്റ്റോപ്പെത്തുന്നതിനു തൊട്ടു മുമ്പൊരു റൌണ്ട് കറങ്ങിയാണ് വരേണ്ടത്. ആ ചരിഞ്ഞുചുറ്റലിനിടെ ഒരാൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഒന്നു സ്പർശിച്ചപോലെ തോന്നി.

ആളെ കണ്ടു; പോക്കറ്റിൽ നിന്ന് ചില്ലറ നോട്ടുകൾ ഉണ്ടായിരുന്നതും ചില അവശ്യവിവരങ്ങൾ
അടങ്ങിയ തുണ്ടുകടലാസുകളും അപ്രത്യക്ഷമായതും അറിഞ്ഞു. ഇറങ്ങിയശേഷം പ്രതിയോട് ആ കടലാസുകളെങ്കിലും തരാൻ അഭ്യർഥിച്ചു. പ്രതി അപകടകാരിയല്ല എന്നും സൈക്കിൾ റിക്ഷക്കാരനോ മറ്റോ പാർട് റ്റൈം ജോബിനിറങ്ങിയതാണെന്നും തോന്നി. അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു സാഹസത്തിനു മുതിരില്ലായിരുന്നു. പോക്കറ്റടിക്കാർ കത്തിയും തോക്കുമൊക്കെ കൊണ്ടുനടക്കുന്നവരാണെന്നാണല്ലോ കഥകൾ. ഞാൻ മനസിലാക്കിയെന്നറിഞ്ഞാവണം തൊണ്ടി അതിനകം കൈമാറപ്പെട്ടിരുന്നു. റോഡിനു മറുവശം പോയിട്ട് രണ്ടാം പ്രതിയിൽ നിന്ന് ചില്ലറ ഒഴികെയുള്ള കടലാസുകൾ എന്നെ ഭദ്രമായി ഏൽ‌പ്പിച്ച് പ്രതികൾ രണ്ടും അടുത്ത ബസിൽ ചാടിക്കയറിപ്പോയി. ഒന്നും സംഭവിക്കാത്തപോലെ ഞാൻ റൂമിലേയ്ക്കും.

പിന്നീട് ചിരപരിചിതമായ സ്ഥലത്തു വച്ചാണ് ഇക്കൂട്ടർ എന്നെ ശരിക്കും വഹിച്ചത്.
1989-ൽ യുനെസ്കോയുടെ തിരുവനന്തപുരത്തുവച്ചു നടന്ന ഒരു വർൿഷോപ്പിന്റെ ഡോക്കുമെന്റേഷൻ ജോലികളിൽ ഒരാഴ്ചയോളം പ്രവർത്തിച്ചതിന് Ms. Namtip Aksornkool എന്നുപേരുള്ള Programme Specialist പേരെഴുതിയ ഒരു കവറിലിട്ട് 100-ന്റെ പത്തു നോട്ടുകൾ തന്നു.
സന്തോഷം പങ്കുവയ്ക്കാനായി സുഹൃത്തുമൊത്ത്
പാഞ്ചാലി യിൽ കയറി.
ശമ്പളം കിട്ടിയതിന്റെ ബാക്കി കൈയിലുള്ളതിനാൽ കവർ തുറക്കാതെ തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തു.

പതിവായി യാത്രചെയ്യാറുള്ള
കല്ലാർ ബസിൽ കയറാൻ വലിയ തെരക്കൊന്നുമില്ലായിരുന്നു. കയറി സീറ്റിൽ ഇരുന്നപ്പോഴേയ്ക്കും കണ്ടക്റ്റർ വന്നു ടിക്കറ്റ് തന്നു. അതിനും കാശ് വേറെ ചില്ലറയിൽ നിന്നു കൊടുത്തിട്ട് വെറുതേ പിൻ‌പോക്കറ്റിൽ ഒന്നു തപ്പി. അതിൽ കവർ പോയിട്ട് അതിന്റെ പൊടി പോലുമില്ല. ബസ് നീങ്ങിത്തുടങ്ങിയിരുന്നു. പങ്കുവച്ച സന്തോഷമൊക്കെ ഒരാളലായി മാറി. എത്രയും വേഗം കണ്ടക്ടറോടു കാര്യം പറഞ്ഞു. അവിടെത്തന്നെയുള്ള പോലീസ് ഐഡ് പോസ്റ്റുകാർ ഒരു ചെക്കിങ്ങ് നടത്തിയെങ്കിലും ഒരു തുമ്പുമില്ലാത്ത പരാതികളുടെ കൂനയിലേയ്ക്ക് എന്റെ കേസും വീണുപോയി.
അവരുടെ മുഖത്തൊരു പുഞ്ചിരി കണ്ടോന്നൊരു തോന്നൽ. ‘നിന്റെ നൂറിന്റെ നോട്ടുകളുടെ ഷെയർ ഞങ്ങൾക്ക് ഏതാനും നിമിഷങ്ങൾക്കകം കിട്ടും മോനേ’ എന്ന് അവർ പറയുന്നപോലെ തോന്നി.

