ജെമല്‍ (ഗമല്‍)
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
Sunday, August 27, 2006
Wednesday, June 07, 2006
വേഴം
അലാറങ്ങളും സ്നൂസുകളുമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. കിടന്നിട്ടു കാര്യവുമില്ല. എങ്കിലും ഒരു മിനിറ്റൊന്നുകൂടി റിലാക്സ് ചെയ്തില്ലെങ്കില്‍ ദിവസം മുഴുവന്‍ നീളുന്ന തലവേദന ഉണ്ടാവും എന്നങ്ങു സങ്കല്‍പ്പിച്ച് ഒന്നു തിരിഞ്ഞു കിടന്നു.
“പുതിയ നിയമം അറിഞ്ഞില്ലേ? ബ്ലോഗറില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയവരൊക്കെ ഒരു ബ്ലോഗെങ്കിലും ഉണ്ടാക്കിയിരിക്കണം. കൂടാതെ മാസത്തിലൊരു പോസ്റ്റെങ്കിലും ചെയ്യണം. അല്ലാത്തവര്‍ക്കൊന്നും ഐഡി കൊടുക്കില്ല. അവരുടെ വിസ പുതുക്കില്ല.”
നിയമങ്ങള്‍ ഇരുട്ടിവെളുക്കുമ്പോ ഉണ്ടാവുകയും ഇല്ലാതാവുകയും പുതുമയല്ലാത്തതുകൊണ്ട് കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. പക്ഷേ വിസപുതുക്കുന്നില്ലാന്നൊക്കെ പറയുമ്പോള്‍... ലോണ്‍ തീരാതെ കേറിപ്പോവാന്‍ ചെന്നാല്‍ എയര്‍പോര്‍ട്ടീന്നേ തട്ടി അകത്തിടും.എങ്ങിനെയും വിസ ഒന്നു നിലനിര്‍ത്തണം.
പക്ഷേ ആരാണീ വാര്‍ത്ത പറയുന്നത്?അയ്യോ. അത് ഉമേഷ്ജി ആണല്ലോ. ആനപ്പുറത്ത് മോനെയും കെട്ടിപ്പിടിച്ചിരുന്നാണ് ഡയലോഗടി.
അല്ലാ ഇവരെങ്ങനെയാ മുന്‍വാതില്‍ കടന്ന് എന്റെ കിടക്കയ്ക്കരികിലെത്തിയത്?
“എഴിയെടേ ചെല്ലാ”
“ഇപ്പോ പോസ്റ്റുകളൊന്നും ഇല്ലല്ല്... കമന്റുകളടിച്ചു നടന്നാല്‍ മത്യോ അപ്പീ? വ്വാ എന്തരു ചെയ്യാന്‍?”
കറകളഞ്ഞ, ഒന്നാന്തരം എം.റ്റി/മഞ്ജുവാര്യര്‍ ബ്രാന്‍ഡ് മൊഴി വരേണ്ടുന്നിടത്തൂന്ന് തിരുവന്തരത്തെ വേഴം കേട്ട് ഞെട്ടിത്തെറിച്ചു കണ്ണുതുറന്നപ്പോഴുണ്ട് ദേ അദര്‍ ഹാഫുണ്ട് പിന്നീം നിക്ക്‌ന്. ആനപ്പുറത്തല്ല, മുള്ളിന്റെ പൊറത്ത് പിള്ളാര്‍ടെ യൂണിഫോമും തൂക്കിപ്പിടിച്ച്.
---
This part of the സ്വപ്നം was sponsored by: വിശാലന്‍ ഏന്റ് ഉമേഷ്
Thursday, April 20, 2006
ബീ പ്രിപ്പേര്‍ഡ്
പരേഡ് ഉള്ള ദിവസങ്ങളില്‍ എന്‍സീസി കുട്ടികളുടെ എടുപ്പും നടപ്പും പത്രാസുമൊക്കെ ഒന്നു കാണേണ്ടതുതന്നെ.മറ്റുദിവസങ്ങളില്‍ ചെരുപ്പിട്ടു നടക്കാത്തവര്‍ പോലും അന്ന് ബൂട്ടിട്ട് ചരല്‍വഴികളില്‍ കിര്കിര് ഒച്ച കേള്‍പ്പിച്ചു ചെത്തും.
