Sunday, May 22, 2005

ഇന്റര്‍നെറ്റ്‌ - ഞാന്‍ കണ്ടുപിടിച്ചത്‌.

"അഛ ഇന്റര്‍നെറ്റില്‍ ഇപ്പോ പോകുമോ?"

മിക്കവാറും രാത്രികളില്‍ അടുത്തുവന്ന് ചോദിക്കും.

"എങ്കില്‍...? ഗെയിം ഡൌണ്‍ലോഡ്‌ ചെയ്യണമെന്നുപറയാനല്ലേ?"
അല്ലെങ്കില്‍ ഏതെങ്കിലും നാരങ്ങാമുട്ടായിയുടെ പാക്കിങ്ങില്‍ കാണിച്ചിട്ടുള്ള URL പോയി അതു ചെയ്യാമോ ഇതു ചെയ്യാമോ അവിടെ ക്ലിക്ക്‌ ചെയ്യാമോ എന്നൊക്കെ ചോദിക്കലാണ്‌ കൂടുതലും.

ചെറിയ ക്ലാസുകളിലാണെങ്കിലും അവര്‍ക്ക്‌ ചെയ്യാനായി കിട്ടുന്ന പല പ്രോജക്റ്റുകളും ഇന്റര്‍നെറ്റില്ലായിരുന്നെങ്കില്‍ 'ശൂ' ആയിപ്പോയേനെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നമ്മള്‍ പഠിക്കുന്നകാലത്ത്‌ ഇത്തരം കടന്ന പഠിത്തം ഉണ്ടാവാണ്ടിരുന്നതും നന്നായി എന്ന് 'മറ്റേ പകുതി'. എങ്കില്‍ ഇപ്പോ അവര്‍ക്കിതൊക്കെ കാണിച്ചുകൊടുക്കാനായിട്ട്‌ ജീവിച്ചിരിക്കുമായിരുന്നോ ആവോ.

അതുപോട്ടെ. ഇന്നത്തെ ആവശ്യം വളരെ ലളിതം. "മോണാലിസ പെയിന്റിംഗ്‌ ഏതു മ്യൂസിയത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌?"

"ഇത്രേയുള്ളോ. ഈയിടെയും ആ പെയിന്റിങ്ങിനെപ്പറ്റി ഏതാണ്ട്‌ വാര്‍ത്തയില്‍ കാണിച്ചില്ലേ, ഒരുപാടുപേര്‍ക്ക്‌ കാണാനാവുന്നതരത്തില്‍ ഉയരത്തില്‍ സ്ഥാപിച്ചതായി?"

"ആണോ? ഏതാ മ്യൂസിയം?"

കുഴഞ്ഞില്ലേ... മോണാലിസയെമാതിരി പുഞ്ചിരിച്ചതുകൊണ്ടും ഉത്തരം കിട്ടില്ലന്നു മനസിലായി.
"ഡിക്ഷണറിയോ ഇയര്‍ ബുക്കോ ഒക്കെ നോക്കി ശീലിക്കണം" എന്ന മറുപടിയാവും മകന്‍ ഇത്തവണയും പ്രതീക്ഷിച്ചത്‌.
അതൊരു കമന്റാക്കി പറയാന്‍ അവസരം കൊടുത്തില്ല.

"ഇത്‌ ഞാന്‍ എഴുതി വച്ചേക്കാം. ജലദോഷം പനിയാക്കാന്‍ നിയ്ക്കാതെ പോയിക്കെടന്നൊറങ്ങ്‌."

പുതിയ തലമുറയുടെ വിഷന്‍ മോശമല്ല. മാതാപിതാക്കളുടെ അറിവിന്റെ ചക്രവാളത്തിന്റെ പരിമിതി തൊട്ടുകാണാന്‍ അറിയാം. അല്ലെങ്കില്‍ മോണാലിസച്ചിത്രം ഏതു മ്യൂസിയത്തിലാണെന്നുള്ള ഒറ്റ ചോദ്യം മാത്രം മതിയായിരുന്നില്ലേ? മോണാലിസയുടെ ചിരി ശരിക്കും എന്നെപ്പോലുള്ള മാതാപിതാക്കളെ കളിയാക്കിക്കൊണ്ടുതന്നെയായിരുന്നിരിക്കും. മൂന്നുതരം.

എന്തായാലും ഒരിക്കല്‍ക്കൂടി എനിക്ക്‌ ഇന്റര്‍നെറ്റ്‌ കണ്ടുപിടിക്കാനായി പുരാതനയന്ത്രം ലോഗോണ്‍ തരുന്നതും പ്രതീക്ഷിച്ച്‌ കാത്തിരിക്കട്ടെ...