‘ബസിൽ കയറാൻ നേരം ആരെങ്കിലും വഹിച്ച് സ്ഥലം വിട്ടുകാണും’ എന്നാണവർ പക്ഷേ വിധി പറഞ്ഞത്.

അങ്ങനെ വിലപ്പെട്ട ഒരാഴ്ചയുടെ അദ്ധ്വാനം അതിനിടെ കിട്ടിയ സ്റ്റാർ ഭക്ഷണങ്ങളിൽ ഒതുങ്ങി.
കല്ലാർ ബസ് നെടുമങ്ങാട് ലക്ഷ്യമാക്കി നീങ്ങി.

10 comments:

evuraan said...

വിഖ്യാതമായ ഉപ്പായി മാപ്പിളയെന്ന കോമിക്കിൽ (ടോംസിന്റെ) ഒരിക്കൽ ഒരു കാർട്ടൂൺ കണ്ടതോർക്കുന്നു --

ഉപ്പായി മാപ്പിളയും പെണ്ണുമ്പിള്ളയും സിനിമാ കാണാൻ പോയി - അടുത്തടുത്തിരുന്ന് സിനിമാ കണ്ടിറങ്ങിയ ശേഷം മാപ്പിളയുടെ ഭാര്യ അങ്ങേരോട് പറയുകയാണ് -- “അയ്യോ, എന്റെ അരഞ്ഞാണം ആരാണ്ടടിച്ചു മാറ്റി.. അടുത്തിരിന്നുവനാകണം..”

(അതോ അവരുടെ മാലയായിരുന്നോ എന്ന് ഓർമ്മയില്ല..)

അവനതൂരിയെടുക്കുന്നത് നീയറിഞ്ഞില്ലേ എന്ന ഉപ്പായി മാപ്പിളയുടെ ചോദ്യത്തിന്‌ ഭാര്യ മറുപടി പറഞ്ഞത് - “അത് ആഭരണം അടിച്ചു മാറ്റാനാണെന്ന് ആരറിഞ്ഞു..!!”

പോക്കറ്റടി ജാലവിദ്യയാകുമ്പോൾ ആർക്കും രക്ഷയില്ലാതാവാം. പക്ഷെ, ജാലവിദ്യയിൽ അത്ര പ്രാവീണ്യമുണ്ടെങ്കിൽ അവരീപ്പണിക്കിറങ്ങുമോ?

--ഏവൂരാൻ

സിദ്ധാര്‍ത്ഥന്‍ said...

മദ്രാസിൽ പോയ ഗോപാലന്റെ കഥ കേട്ടിട്ടുണ്ടോ. കുറേയധികം സ്ഥലങ്ങൾ കാൽനടയായി തന്നെ ചുറ്റിനടന്നു കണ്ടതിനുശേഷം കക്ഷി ഒരു പാർക്ക് ബെഞ്ചിലിരുന്നു. എന്നിട്ടു് കീശ പുറത്തുകൂടെ തപ്പി നോക്കി ഉറപ്പുവരുത്തിയിട്ടു ആത്മഗതം ചെയ്തത്രെ. “മദ്രാസ്സിൽ പോക്കറ്റടിക്കാരു ധാരാളമുണ്ടത്രെ. ന്നാലും ഗോപാലന്റെ പോക്കറ്റിതു വരെ ആരും തൊട്ടില്ല“.