സത്യമാണോന്നറിയില്ല, പരേഡ് ദിവസങ്ങളില്‍ കിട്ടുന്ന, കോവാലയണ്ണന്റെ കടയിലെ ഇഡ്ഡലിയാണ് ചിലരെയെങ്കിലും എന്‍സീസിയിലേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.
എന്തായാലും എന്‍സീസിയില്‍ എടുക്കപ്പെടാന്‍ വേണ്ട ശാരീരികക്ഷമത അന്ന് ഇല്ലാതിരുന്നതിനാല്‍ - ഇന്നുണ്ടോ?- ഇതൊക്കെ വെറും ഷോ എന്നു തള്ളിക്കളയാനായിരുന്നു ഞങ്ങളില്‍ ചില പിള്ളാരുടെ തീരുമാനം. എട്ടാം ക്ലാസില്‍ അങ്ങനെയൊക്കെ കരുതി കഴിച്ചുകൂട്ടിയെങ്കിലും അടുത്ത വര്‍ഷമായപ്പോഴേയ്ക്കും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാലി സാര്‍ സ്കൌട്ടിന്റെ ചാര്‍ജ്ജെടുത്ത് ഞങ്ങളെയും കാന്‍വാസ് ചെയ്യാനെത്തി. എന്‍സീസി പോലെ യൂണിഫോമാദി കാര്യങ്ങള്‍ ഇതിന് സര്‍ക്കാര്‍ തരില്ല എന്നറിയാത്ത ഞങ്ങള്‍ ശിശുക്കള്‍ സന്തോഷത്തോടെ ലിസ്റ്റില്‍ കയറി. പിറ്റേന്നു മുതല്‍ കാര്യങ്ങള്‍ ഓരോന്നായി അറിഞ്ഞുവന്നപ്പോഴേയ്ക്കും ഒരു പിന്മാറ്റത്തിനുള്ള സ്കോപ്പില്ലാതെയായി.
ഒരു തരത്തിലെ ആനുകൂല്യങ്ങളും ഇല്ല എന്നു മാത്രമല്ല ഗ്ലാമറസ് ആയിട്ടുള്ള ആക്റ്റിവിറ്റികള്‍ ഒന്നുപോലും ഇതിലില്ല. ലോഡ് ബേഡന്‍ പവല്‍, മാഡം, ബീ പ്രിപ്പേര്‍ഡ്, റീഫ് നോട്ട്, സ്ക്വയര്‍ നോട്ട്, ബോലൈന്‍, പ്രസിഡന്റ് സ്കൌട്ട് അങ്ങനെ കുറേ വാക്കുകള്‍ പുതുതായി കേട്ടു.
എന്‍സീസിയില്‍ അലറി വിളിച്ചു കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത് ഞങ്ങള്‍ക്ക് ‘അലെര്‍ട്ട്, സ്റ്റാന്‍ഡറ്റീസ്’ എന്നിങ്ങനെ ഉയിരില്ലാത്ത ചില മന്ത്രങ്ങള്‍. ലാഡമൊന്നും വയ്ക്കാത്ത സാധാ ഷൂസിട്ടു നടന്നാല്‍ ഹവായ് ചപ്പലിന്റെയത്ര ഒച്ച പോലുമില്ല.
എങ്കിലും ഒരു കാര്യത്തില്‍ സമാധാനമുണ്ടായിരുന്നു. തോക്കെടുത്തുള്ള തീക്കളി ഇതിലില്ല; കൌതുകകരമായ മറ്റുചില സംഭവങ്ങള്‍ ഉണ്ടുതാനും. മാപ്പുവരച്ച് കോമ്പസ് വച്ചു ദിക്കൊക്കെ കണ്ടുപിടിച്ച് യാത്രചെയ്യാനൊക്കെയുള്ള പരിശീലനം അതിലൊന്നായിരുന്നു. അതില്‍ എല്ലാവരും
മിടുമിടുക്കന്മാരായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ ഞങ്ങളുടെ ബുദ്ധിശക്തി എത്രയുണ്ടെന്നു മനസിലാക്കാം.
