Wednesday, December 14, 2005

പുട്ടടി

കെ എസ് പിയ്ക്കൊരടിക്കുറിപ്പ്.


പുട്ട്-പയര്‍-പപ്പടം നല്ല ചേരുവ തന്നെയാണ്.
‘നമ്മളവിടെ’ ഒരു വ്യത്യാസമുള്ളത്, പുട്ട് അവിയ്ക്കലാണ്; ചുടലില്ല.
പുട്ടൊരു മഹാനാണെങ്കിലും പ്രാതലിനതു കിട്ടുമ്പോള്‍ മിക്കപ്പോഴും മുഴുവന്‍ കഴിക്കാനോ ആസ്വദിക്കാനോ പറ്റാറില്ല. ജോലിയ്ക്കു കയറേണ്ട സമയമൊക്കെ ആവുമ്പോഴേയ്ക്കുമാണ് പുട്ടിന്റെ മുന്നില്‍ എത്തുന്നതെന്നതു തന്നെ കാരണം. കുട്ടിക്കാലത്തുമുതല്‍ ഇന്നുരാവിലെ വരെയും ഈ വിധി മാറ്റമില്ലാതെ തുടരുന്നു. പുട്ടുണ്ടാക്കുന്ന ദിവസം മിക്കവാറും ലേറ്റായിട്ടാവും പ്രഭാതകര്‍മ്മവണ്ടി ഓടുക.
ഇതൊക്കെ കാരണം പ്രവാസത്തില്‍ പുട്ട് - പിട്ട് എന്നാണ് ‘മറ്റേമ്മ‘ (അമ്മയുടെ അമ്മ) പറയുമായിരുന്നത് - രാത്രി മെനുവിലാണ് കൂടുതലും സ്ഥാനം പിടിക്കുക.
മിക്കവാറും സഹയാത്രികര്‍ മേല്‍പ്പറഞ്ഞവരാവുകയുമില്ല. മറിച്ച്, മീന്‍ കറി, സ്റ്റൂ (ഇഷ്ടു!) അങ്ങനെ എന്തെങ്കിലും ആയിരിക്കും.
അരിപ്പൊടി (വെള്ള, ചമ്പാ അല്ലെങ്കില്‍ രണ്ടും), ഗോതമ്പുപൊടി (തനിച്ച അല്ലെങ്കില്‍ അരിപ്പൊടിയൊപ്പം) എന്നിങ്ങനെയൊക്കെ വിവിധങ്ങളായ ചേരുവകളുടെ പരീക്ഷണശാലകള്‍ അടുക്കളയിലും പിന്നെ വയറ്റിലും സ്ഥാപിതമാവാറുമുണ്ട്.

അഛന്റെ അമ്മ ജീവിച്ചിരുന്ന കാലത്തെ പുട്ടോര്‍മ്മ കൂടി പറയാതെ വയ്യ. പള്ളിക്കൂടത്തില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്കൊക്കെ എത്തിക്കഴിഞ്ഞാല്‍ വള്ളിനിക്കറും കയറ്റി അമ്മൂമ്മയുടെ അടുക്കള വഴിയൊക്കെ ഒരു കറക്കമുണ്ട്. ‘രാവിലത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?’ന്നൊരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു പാത്രത്തില്‍ ഒരു കഷണം പുട്ടും ചോണനുറുമ്പുകളുടെ ഒരു പടയും ഇരിപ്പുണ്ടാവും. തട്ടിയിടേണ്ട താമസം അവന്മാര്‍ ഓടിപ്പോവും; ഞൊടിയിടയ്ക്കുള്ളില്‍ സ്വാദേറിയ പുട്ട് വയറ്റിലേയ്ക്കും.
അമ്മൂമ്മയുടെ ഡയലോഗ് കാലക്രമത്തില്‍ ചെറുമക്കള്‍ അല്‍പ്പം ഭേദഗതി വരുത്തി ഇങ്ങനെ അവതരിപ്പിക്കാറുമുണ്ട്. ‘കഴിഞ്ഞാഴ്ചത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?”

Thursday, December 08, 2005

ഫ്രീ

മൂന്നു ദിവസം മുന്‍പൊരു വെളുപ്പാന്‍ കാലം ഒരു ചങ്ങാതി ഫോണില്‍ വിളിച്ചു. പെരിങ്ങോടന്‍ സാറിന്റെ ഓണ്‍‌ലൈന്‍ ഉബുണ്ടു ക്ലാസ് ഏകദേശം വെളുക്കുന്നതുവരെ അറ്റന്‍ഡ് ചെയ്യുന്നതുകാരണം ഉറക്കം തുടങ്ങിയിരുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ചങ്ങാതീടെ വിളി ഒരു തൊന്തരവും ആയില്ല.