ബെഞ്ചിന്റെ അങ്ങെയറ്റത്തിരുന്ന തമിഴൻ തിരിഞ്ഞിരുന്നു പറഞ്ഞത്രെ.“നീ ഉൻ പോക്കറ്റിലെ രണ്ടു് ഒത്ത രൂപാത്തുട്ടും ഒരമ്പതു പൈസാ തുട്ടും പോട്ടു നടന്താ എവണ്ടാ അടിപ്പാ?”

Kumar Neelakandan © (Kumar NM) said...

പോക്കറ്റടിക്കാർ അവർക്ക് ആവശ്യമില്ലാത്ത പേഴ്സു് കാർഡും പേപ്പറുകളും അടക്കം കുറിയറിലൂടെ ഉടമയ്ക്ക് തിരിച്ചുകൊടുക്കുന്നതാണ് (വിസിറ്റിങ് കാർഡ് അതിലുണ്ടെങ്കിൽ) ഇപ്പോഴത്തെ പുതിയ വാർത്ത. അതും ബ്ലൂ ഡാർട്ട് പോലുള്ള എക്സ്പെൻസീവ് കുറിയറിലൂടെ.
പഴയ, ഒരു പാന്റിനു മറുപാന്റില്ലാത്ത പാവം പോക്കറ്റടിക്കാരല്ല, ഇന്നത്തെ ഹൈ-ടെക്കുകാർ.

Visala Manaskan said...

പോക്കറ്റടി

തൃശ്ശൂർ റൌണ്ടിലൂടെ, ഭാവി ഏത്‌ ഭൂതത്തിന്റെ കയ്യിലായിരിക്കുമെന്നാലോചിച്ച്‌ സ്വയം വർത്തമാനം പറഞ്ഞ്‌ നടന്നിരുന്ന പല ഉച്ചകളിലൊന്നിൽ.

രാഗം തിയറ്ററിന്റെ മുൻപിൽ വച്ച്‌ എന്റെ ശരീരത്തിലാരോ മുട്ടി. നേർക്കുനേരെയുള്ള ഷോൾഡർ മുട്ടൽ. സോറികൾക്ക്‌ പകരം, മുട്ടലിൽ പങ്കെടുത്ത അദ്ദേഹവും ഞാനും ഒന്നുംകൂടി ആർഭാടമായി 'മുട്ടാൻണ്ട്രാ' എന്ന ഭാവം കൈമാറി.

ജോസിന്റെ മുന്നിലെത്തിയപ്പോൾ, വെറുതെ പോക്കറ്റിൽ ഒന്ന് ടച്ച്‌ ചെയ്‌തു. യെസ്‌, മൂന്ന് ദിവസം മുൻപ്‌ കരണ്ട്‌ ബില്ലടക്കാൻ തന്ന 50 രൂപ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അബ്‌സ്കോണ്ടിങ്ങ്‌. ഒടുക്കത്തെ പങ്‌ൿച്വാലിറ്റിയായതുകൊണ്ട്‌ അടക്കാൻ ടൈം കിട്ടിയില്ലായിരുന്നു.

അഞ്ഞൂറ്‌ രൂപ നഷ്ടപ്പെട്ടാൽ ആത്മഹത്യയെക്കുറിച്ച്‌ വരെ ചിന്തിക്കുമായിരുന്ന അക്കാലത്ത്‌, അമ്പത്‌ രൂപയും വലിയ വിഷയം തന്നെ. വീട്ടിലെന്ത്‌ പറയുമെന്നോർക്കുമ്പോൾ വെറും പാവവും, മുട്ടിയ മഹാത്മാവിനെക്കുറിച്ചോർക്കുമ്പോൾ കൊടും ക്രൂരനുമായി ഓരോ അഞ്ച്‌ മിനിറ്റിലും മാറി മാറി, കൊടകരയെത്തിയപ്പോഴേക്കും ഞാനൊരു പാവം ക്രൂരനായി മാറി.

വീട്‌; ബസിലിരുന്ന് കാണുമ്പോൾ തന്നെ വിശപ്പ്‌ തുടങ്ങുന്ന എനിക്കന്ന് എന്തോ ഒട്ടും വിശപ്പ്‌ തോന്നിയില്ല.