വര്‍ഷാവസാനം പൊന്മുടിയില്‍ ഒരാഴ്ച വിപുലമായ ഒരു ക്യാമ്പുണ്ടാവുമെന്നും അതിനുമുമ്പ് നെടുമങ്ങാട് താലൂക്കില്‍ പല ഹൈക്കുകള്‍ നടത്തുമെന്നും അറിയിപ്പുകിട്ടി. ഹൈക്കിന്റെ വിശദ വിവരങ്ങള്‍ സാറ് തികച്ചും രഹസ്യമായി സൂക്ഷിച്ചു. എവിടെ നിന്നു തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരൂഹത്തിനുള്ള ചാന്‍സ് പോലും തന്നില്ല. ഇത്രയൊക്കെ പരിശീലനം കിട്ടിയതല്ലേ. പോരെങ്കില്‍ സ്വന്തം നാട്ടിലല്ലേ. ഒരു കൈ നോക്കാമെന്നുതന്നെ കരുതി. ഒന്നു മാത്രം സാര്‍ പറഞ്ഞു. വൈകുന്നേരം ഞങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ ടെന്റ് കെട്ടി ആഹാരം പാകം ചെയ്തു വിശ്രമിക്കാനുള്ള സ്ഥലമൊക്കെ നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ സാറു റെഡിയാക്കിയിട്ടുണ്ട്.
അങ്ങനെ ഒരു ശനിയാഴ്ച ഉച്ചനേരത്ത് എല്ലാവരും തയാറായി സ്കൂളിലെത്തി. അധികം വൈകാതെ സാറിന്റെ റാലീസൈക്കിള്‍ പാഞ്ഞെത്തി. ഓരോ പട്രോള്‍ ലീഡറുടെയും കൈയില്‍ ഓരോ മാപ്പ് കൊടുത്തു. റാലി പാഞ്ഞു പോയി. മാപ്പുനോക്കിയ ഞങ്ങള്‍ ആനന്ദാതിരേകത്താല്‍ വലഞ്ഞുപോയി.
മഞ്ചറോഡു വഴി ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ വരെയുള്ള വഴി ഒരു നിമിഷത്തിനകം ഞങ്ങള്‍ കണ്ടുപിടിച്ചു, അടുത്തനിമിഷത്തില്‍ കാല്‍നടയായി അങ്ങോട്ടേയ്ക്കു വച്ചുപിടിച്ചു.
ആറര മണിയ്ക്കാണ് അന്തിമലക്ഷ്യത്തില്‍ എത്തിച്ചേരേണ്ട ഡെഡ് ലൈന്‍. ജെ.റ്റി.എസില്‍ എത്തി അധികം കഴിയുന്നതിനുമുമ്പ് സാറെത്തി, അടുത്ത മാപ്പ് തന്നു. എല്ലാവര്‍ക്കും ഇടംകൈ തന്നു. അഭിനന്ദിച്ചു. വളരെ തൃപ്തനായതുകൊണ്ടാവും മൂന്നാമത്തെയും അവസാനത്തേതുമായ മാപ്പും
ഓരോ കവറിലിട്ട് തന്നിട്ടു സാറു പോയി. രണ്ടാമത്തെ മാപ്പിലെ ലക്ഷ്യം കണ്ടിട്ടേ അതു തുറക്കാവൂ എന്ന വാണിംഗും തന്നു.രണ്ടാമത്തെ മാപ്പും ഞങ്ങള്‍ക്ക് ചീളുകേസായിത്തന്നെ തോന്നി. എന്നാല്‍പ്പിന്നെ മൂന്നാമത്തേതും തുറന്ന് ഫൈനല്‍ ഡെസ്റ്റിനേഷന്‍
ഒന്നറിഞ്ഞിട്ടുതന്നെ കാര്യം. യാതൊരു പ്രയാസവും കൂടാതെ, കഴിയുന്നത്ര ഷോര്‍ട്‌കട്ടുകള്‍ ഉപയോഗിച്ച് അങ്ങെത്താമല്ലോ.തുറന്നു. സാറിന്റെ ബുദ്ധിയില്ലായ്മയില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്. അത്ര ദൂരത്തല്ലാതെ കിടക്കുന്ന അരുവിക്കരയാണല്ലോ സാര്‍ തെരഞ്ഞെടുത്തത്. ജലാശയത്തിന്റെ സൂചന പടത്തില്‍ കണ്ടപാടെ എല്ലാവരുടെയും രോമാഞ്ചകുഞ്ചന്മാരായി. വെള്ളിയാഴ്ചകളിലെ നീണ്ട ഉച്ചയൊഴിവിന് വാടക സൈക്കിളെടുത്ത് ഞങ്ങള്‍ പോയ്‌വരാറുള്ള ലോക്കല്‍ ടൂറിസ്റ്റ് പായിന്റ് കം കുടിവെള്ളസ്രോതസ് ഓഫ് തിരുവനന്തപുരം സിറ്റി.
