Thursday, July 07, 2005

ഗുണനിലവാരം

പ്രൊഡക്‌ഷന്‍ ഏരിയായിലൊരുവട്ടം കൂടി ചുറ്റിനടന്നു. ഒക്കെ നല്ല വൃത്തിയിലും വെടിപ്പിലും തന്നെ വച്ചിരിക്കുന്നു. പല രാജ്യത്തേയ്ക്കും കയറ്റി അയയ്ക്കാനുള്ള സര്‍ജിക്കല്‍ സാധനങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ കൂടിയേ തീരൂ.

ഗുണനിലവാരം പരിശോധിക്കാന്‍ വരുന്നവര്‍ ഇതിനെക്കാളുമൊക്കെ ശ്രദ്ധയോടെ നോക്കാന്‍ സാധ്യതയുള്ള കടലാസുകള്‍ പലതും ഇന്നലെ വീട്ടില്‍ ചെന്നിട്ട്‌ പാതിരാ കഴിഞ്ഞാണ്‌ പൂര്‍ത്തിയാക്കിയത്‌. രാവിലെ മറക്കാതിരിക്കാന്‍ തടിച്ച ഫയല്‍ പുറത്തേയ്ക്കുള്ള വാതിലിനരുകില്‍ ഷൂ റാക്കിനുമുകളില്‍ തന്നെ വച്ചിരുന്നു. പലതും തികച്ചും ഔപചാരികതകളാണ്‌. ചിലത് വായിച്ചാല്‍ ചിരിപൊട്ടും. പക്ഷേ പാടില്ല. ലോകനിലവാരത്തിലുള്ള നടപടിക്രമങ്ങളുടെ ഒരു പരമ്പരയാണത്രേ.

പരിശോധകര്‍ വന്നു. എല്ലാവരും വലത്തൊപ്പികളൊക്കെയണിഞ്ഞ്‌ ഓരോന്നും ചുറ്റിനടന്നു കണ്ടു. തൊട്ടും മണത്തുമൊക്കെ നോക്കി. പുഞ്ചിരിച്ചു, ചിലപ്പോള്‍. അല്ലാത്തപ്പോള്‍ നെറ്റിചുളിച്ചു. കുറച്ചു ബ്ലാബ്ലാ മുറുമുറുത്തു.

ഓഫീസ്‌ മുറിയില്‍ ഒരു കാപ്പിയ്ക്കുശേഷം നിവര്‍ന്നിരുന്ന് ഒന്നാമന്‍ ചോദിച്ചു,

"കാന്‍ ഐ ഹാവ്‌ എ ലുക്ക്‌ അറ്റ്‌ യൌര്‍ ഓര്‍ഗ്നൈസേഷ്ണല്‍ ചാര്‍ട്‌ പ്ലീസ്‌?"

"ഷുവ്‌ര്‍"

തടിച്ച ഫയലില്‍ ഒന്നാമതായിത്തന്നെയിരിക്കുന്ന അമൂല്യ വസ്തുവാണത്‌. ഫയല്‍ തുറന്നു ക്ലിപ്പുയര്‍ത്തി അതെടുത്തു ഭവ്യതയോടെ കൊടുത്തു. അതുവാങ്ങാനാഞ്ഞ ഒന്നാമന്റെ കയ്യില്‍ പെട്ടെന്നൊരു തടിയന്‍ പാറ്റ പ്രത്യക്ഷപ്പെട്ടു. രണ്ടാളുമൊന്നു ഞെട്ടി, ഒപ്പം പാറ്റയും ഞെട്ടി. പറന്നുപോവുകയും ചെയ്തു. കടലാസിരുന്ന വലതുകൈ മരവിച്ചില്ലാതായി. എല്ലാവരുടെയും മുഖത്ത്‌ കടമറ്റത്തു കത്തനാര്‍ നാടകം കണ്ടിരിക്കുമ്പോഴുള്ള ഭാവം.

ഇനിയെന്താ ഉണ്ടാവുകയെന്നോര്‍ത്ത്‌ ഞങ്ങളുടെ മേധാവി അന്തം വിട്ടിരിക്കുന്നു. അപ്പോഴതാ ഒന്നാമന്റെ ശബ്ദം പുറത്തുവന്നു.

"ഇറ്റ്‌ ഹാപ്പന്‍സ്‌. ടേക്കിറ്റീസി"

എല്ലാവരുമപ്പോള്‍ കടമറ്റത്തു കത്തനാര്‍ സീരിയല്‍ കാണുന്ന ഭാവത്തിലേയ്ക്കു മുഖങ്ങളെയും ഭാവങ്ങളെയും മാറ്റി.
ഇനി റിപ്പോര്‍ട്ടു വരുമ്പോളറിയാം ഏതാ മൂന്നാം ഭാവമെന്ന്.
ഇതെങ്ങിനെ പറ്റിയെന്നതിനെപ്പറ്റിയും ഇനി ഒരു കടലാസ്‌ ഫയലില്‍ കയറുമല്ലോന്നോര്‍ത്തപ്പോള്‍...
<span title=ചതിയന്‍ പാറ്റ. chathiyan paata" src="http://www.termite.com/images/cockroach4.gif" width="80" border="0" height="109">

6 comments:

evuraan said...