പറഞ്ഞ വിവരം ഇതാണ്. 4444444 എന്ന നമ്പരിലേയ്ക്ക് ഒരു ബ്ലാങ്ക് എസ്സെമ്മെസ് അയച്ചാല്‍ മൊബൈല്‍ ഫോണിന്റെ ക്രെഡിറ്റില്‍ കുറഞ്ഞത് ദി.10 എങ്കിലും കൂടുമെന്ന്. ഭാഗ്യമുണ്ടെങ്കില്‍ അത്
വലിയ ഒരു തുക തന്നെയാവാം. അല്ലെങ്കില്‍ പലതവണ ചെയ്ത് ആയിരങ്ങള്‍ തന്നെ ഉണ്ടാക്കാം!!!


മുമ്പും ഇങ്ങനെ പല കളികളും കേട്ടിട്ടുള്ളതുകൊണ്ടും എറ്റിസലാറ്റിന്റെ യന്ത്രങ്ങള്‍ ഓരോ അക്കൌണ്ടിന്റെ ട്രാക്കിങ്ങും തീര്‍ച്ചയായും രേഖപ്പെടുത്തും എന്നത് അറിയുന്നതു കൊണ്ടും ചങ്ങാതിയോടുപദേശിച്ചത് ഈ കളി കളിക്കണ്ട എന്നായിരുന്നു.
പിറ്റേന്നു രാവിലെ അറിഞ്ഞു പലരും ഉയര്‍ന്ന ബാലന്‍സുകള്‍ അക്കൌണ്ടില്‍ ഉണ്ടാക്കിയെന്ന്.
നാട്ടിലേയ്ക്കൊക്കെ വിളിച്ച് അത് മുതലാക്കിയവര്‍ ഏറെ താമസിയാതെ തന്നെ വിവരവും അറിഞ്ഞു.എത്ര തുകയായിരുന്നു കാര്‍ഡില്‍ വര്‍ദ്ധിച്ചത് അത്രയോ അതിലും കൂടുതലോ തുക ആ നമ്പരുകളുടെ അക്കൌണ്ടുകളില്‍ റിവേഴ്സ് ചെയ്യപ്പെട്ടു, അന്നു തന്നെ.
ഫലം, ‘പറ്റിച്ചുണ്ടാക്കിയ’ ക്രെഡിറ്റുപയോഗിച്ചു വന്‍ വിളി വിളിച്ചു മുതലാക്കിയ പലര്‍ക്കും ബാലന്‍സ് മെനസ് ഫിഗര്‍ ആയി. കളി എറ്റിസലാറ്റിനോടു വേണ്ട എന്നര്‍ഥം.
ഇതിനെപ്പറ്റി ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല എന്നാണറിയുന്നത്.

Thursday, December 01, 2005

“എന്റെ പോക്കറ്റടികൾ“

പോക്കറ്റടിക്കപ്പെട്ടതായി എല്ലാരും പറയുന്ന കഥകൾ കേൾക്കുമ്പോഴെല്ലാം എനിക്കു ചിരിയാണു വന്നിരുന്നത്. ഇതെന്താ ബോധമില്ലാതെയാണോ യാത്രചെയ്യുന്നത്, പോക്കറ്റിൽ കൈയിട്ട് ഉള്ള കാശൊക്കെ വേറൊരാൾ എടുത്തുകൊണ്ടു പോകാൻ?

ഒരിക്കൽ ഒരു സുഹൃത്തുമൊന്നിച്ച് പ്രൈവറ്റ്
ഡി.റ്റി.സി-യിൽ യാത്ര ചെയ്യുന്നു. ആൾക്ക് ശമ്പളം
കിട്ടിയദിവസം. ബസിൽ നടവഴിയ്ക്കരികിലെ സീറ്റും കിട്ടി. 20 മിനിറ്റിന്റെ യാത്രയ്ക്കിടെ ആൾ അല്പമൊന്നു മയങ്ങിക്കാണും. ഇറങ്ങിക്കഴിഞ്ഞ് പോക്കറ്റുതപ്പിയ സുഹൃത്തിന് അവിടെ ഒന്നും കാണാൻ പറ്റിയില്ല. പറ്റിപ്പോയി. അന്നെനിക്കു മനസിലായി ഈ വിരുതന്മാർ ചില്ലറക്കാരല്ല.
എങ്കിലും എന്നെ ഇതുവരെ അവർക്ക് അടിക്കാൻ പറ്റിയില്ലല്ലോ എന്ന അഹങ്കാരമായിരുന്നു.

ആ അഹങ്കാരം അധികം നീണ്ടുനിന്നില്ല. അടുത്തൊരു നാൾ തന്നെ ഡി.റ്റി.സി ബസിൽ തന്നെ നിന്നു യാത്ര ചെയ്യുന്നു. ഹരിനഗറിൽ ഞാനിറങ്ങേണ്ട സ്റ്റോപ്പെത്തുന്നതിനു തൊട്ടു മുമ്പൊരു റൌണ്ട് കറങ്ങിയാണ് വരേണ്ടത്. ആ ചരിഞ്ഞുചുറ്റലിനിടെ ഒരാൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഒന്നു സ്പർശിച്ചപോലെ തോന്നി.