സ്ഥലം കണ്ടുപിടിച്ചുവെങ്കിലും വെപ്രാളപ്പെട്ട് അവിടെ എത്തിച്ചേരേണ്ട ആവശ്യമില്ലെന്നുകണ്ട് ഞങ്ങള്‍ വിധിപ്രകാരമുള്ള രീതി തന്നെ അവലംബിച്ചായിരുന്നു അവിടന്നങ്ങോട്ടുള്ള യാത്ര. മാപ്പു പ്രകാരമുള്ള പാലങ്ങള്‍, പാടശേഖരങ്ങള്‍, പാതകള്‍ ഒക്കെ വലിയ തെറ്റില്ലാതെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നെ കണ്ടെത്താന്‍ കഴിഞ്ഞ വിവരം സാറ് ഞങ്ങളെ വളരെയധികം ചുറ്റിച്ചാണ് ലക്ഷ്യത്തിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നതായിരുന്നു. അതൊരു വെല്ലുവിളിയായെടുത്തു തന്നെ ഞങ്ങളും നീങ്ങി. ഞങ്ങളറിയാതെയെന്നവണ്ണം സമയവും
ഇതിനകം വളരെയധികം നീങ്ങിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഒരു വലിയ മടവയുടെ (മുറിഞ്ഞുപോയ പാടവരമ്പ്) ഇങ്ങേക്കരയിലാണ്. ഒറ്റച്ചാട്ടത്തിന് അതു കടക്കാന്‍ കഴിയുന്ന ആരും കൂട്ടത്തിലില്ല. ഏറ്റവും ഉയരമുള്ള രാധാകൃഷ്ണന്‍ പായ്ക്കുകളെല്ലാം രണ്ടുമൂന്നു ട്രിപ്പായി അക്കരെയെത്തിച്ചു. പിന്നെ ഓരോരുത്തരെയും പിടിച്ചുനടത്തിയും.
മാപ്പെടുത്തുനിവര്‍ത്തി. അടുത്ത ലാന്‍ഡ്‌മാര്‍ക്ക് എവിടെയാവുമെന്നു തപ്പി. ആകെ ഒരു കണ്‍ഫ്യൂഷന്‍. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം പോലും മാപ്പിലെവിടെയാണെന്നു കണ്ടുപിടിക്കാന്‍ പട്രോള്‍ ലീഡര്‍മാര്‍ക്കുപോലും കഴിയാതെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പോരെങ്കില്‍ ഫൈനല്‍ ഡെസ്റ്റിനേഷനില്‍ എത്താനുള്ള സമയമായി വരുന്നു. ഏതായാലും അരുവിക്കര അല്ല സാറുദ്ദേശിച്ചിരുന്നതെന്ന മഹത്തായ ഒരു കണ്ടുപിടിത്തം വൈകിയ വേളയില്‍ ഏതോ ഒരു പട്രോള്‍ സെക്കന്റ് കണ്ടുപിടിച്ചു. മിടുക്കന്‍. ജലാശയമെന്നു സ്ഥലജലഭ്രാന്തിയില്‍ ഞങ്ങള്‍ക്കു തോന്നിയത് അരുവിക്കര ഡാമായിരുന്നില്ല. വേറേതോ സ്ഥലത്തുള്ള ഒരു വലിയ കുളമായിരുന്നു അത്.ഹൈക്ക് ആകെ കുളമായെന്ന സത്യം ഓരോരുത്തരുടെയും മനസില്‍ ഇടവേളയിലെ പരസ്യസ്ലൈഡ് പോലെ തെളിഞ്ഞുവരവേ മടവയുടെ അങ്ങേക്കരയില്‍ റാലീ സൈക്കിളിന്റെ ബെല്‍; ഇടവേള തീരുമ്പോള്‍ തിയറ്ററില്‍ അടിക്കുന്നപോലെ തന്നെ അതും.
