Wednesday, December 14, 2005

പുട്ടടി

കെ എസ് പിയ്ക്കൊരടിക്കുറിപ്പ്.


പുട്ട്-പയര്‍-പപ്പടം നല്ല ചേരുവ തന്നെയാണ്.
‘നമ്മളവിടെ’ ഒരു വ്യത്യാസമുള്ളത്, പുട്ട് അവിയ്ക്കലാണ്; ചുടലില്ല.
പുട്ടൊരു മഹാനാണെങ്കിലും പ്രാതലിനതു കിട്ടുമ്പോള്‍ മിക്കപ്പോഴും മുഴുവന്‍ കഴിക്കാനോ ആസ്വദിക്കാനോ പറ്റാറില്ല. ജോലിയ്ക്കു കയറേണ്ട സമയമൊക്കെ ആവുമ്പോഴേയ്ക്കുമാണ് പുട്ടിന്റെ മുന്നില്‍ എത്തുന്നതെന്നതു തന്നെ കാരണം. കുട്ടിക്കാലത്തുമുതല്‍ ഇന്നുരാവിലെ വരെയും ഈ വിധി മാറ്റമില്ലാതെ തുടരുന്നു. പുട്ടുണ്ടാക്കുന്ന ദിവസം മിക്കവാറും ലേറ്റായിട്ടാവും പ്രഭാതകര്‍മ്മവണ്ടി ഓടുക.
ഇതൊക്കെ കാരണം പ്രവാസത്തില്‍ പുട്ട് - പിട്ട് എന്നാണ് ‘മറ്റേമ്മ‘ (അമ്മയുടെ അമ്മ) പറയുമായിരുന്നത് - രാത്രി മെനുവിലാണ് കൂടുതലും സ്ഥാനം പിടിക്കുക.
മിക്കവാറും സഹയാത്രികര്‍ മേല്‍പ്പറഞ്ഞവരാവുകയുമില്ല. മറിച്ച്, മീന്‍ കറി, സ്റ്റൂ (ഇഷ്ടു!) അങ്ങനെ എന്തെങ്കിലും ആയിരിക്കും.
അരിപ്പൊടി (വെള്ള, ചമ്പാ അല്ലെങ്കില്‍ രണ്ടും), ഗോതമ്പുപൊടി (തനിച്ച അല്ലെങ്കില്‍ അരിപ്പൊടിയൊപ്പം) എന്നിങ്ങനെയൊക്കെ വിവിധങ്ങളായ ചേരുവകളുടെ പരീക്ഷണശാലകള്‍ അടുക്കളയിലും പിന്നെ വയറ്റിലും സ്ഥാപിതമാവാറുമുണ്ട്.

അഛന്റെ അമ്മ ജീവിച്ചിരുന്ന കാലത്തെ പുട്ടോര്‍മ്മ കൂടി പറയാതെ വയ്യ. പള്ളിക്കൂടത്തില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്കൊക്കെ എത്തിക്കഴിഞ്ഞാല്‍ വള്ളിനിക്കറും കയറ്റി അമ്മൂമ്മയുടെ അടുക്കള വഴിയൊക്കെ ഒരു കറക്കമുണ്ട്. ‘രാവിലത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?’ന്നൊരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു പാത്രത്തില്‍ ഒരു കഷണം പുട്ടും ചോണനുറുമ്പുകളുടെ ഒരു പടയും ഇരിപ്പുണ്ടാവും. തട്ടിയിടേണ്ട താമസം അവന്മാര്‍ ഓടിപ്പോവും; ഞൊടിയിടയ്ക്കുള്ളില്‍ സ്വാദേറിയ പുട്ട് വയറ്റിലേയ്ക്കും.
അമ്മൂമ്മയുടെ ഡയലോഗ് കാലക്രമത്തില്‍ ചെറുമക്കള്‍ അല്‍പ്പം ഭേദഗതി വരുത്തി ഇങ്ങനെ അവതരിപ്പിക്കാറുമുണ്ട്. ‘കഴിഞ്ഞാഴ്ചത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?”

7 comments:

ചില നേരത്ത്.. said...

‘പുട്ടടി‘ എന്നൊരു പരിപാടിയുണ്ട്,മലബാറില്‍.
ഓഫ് ടോപ്പിക്ക് ആണോന്ന് ഒരു സംശയം ഉണ്ട്. എന്നാലും പറയാം.
ഉദാ:- 1)കോളേജ് ഇലക്ഷനിലേക്ക് കഷ്ടപ്പെട്ട് പിരിച്ച സംഖ്യ ചിലര്‍ പുട്ടടിച്ചു.
2) ഇലക്ഷനോട് അനുബന്ധിച്ചുണ്ടായ സംഘട്ടനത്തിന്റെ കേസ് നടത്തിപ്പിനായി പാറ്ട്ടി നല്‍കിയ പണം ഞാന്‍ പുട്ടടിച്ചു.
3) പലിശ വാങ്ങാത്ത പിതാവിന്റെ ബാങ്കിലെ പണം കള്ളയൊപ്പിട്ട് വാങ്ങി മകനും കൂട്ടുകാരും ചേര്‍ന്ന് പുട്ടടിച്ചു.
പുട്ട് തിന്നുവാനുള്ള ആഗ്രഹം എനിക്ക് പണ്ടെ നശിച്ചിരികക്ുന്നു. കാരണം വീട്ടിലെ പുട്ടിന്റെ തരികള്‍ക്ക് 40mm സൈസ് ആയിരുന്നു എപ്പോഴും.

കലേഷ്‌ കുമാര്‍ said...