എന്നെക്കണ്ടതും, അമ്മ:

" എത്ര ദിവസം മുൻപേ പറഞ്ഞതാ, ഇതുവരേ നിനക്കാ കരണ്ട്‌ ബില്ല് അടക്കാൻ കഴിഞ്ഞില്ലല്ലേ ? ഇനി അയൽപക്കത്താരെയെങ്കിലും വിട്ട്‌ അടപ്പിക്കാൻ വേണ്ടിയാണോ നീ കാർഡും കാശും മേശേമെ വച്ച്‌ പോയത്‌, ഇങ്ങിനെ കുടുംബത്തേക്ക്‌ യാതൊരു ഉപകാരവുമില്ലാണ്ടാവല്ലേടാ മോനേ "

ഓർമ്മശക്തിൽ അഭിമാനം പൂണ്ട്‌, മുട്ടിയ ചേട്ടനോട്‌ സൈലന്റായി ഒരു സോറിയും പറഞ്ഞ്‌ കൈ കഴുകി ചമ്രം പടിഞ്ഞിരുന്ന് ആഹ്ലാദചിത്തനായി റിലാക്സ്ഡായി വിളിച്ചുപറഞ്ഞു.

'അമ്മേ......ചോറെടുക്ക്‌'

രാജ് said...

വിശാലോ അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്കെന്റെ അമ്മ ചോറു തരുമായിരുന്നില്ല. ഈ അമ്മമാരുടെ ഒരു കാര്യം :|

ചില നേരത്ത്.. said...

അങ്ങ് മലബാറില്‍ ഇതൊരു പ്രൊഫഷണല്‍ രീതിയിലാണ്. ആരുടെയെങ്കിലും പോക്കറ്റടിക്കപ്പെട്ടാല്‍ സ്റ്റേഷനില്‍ പരാതി പറയുക, ഉടന്‍ ഒരു അഡ്രസ് പറഞ്ഞു തരും. അതും വാങ്ങീ പോക്കറ്റടിക്കാരുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡിനെ കാണുക. ഏത് ബസ് അല്ലെങ്കില്‍ ബസ് റൂട്ട് ഇതിലേതെങ്കിലും ഒന്ന് പറയുക. പിന്നെ ഒരു കസേര തന്ന് ഇരിക്കാന്‍ പറയും. അരമണിക്കൂറിന് ശേഷം ആ റൂട്ടിലെ ഇന്‍ ചാര്‍ജ്ജ് ആയ പോക്കറ്റടിക്കാരന്‍ വരും. അയാള്‍ക്ക്, നഷ്ടപ്പെട്ട തുകയുടെ പത്ത് ശതമാനം നല്‍കി ബാക്കി തുകയും വാങ്ങി പോക്കറ്റടിക്കാരനും പിന്നെ ദൈവത്തിനും നന്ദി പറയുക.
കുറ്റിപ്പുറം, തിരൂര്‍, പൊന്നാനി, വളാഞ്ചേരി,എടപ്പാള്‍ റൂട്ടുകളില്‍ മാത്രമേ ഈ സൌകര്യം നിലവില്‍ ലഭ്യമുള്ളൂ.

Manjithkaini said...

കുറേ നാളുകള്‍ മുന്‍പ്‌ ഇന്ത്യാ ടുഡേയില്‍ വായിച്ചതോ൪ക്കുന്നു. പോക്കറ്റടിയില്‍ ഡോക്ടറേറ്റെടുത്ത ഒരു ബിഹാറുകാരന്‍ ഐ.പി.എസ്‌. ഓഫിസറുടെ കഥ.
കുറ്റവാളി മനശാസ്ത്രം പഠിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഗവേഷണം.
ഫീച്ചറില്‍ ഏറ്റവും രസകരമായ കാര്യം ഇതൊന്നുമായിരുന്നില്ല. പോക്കറ്റടി പൊലീസിനെ ഇന്റ൪വ്വാനെത്തിയ ലേഖകന്‍ എന്നാലൊരു വിസിറ്റിംഗ്‌ കാ൪ഡ്‌ നല്‍കിക്കളയാം എന്നു കരുതി പോക്കറ്റില്‍ കയ്യിട്ടു. ഇല്ല. അതവിടില്ല. നമ്മുടെ ഓഫീസ൪ അഭിമുഖത്തിനിടയില്‍ അതും അടിച്ചുമാറ്റിയിരുന്നു.
വേറിട്ട മനുഷ്യരെ പരിചയപ്പെടുത്തുന്ന ആ ഇന്ത്യാ ടുഡേ കോളം ഇപ്പോഴും ഉണ്ടോ ആവോ.