സാറെന്താണ് അവിടെ നിന്നു പറഞ്ഞതെന്നോ അതു പറഞ്ഞു തീര്‍ന്നെന്നോ ഞങ്ങള്‍ക്കു മനസിലായില്ല. ഒരദ്ധ്യാപകന്‍ തന്റെ അരുമകളോട് പറയാന്‍ മടിക്കുന്ന വാക്കുകളില്‍ ചിലതൊക്കെ സാര്‍ പ്രയോഗിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്.ഏതായാലും നിമിഷാര്‍ദ്ധത്തില്‍ പരസഹായം കൂടാതെ ഞങ്ങളെല്ലാം മടവ ചാടി മറുകര പൂകി.ആ സാഹസം കണ്ടാവും സാര്‍ അല്‍പ്പം തണുത്തിരുന്നു.
മൂന്നു മാപ്പിന്റെയും കോപ്പികള്‍ വരമ്പത്തു നിരത്തിവച്ച് മങ്ങിയവെളിച്ചത്തില്‍ സാര്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞുതന്നു. ജെറ്റിയെസ് വരെ മാത്രമേ ഞങ്ങള്‍ അതനുസരിച്ചുള്ള വഴിയ്ക്കു നീങ്ങിരുന്നുള്ളൂ എന്ന സത്യം സാര്‍ ഞങ്ങള്‍ക്കൊരു വെളിപാടുപോലെ തന്നു.
അതിന്റെ തേജസില്‍ വിളറിയ ഞങ്ങള്‍ ചോദിച്ചു, “അപ്പഴീ കൊളം എവിടെയാണു സാറേ, ജലാശയം...?”
“കൊളം! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. എടാ അതു കൊളമൊന്നുമല്ല, രാമപുരം സ്കൂളിന്റെ മുന്നിലെ വയലീന്ന് കട്ടയ്ക്കു മണ്ണെടുത്ത വെള്ളക്കെട്ടാണ്” “അവിടന്ന് ഒന്നൊന്നരക്കിലോമീറ്റര്‍ നടന്ന് തിരിച്ചിട്ടപ്പാറേടെ അടുത്ത് നിങ്ങളെത്തുന്നതും കാത്തിരുന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും ഇന്നിനി അവിടെയെത്താന്‍ പറ്റില്ല. നീയൊക്കെ ഇന്ന് സ്കൂളില്‍ കിടന്നുറങ്ങിയ്ക്കോ. വെളുപ്പിന് അവനോന്റെ വീട്ടില്‍ പൊയ്കോ”
അരുവിക്കര എവിടെക്കിടക്കുന്നു, തിരിച്ചിട്ടപ്പാറ എവിടെ. എവിടെയാണാവോ ഞങ്ങള്‍ക്ക് തെറ്റിയത്.
Sunday, February 26, 2006
ഗൂഗിള്‍ മലയാളത്തില്‍ : Malayalam Google Interface
Saturday, January 07, 2006
പൂച്ചകള്‍
മിടുക്കനും സാഹസികനുമായ ആ പൂച്ചയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത അമേരിക്കാക്കാര്‍ (ഏഷ്യാനെറ്റും) നമ്മുടെ നാട്ടിലെ ട്രക്കര്‍/ജീപ്പ് എന്നിവയില്‍ പറ്റിപ്പിടിച്ചിരുന്ന് നൂറുകണക്കിനു മൈലുകള്‍ ദിനവും താണ്ടുന്നവരെയൊന്നും കണ്ടിട്ടില്ലായിരിക്കും എന്നു സമാധാനിച്ചു.
ജ്വാലിയ്ക്കെത്തിയപ്പോഴാണടുത്ത മനസ്സമാധാനക്കേട്.