കോടാനുകോടി വര്‍ഷങ്ങളായി ഭൂതലമാകെ നിഴലു പറ്റി അവനുണ്ട്. ആണവവിസ്ഫോടനങ്ങളെ വരെ ചെറുക്കാന്‍ പോന്നവന്‍. പിന്നെയാണോ ഒരു ഇന്‍സ്‍പെക്ഷന്‍?

എന്നിരുന്നാലും പാറ്റയ്ക്ക് വിഷം വെക്കാന്‍ മടിക്കേണ്ട കേട്ടോ?

--ഏവൂരാന്‍.

Anonymous said...

ഒരു ചായേം കപ്പേം, അതിന്റെ മോളിലല്ലേ ഗുണനിലവാരം ചഅർചചെയ്യപ്പെടുന്നത്‌? പാറ്റയ്ക്ക്‌ പിഫ്-പാഫ്, അവർക്ക്‌ കപ്പേം ചായേം.-സു-

Kalesh Kumar said...

ഇങ്ങനെ ഒരു സംഭവം ഞങ്ങളുടെ ഒരു നൈറ്റ്‌ ക്ലബ്ബിലെ അടുക്കളയിലും ഉണ്ടായി. മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക്‌ വന്നപ്പഴ്‌ തന്നെ ഒരു പാറ്റ കുഞ്ഞ്‌ പ്രത്യക്ഷപ്പെട്ടു! മുന്‍സിപ്പാലിറ്റി ഞങ്ങളുടെ പെസ്റ്റ്‌ കണ്ട്രോള്‍ കോണ്ട്രാക്റ്റ്‌ ഉള്ള കമ്പനിക്ക്‌ 2000 ദിറഹംസ്‌ "മുക്കാലിഫ" (പിഴ) അടിച്ചു കൊടുത്തു. ഞാന്‍ അതിനെ കുറിച്ച്‌ ബ്ലോഗാന്‍ തയാറായിരിക്കുകയായിരുന്നു! ഏതായാലും മനോഹരമായി അനിലേട്ടന്‍ അത്‌ ചെയ്തു!

ഏവൂരാന്‍ പറഞ്ഞതു പോലെ സര്‍വ്വവ്യാപിയാണവന്‍!

സു | Su said...

ഹിഹിഹി അല്ലെങ്കിലും വെറുതേ വെച്ചാല്‍ പാറ്റ കയറും. സ്വന്തം തലയില്‍ ആണെങ്കില്‍ക്കൂടെ.(ഞാന്‍ എന്റെ കാര്യം പറഞ്ഞതാ.(ഇനി അതിനു ദേഷ്യം വേണ്ട :()

ചില നേരത്ത്.. said...

പ്രിയ അനില്‍,
പോസ്റ്റ്‌ വായിച്ചു..പിഫ്‌ പഫ്‌ അടിച്ചിട്ടും പോകാത്ത പാറ്റകളെ എന്താണ്‌ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?. ഇവിടെ ഞങ്ങള്‍ പാറ്റകളെ കൊണ്ട്‌ കുടുങ്ങിയിരിക്കുന്നു..
-ഇബ്രു-

aneel kumar said...

വായിച്ച എല്ലാവര്‍ക്കും നന്ദിപറയുന്നു. ഒപ്പം ഇതെന്റെ അനുഭവമായിരുന്നില്ല എന്നും കൂട്ടിച്ചേര്‍ക്കാം.
പാറ്റകളുമായി ആജീവനാന്തബന്ധം എല്ലാവര്‍ക്കുമുള്ളതുപോലെ എനിക്കുമുണ്ട്.
ഇതിങ്ങനെ എഴുതിയത് കഥയെഴുതുന്നതെങ്ങനെയിന്നറിയാത്തതിനാലായിരുന്നു.
ഇബ്രുവിനു ഞാനൊരു മറുപടിതരാം. പിഫ്‌പാഫ് അടിച്ചിട്ടു പോകാത്തവയെ പിടിച്ചു പടിക്കു പുറത്താക്കുകയോ,
href="http://bbs.chinadaily.com.cn/forumpost.shtml?toppid=22330">ഇവിടെ
ആൾക്കാർ ചർ‍ച്ച ചെയ്യുന്നതു ചെയ്യുന്നതുപോലെ ചെയ്യുകയോ ചെയ്യുക!!
എന്റെ തലയിലെ പാറ്റകളെ വേണമെന്നുള്ളവർ പറയുക പായ്ക് ചെയ്തയച്ചുതരാം.

വായന