ദേവന്‍ said...

ഇബ്രൂ,
പണ്ടെപ്പോഴോ കൌമുദി വീക്കെൻഡ് മാഗിൽ വായിച്ചിട്ടുണ്ട് തിരുവനന്തപുരത്ത് “സായിപ്പ്” എന്നൊരു തിരുമ്മൽക്കാരനുണ്ട് മൂപ്പർക്കറിയാത്ത പോക്കറ്റടിക്ക്കാരനില്ല്ത്രേ(മിക്ക പോക്കറ്റടിക്കാരും ഒരിക്കലെൻകിലും ചിട്ടിപൊളിഞ്ഞ് ഗ്യാരേജിൽ കയറിയവരായതുകൊണ്ടാവും). കാശൊഴികെ വിലപിടിച്ചതെന്തെൻകിലും പോയാൽ സായിപ്പിനെക്കണ്ട് കാര്യം പറഞ്ഞാൽ മതി സാധനം തിരിച്ചു കിട്ടും- മൂപ്പർ ഇതൊരു സാമൂഹ്യ സേവനമായി ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ നടത്തുന്ന പ്രവർത്തനം.

കൊല്ലത്ത് ഒരു ബാൻകിൾ കുറച്ച് ജോലി ചെയ്തിരുന്നു. ഒരു ദിവസം ഒരു കസ്റ്റമറെ ചൂണ്ടിക്കാട്ടി അടുത്തിരുന്നയാൾ ചോദിച്ചു “... നായർ എന്നാ ഈ മനുഷ്യന്റെ പേര്. ജോലിയെന്താണെന്ന് ഊഹിക്കാമോ?”
60 വയസ്സു തോന്നിക്കുന്ന, അലക്കിത്തേച്ച ഖദർ ധരിച്ച കണ്ടാൽ ആരും ബഹുമാനിച്ചുപോകുന്ന ഒരപ്പൂപ്പൻ. ചോദിച്ചതിൽ നിന്നു തന്നെ എന്തോ പ്രത്യേകതയുൾല ജോലിയാണെന്ന് ഊഹിച്ച ഞാൻ
വാടക ഗൂണ്ടായാണോ എന്ന് ഒരു ഗസ്സ് നടത്തിതോറ്റു എന്നെ സുല്ലിടീച്ചയാൾ പറഞ്ഞുതന്നു
“ഇയാൾ കൊട്ടാരക്കര- കൊട്ടിയം റൂട്ടിലെ പോക്കറ്റടിക്കാരനാ. ചെൻകോട്ടയിലെ പോക്കറ്റടി സ്കൂളിലെ വിസിറ്റ്ങ് ഫോകൽറ്റിയും“. ആളു പോയിക്കഴിഞു ക്യാഷർ ഷീബ പറഞ്ഞു. “നായര് ഇന്നു 20000 രൂപയാ കൊണ്ടിട്ടത്. മെഡിക്കൽ കോളേജില്പോയ രോഗിയുടെയോ പണയം എടുക്കാൻ പോയ കൂലിപ്പണിക്കാരന്റേയോ ഒന്നുമാവാതിരുന്നാൽ മതിയായിരുന്നു.”

ദേവന്‍ said...

ബാൻകിൾ അല്ല bank

അഭയാര്‍ത്ഥി said...

If your pocket is swelling, somebody’s hands yearn for it. Degree of temptation, and professionalism makes a perfect mugger. Gandharva’s observation is that every human being is a pick pocket, but expertise in different field. Some steel other’s tangible assets, while some other intangible. Steel royalty, copy writings, literature works, copy answer papers, and even the benefit of other man’s hard labor. Every where, if u analyze u can find this tinge. Behind every bright future there is a crime God father. Our society is adulterously fornicated.

So be ware of other pick pockets. Grab his pocket before he catch yours
Anil’s flash light played this thoughts on the mind screen.

വായന