വൈദ്യന്മാര്‍ തലങ്ങും വിലങ്ങും ഗൂഗ്ലിങ്ങും മെയില്‍ തുറക്കലും നടത്തി കുരുക്കുന്ന നെറ്റ്വര്‍ക്കില്‍ മൈക്രോസോഫ്റ്റിന്റെ വാതില്‍പ്പഴുത് എന്തു കുണ്ടാമണിയാണുണ്ടാക്കുയെന്ന് വേവലാതിപ്പെട്ട് നെറ്റ് കണക്ഷന്‍ ഒന്നു നിര്‍ത്തിച്ചിട്ട് ഒരു സര്‍വാണി പാച്ച് സദ്യ നടത്താന്‍ നോക്കി; ആട്ടോ അപ്‌ഡേറ്റൊക്കെ ആയിവരാന്‍ നേരമെടുക്കും.
എലിയുടെ പ്രാണവേദനയ്ക്കിടെ തന്നെ പൂച്ചവൈദ്യന്മാര്‍ക്ക് ബാങ്ക് സൈറ്റില്‍ ലോഗിന്‍ ചെയ്ത് സാലറി എത്തിയോന്നു നോക്കണം, അല്ലെങ്കില്‍ ഇ-ട്രേഡിലെ നിലവാരം അറിയണം. അത്തരം കളികളൊക്കെ ഈ പാച്ചൊന്നു പറ്റിച്ചിട്ടാവാമെന്നു പറഞ്ഞാല്‍ മനസിലാവില്ലെങ്കില്‍ അനുഭവിക്കട്ടേന്നു കരുതി നെറ്റ് കണക്ഷന്‍ ഓണാക്കിക്കൊടുത്തു.
കാത്തിരിപ്പു സമയം, WMF vulnerability പുറം ലോകത്തെങ്ങനെ ബാധിച്ചെന്നു യാഹു വാര്‍ത്ത പറയുന്നൂന്നറിയണമല്ലോന്നു കരുതി അവിടെച്ചെന്നപ്പോഴുണ്ട് ദാ പിന്നെയുമൊരു പൂച്ച! Cat dials 911, saves man's life
‘Hero’ cat apparently dials 911 to help owner
Wednesday, December 14, 2005
പുട്ടടി
പുട്ട്-പയര്‍-പപ്പടം നല്ല ചേരുവ തന്നെയാണ്.
‘നമ്മളവിടെ’ ഒരു വ്യത്യാസമുള്ളത്, പുട്ട് അവിയ്ക്കലാണ്; ചുടലില്ല.
പുട്ടൊരു മഹാനാണെങ്കിലും പ്രാതലിനതു കിട്ടുമ്പോള്‍ മിക്കപ്പോഴും മുഴുവന്‍ കഴിക്കാനോ ആസ്വദിക്കാനോ പറ്റാറില്ല. ജോലിയ്ക്കു കയറേണ്ട സമയമൊക്കെ ആവുമ്പോഴേയ്ക്കുമാണ് പുട്ടിന്റെ മുന്നില്‍ എത്തുന്നതെന്നതു തന്നെ കാരണം. കുട്ടിക്കാലത്തുമുതല്‍ ഇന്നുരാവിലെ വരെയും ഈ വിധി മാറ്റമില്ലാതെ തുടരുന്നു. പുട്ടുണ്ടാക്കുന്ന ദിവസം മിക്കവാറും ലേറ്റായിട്ടാവും പ്രഭാതകര്‍മ്മവണ്ടി ഓടുക.
ഇതൊക്കെ കാരണം പ്രവാസത്തില്‍ പുട്ട് - പിട്ട് എന്നാണ് ‘മറ്റേമ്മ‘ (അമ്മയുടെ അമ്മ) പറയുമായിരുന്നത് - രാത്രി മെനുവിലാണ് കൂടുതലും സ്ഥാനം പിടിക്കുക.
മിക്കവാറും സഹയാത്രികര്‍ മേല്‍പ്പറഞ്ഞവരാവുകയുമില്ല. മറിച്ച്, മീന്‍ കറി, സ്റ്റൂ (ഇഷ്ടു!) അങ്ങനെ എന്തെങ്കിലും ആയിരിക്കും.
അരിപ്പൊടി (വെള്ള, ചമ്പാ അല്ലെങ്കില്‍ രണ്ടും), ഗോതമ്പുപൊടി (തനിച്ച അല്ലെങ്കില്‍ അരിപ്പൊടിയൊപ്പം) എന്നിങ്ങനെയൊക്കെ വിവിധങ്ങളായ ചേരുവകളുടെ പരീക്ഷണശാലകള്‍ അടുക്കളയിലും പിന്നെ വയറ്റിലും സ്ഥാപിതമാവാറുമുണ്ട്.