അനിലേട്ടാ, നല്ല പുട്ട് വേണേൽ ഉം അൽ കുവൈനിൽ വാ. ഇവിടെ അൽ-ഗവാസ് എന്നും പറഞ്ഞ് ഒരു മലയാളി റസ്റ്റോറന്റ് ഉണ്ട് (“കുഴിക്കട“ എന്നറിയപ്പെടും). യു.ഏ.ഈയിൽ പലയിടത്തെ മലയാളി കഫറ്റേരിയകളിലും റെസ്റ്റോറന്റുകളിലുമൊക്കെ ഞാൻ പോയി പുട്ട് കഴിച്ചിട്ടുണ്ട്. പക്ഷേ, എന്താന്നറിയില്ല, അൽ ഗവസിലെ പുട്ടിന്റെ രുചി എവിടുന്നും കിട്ടിയിട്ടില്ല.
വൈകിട്ടേയുള്ളു. രാവിലെ ഇല്ല.
ഒരു കുറ്റിയ്ക്ക് ഒരു ദിറഹം വില. കോമ്പിനേഷനുകൾ -1. മീങ്കറി (ചൂര/നെയ്മീൻ/അയല/കണവ)
2. മട്ടൻ കറി
3. ചിക്കൻ ചില്ലി (ചൈനീസ് അല്ല - ഇവിടുത്തെ ഒരു തനത് വിഭവം)
4. സബ്ജി - വെജിറ്റബിൾ കറി (പാവയ്ക്ക ഇട്ടത് - ചിലപ്പഴേ കാണൂ)
5. താറാവിൻ മുട്ട ഓമ്പ്ലേറ്റ് + മീൻ ചാ‍ർ
കോമ്പിനേഷനുകൾ ഏതെടുത്താലും 2 ദിറഹം.

വക്കാരിമഷ്‌ടാ said...

പഴവും പപ്പടവും ഇട്ട് ഇങ്ങിനെ കുഴച്ച്..... അതല്ലെങ്കിൽ തേങ്ങാക്കൊത്തും ചുവന്നമുളകുമെല്ലാമിട്ടുള്ള കടലക്കറിയും, പുട്ടും..

ഹെന്റീശ്വരാ....

...... കൊതിപ്പിച്ചത് മതിയായില്ലേ..

kumar © said...

ഞാൻ ഒരു പുട്ടനാണ്. പുട്ട് എനിക്കൊരു ഭ്രാന്താണ്. പുട്ടും പയറും പപ്പടവും മുളകും, പുട്ടും മീങ്കറിയും, പുട്ടും മുട്ടക്കറിയും, പുട്ടും മെഴുക്കുപുരട്ടിയും, പുട്ടും മട്ടൻ കറിയും, പുട്ടും ബീഫ് കറിയും, ... പുട്ടും പിന്നെ എന്തും ഒരു ചേർച്ചയാണ് എനിക്ക്. പുട്ട് ഒരു പാൻ‌കേരളാ ഫുഡ് ആണ്.

ചില ഞായറുകളിൽ ഒരു ചൈഞ്ചിന് പ്രാതൽ പുറത്ത് നിന്നാകുമ്പോൾ ഞാൻ പുട്ടും പപ്പടവും ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ എന്റെ കല്യാണിക്ക് അതിശയമാണ്, അഛന്റെ ഈ പുട്ടുകൊതി. മസാലദോശയും നെയ്‌റോസ്റ്റൂം ഊത്തപ്പവും പൂരിയും ചപ്പാത്തിയും ഒക്കെ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഈ ബോറൻ പുട്ടുകഴിക്കുന്നത് എന്നാണ് അവളുടെ ചോദ്യം. ബാല്യത്തിൽ ഒരു പാടു പുട്ടുതിന്നു മടുത്തത് കൊണ്ടാണ് വലുതായപ്പോൾ അതിനോട് കൊതിവന്നത് എന്ന് ഞാൻ അവളോട് പറഞ്ഞു.
കടവന്ത്രയിൽ ഗോകുലം, ചിറ്റൂർ റോഡിൽ നാട, ഫ്രൈസ്, ഞങ്ങളുടെ നാട്ടിൽ വേലാം‌പിള്ളയുടെ ചായക്കട, കോട്ടയ്ക്കകത്ത് ശ്രീ വിനയക എന്നിവ നല്ല പുട്ട് കിട്ടുന്ന ഇടങ്ങളാണ്.
“പുട്ടടി നീണാൾ വാഴട്ടെ.”

വക്കാരിമഷ്‌ടാ said...

എന്തിനെല്ലാവരും കൂടി എന്നെയിങ്ങിനെ കൊതിപ്പിക്കുന്നു.....

Adithyan said...

ബോംബെ മറൈൻ ഡ്രൈവിൽ എല്ലാ ആഴ്ചയവസാനവും പോയി മണിക്കൂറുകളോളം മലന്നു കിടന്നതും പിന്നെ രാത്രി ആ വഴിയോര പുസ്തകക്കടകൾക്കിടയിലുള്ള വീഥിയിലൂടെ നടന്നു ഫൌണ്ടൻ ജങ്ക്ഷനിലെത്തി, അവിടെ ഉള്ളിലുള്ള പ്ലാസ റെസ്റ്റോറന്റിൽ പോയി പുട്ടും മട്ടൺ കറിയും കോഴിക്കരളും കൂട്ടിയടിച്ചുകൊണ്ടിരുന്നതും ഇന്നലെ കഴിഞ്ഞ പോലെ...

achinthya said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...

വായന