6 comments:

evuraan said...

പുതിയ തലമുറയെ കണ്ടു പഴയവര്‍ പകച്ചു നില്‍ക്കുക എന്നേര്‍പ്പാടു ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല.

വിഖ്യാതമായ ബോബനും മോളിയും കാര്‍ട്ടൂണിലെ ഒരു രംഗം ഓര്‍മ്മയില്‍ വരുന്നു. ഞളുവയടിക്കുന്ന വക്കീലിനോടു, അപ്പന്റെ പ്രായത്തില്‍ നെഹ്രു ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായിരുന്നു എന്നു പറഞ്ഞു കടന്നു പോയവരെ പോലെയാണു ഒരെ പക്ഷെ നാമെല്ലാവരും...

"ദേ ഈ കല്ല്‍ കണ്ടോ? ഇതെനിക്കു ചെറുപ്പത്തിലും പൊക്കാന്‍ മേലായിരുന്നു, ഇപ്പോഴും പൊക്കാന്‍ മേല..." എന്നു പറഞ്ഞാശ്വസിക്കുന്ന ആശാന്റെ പടവും മനസ്സില്‍ വരുന്നു.

പുതിയ തലമുറ നമ്മളെ ഞെട്ടിപ്പിക്കാതിരിക്കട്ടെ എന്നു നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം...

--ഏവൂരാന്‍.

Paul said...

എവുറാനേ,
പുതിയ തലമുറ നമ്മെ ഞെട്ടിപ്പിക്കുകയല്ലേ വേണ്ടത്‌? നമ്മള്‍ പകച്ചു നില്‍ക്കാതിരിക്കാനുള്ള വഴി നോക്കിയാല്‍ മതിയെന്നു തോന്നുന്നു.

evuraan said...

പകച്ചു നിന്നാലും ഞെട്ടണോ?

തൂക്കിക്കൊല്ലണോ അതോ വെടിവെച്ചു കൊല്ലണോ എന്നു ചോദിക്കുന്നതു പോലാണെങ്കിലും...

--ഏവൂരാന്‍.

Anonymous said...

aaSwaasam, puthiyathonn~ vannallO! aksharam muTTi irikkukayaayirunnu~!

puthiyathalamuRakku nammaL chaviTTupaTikaLallE?

സു | Su said...

അനില്‍ ,
ആ ഇന്‍റ്റര്‍നെറ്റ് നോക്കി വല്ലതും പഠിച്ചു വെച്ചു പറഞ്ഞുകൊടുക്കു . വെറുതെ സമയം കളയാതെ. ഹിഹി.

പിന്നെ, ആ പോസ്റ്റ് ഒരു 50 കമന്റ് തികക്കണം എന്നു ഞാന്‍ കരുതിയതായിരുന്നു. അതു നശിപ്പിച്ചു.

പിന്നേയ് ,
സ്വര്‍ഗം കിട്ടണമെങ്കില്‍ നല്ല വല്ല പണീം ചെയ്യണം . ഞാന്‍ ചെയ്യുന്നതുപോലെ എല്ലാരുടേം ബ്ലോഗ് വായിച്ചു അതിലൊക്കെ ഒരു കമന്റ് വെക്കുക. ഇഷ്ടമായാലും ഇല്ലെങ്കിലും .അവര്‍ക്കും നമ്മള്ക്കും .

aneel kumar said...

ഏവൂരാന്‍,പോള്‍, സൂര്യഗായത്രി,
നന്ദി; വായിച്ചഭിപ്രായം പറഞ്ഞതിന്‌.

എന്റെ പാസ്‍വേര്‍ഡ് തന്നാല്‍ കഴിയുന്നത്ര വേലികളില്‍ എന്റെ കൂടി പേരില്‍ ഓരോ കമന്റുവയ്ക്കാനുള്ള നല്ല മനസ് സൂര്യഗായത്രി (-സു-വിനെക്കാരണം എന്തുമാത്രം കൂടുതല്‍ റ്റൈപ്പ് ചെയ്യേണ്ടിവരുന്നൂന്ന്‍ കണ്ടോ? എങ്കിലും ഇതുതന്നെ നല്ലത്!)യ്ക്കുണ്ടാവുമോ? ചുളുവില്‍ കിട്ടിയാല്‍ സ്വര്‍ഗവും പോരട്ടെ. പിന്നെ ആദ്യത്തെ പോസ്റ്റില്‍ ഇനിയും കമന്റിക്കോ. 100 തികച്ചാലും വിരോധമില്ല....

വായന