ആളെ കണ്ടു; പോക്കറ്റിൽ നിന്ന് ചില്ലറ നോട്ടുകൾ ഉണ്ടായിരുന്നതും ചില അവശ്യവിവരങ്ങൾ
അടങ്ങിയ തുണ്ടുകടലാസുകളും അപ്രത്യക്ഷമായതും അറിഞ്ഞു. ഇറങ്ങിയശേഷം പ്രതിയോട് ആ കടലാസുകളെങ്കിലും തരാൻ അഭ്യർഥിച്ചു. പ്രതി അപകടകാരിയല്ല എന്നും സൈക്കിൾ റിക്ഷക്കാരനോ മറ്റോ പാർട് റ്റൈം ജോബിനിറങ്ങിയതാണെന്നും തോന്നി. അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു സാഹസത്തിനു മുതിരില്ലായിരുന്നു. പോക്കറ്റടിക്കാർ കത്തിയും തോക്കുമൊക്കെ കൊണ്ടുനടക്കുന്നവരാണെന്നാണല്ലോ കഥകൾ. ഞാൻ മനസിലാക്കിയെന്നറിഞ്ഞാവണം തൊണ്ടി അതിനകം കൈമാറപ്പെട്ടിരുന്നു. റോഡിനു മറുവശം പോയിട്ട് രണ്ടാം പ്രതിയിൽ നിന്ന് ചില്ലറ ഒഴികെയുള്ള കടലാസുകൾ എന്നെ ഭദ്രമായി ഏൽ‌പ്പിച്ച് പ്രതികൾ രണ്ടും അടുത്ത ബസിൽ ചാടിക്കയറിപ്പോയി. ഒന്നും സംഭവിക്കാത്തപോലെ ഞാൻ റൂമിലേയ്ക്കും.

പിന്നീട് ചിരപരിചിതമായ സ്ഥലത്തു വച്ചാണ് ഇക്കൂട്ടർ എന്നെ ശരിക്കും വഹിച്ചത്.
1989-ൽ യുനെസ്കോയുടെ തിരുവനന്തപുരത്തുവച്ചു നടന്ന ഒരു വർൿഷോപ്പിന്റെ ഡോക്കുമെന്റേഷൻ ജോലികളിൽ ഒരാഴ്ചയോളം പ്രവർത്തിച്ചതിന് Ms. Namtip Aksornkool എന്നുപേരുള്ള Programme Specialist പേരെഴുതിയ ഒരു കവറിലിട്ട് 100-ന്റെ പത്തു നോട്ടുകൾ തന്നു.
സന്തോഷം പങ്കുവയ്ക്കാനായി സുഹൃത്തുമൊത്ത്
പാഞ്ചാലി യിൽ കയറി.
ശമ്പളം കിട്ടിയതിന്റെ ബാക്കി കൈയിലുള്ളതിനാൽ കവർ തുറക്കാതെ തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തു.

പതിവായി യാത്രചെയ്യാറുള്ള
കല്ലാർ ബസിൽ കയറാൻ വലിയ തെരക്കൊന്നുമില്ലായിരുന്നു. കയറി സീറ്റിൽ ഇരുന്നപ്പോഴേയ്ക്കും കണ്ടക്റ്റർ വന്നു ടിക്കറ്റ് തന്നു. അതിനും കാശ് വേറെ ചില്ലറയിൽ നിന്നു കൊടുത്തിട്ട് വെറുതേ പിൻ‌പോക്കറ്റിൽ ഒന്നു തപ്പി. അതിൽ കവർ പോയിട്ട് അതിന്റെ പൊടി പോലുമില്ല. ബസ് നീങ്ങിത്തുടങ്ങിയിരുന്നു. പങ്കുവച്ച സന്തോഷമൊക്കെ ഒരാളലായി മാറി. എത്രയും വേഗം കണ്ടക്ടറോടു കാര്യം പറഞ്ഞു. അവിടെത്തന്നെയുള്ള പോലീസ് ഐഡ് പോസ്റ്റുകാർ ഒരു ചെക്കിങ്ങ് നടത്തിയെങ്കിലും ഒരു തുമ്പുമില്ലാത്ത പരാതികളുടെ കൂനയിലേയ്ക്ക് എന്റെ കേസും വീണുപോയി.
അവരുടെ മുഖത്തൊരു പുഞ്ചിരി കണ്ടോന്നൊരു തോന്നൽ. ‘നിന്റെ നൂറിന്റെ നോട്ടുകളുടെ ഷെയർ ഞങ്ങൾക്ക് ഏതാനും നിമിഷങ്ങൾക്കകം കിട്ടും മോനേ’ എന്ന് അവർ പറയുന്നപോലെ തോന്നി.

‘ബസിൽ കയറാൻ നേരം ആരെങ്കിലും വഹിച്ച് സ്ഥലം വിട്ടുകാണും’ എന്നാണവർ പക്ഷേ വിധി പറഞ്ഞത്.

അങ്ങനെ വിലപ്പെട്ട ഒരാഴ്ചയുടെ അദ്ധ്വാനം അതിനിടെ കിട്ടിയ സ്റ്റാർ ഭക്ഷണങ്ങളിൽ ഒതുങ്ങി.
കല്ലാർ ബസ് നെടുമങ്ങാട് ലക്ഷ്യമാക്കി നീങ്ങി.

വായന