അഛന്റെ അമ്മ ജീവിച്ചിരുന്ന കാലത്തെ പുട്ടോര്‍മ്മ കൂടി പറയാതെ വയ്യ. പള്ളിക്കൂടത്തില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്കൊക്കെ എത്തിക്കഴിഞ്ഞാല്‍ വള്ളിനിക്കറും കയറ്റി അമ്മൂമ്മയുടെ അടുക്കള വഴിയൊക്കെ ഒരു കറക്കമുണ്ട്. ‘രാവിലത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?’ന്നൊരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു പാത്രത്തില്‍ ഒരു കഷണം പുട്ടും ചോണനുറുമ്പുകളുടെ ഒരു പടയും ഇരിപ്പുണ്ടാവും. തട്ടിയിടേണ്ട താമസം അവന്മാര്‍ ഓടിപ്പോവും; ഞൊടിയിടയ്ക്കുള്ളില്‍ സ്വാദേറിയ പുട്ട് വയറ്റിലേയ്ക്കും.
അമ്മൂമ്മയുടെ ഡയലോഗ് കാലക്രമത്തില്‍ ചെറുമക്കള്‍ അല്‍പ്പം ഭേദഗതി വരുത്തി ഇങ്ങനെ അവതരിപ്പിക്കാറുമുണ്ട്. ‘കഴിഞ്ഞാഴ്ചത്തെ ഇത്തിരി പുട്ടിരിക്കണത് എടുക്കട്ടാ?”
Thursday, December 08, 2005
ഫ്രീ
പറഞ്ഞ വിവരം ഇതാണ്. 4444444 എന്ന നമ്പരിലേയ്ക്ക് ഒരു ബ്ലാങ്ക് എസ്സെമ്മെസ് അയച്ചാല്‍ മൊബൈല്‍ ഫോണിന്റെ ക്രെഡിറ്റില്‍ കുറഞ്ഞത് ദി.10 എങ്കിലും കൂടുമെന്ന്. ഭാഗ്യമുണ്ടെങ്കില്‍ അത്
വലിയ ഒരു തുക തന്നെയാവാം. അല്ലെങ്കില്‍ പലതവണ ചെയ്ത് ആയിരങ്ങള്‍ തന്നെ ഉണ്ടാക്കാം!!!
മുമ്പും ഇങ്ങനെ പല കളികളും കേട്ടിട്ടുള്ളതുകൊണ്ടും എറ്റിസലാറ്റിന്റെ യന്ത്രങ്ങള്‍ ഓരോ അക്കൌണ്ടിന്റെ ട്രാക്കിങ്ങും തീര്‍ച്ചയായും രേഖപ്പെടുത്തും എന്നത് അറിയുന്നതു കൊണ്ടും ചങ്ങാതിയോടുപദേശിച്ചത് ഈ കളി കളിക്കണ്ട എന്നായിരുന്നു.
പിറ്റേന്നു രാവിലെ അറിഞ്ഞു പലരും ഉയര്‍ന്ന ബാലന്‍സുകള്‍ അക്കൌണ്ടില്‍ ഉണ്ടാക്കിയെന്ന്.
നാട്ടിലേയ്ക്കൊക്കെ വിളിച്ച് അത് മുതലാക്കിയവര്‍ ഏറെ താമസിയാതെ തന്നെ വിവരവും അറിഞ്ഞു.എത്ര തുകയായിരുന്നു കാര്‍ഡില്‍ വര്‍ദ്ധിച്ചത് അത്രയോ അതിലും കൂടുതലോ തുക ആ നമ്പരുകളുടെ അക്കൌണ്ടുകളില്‍ റിവേഴ്സ് ചെയ്യപ്പെട്ടു, അന്നു തന്നെ.
ഫലം, ‘പറ്റിച്ചുണ്ടാക്കിയ’ ക്രെഡിറ്റുപയോഗിച്ചു വന്‍ വിളി വിളിച്ചു മുതലാക്കിയ പലര്‍ക്കും ബാലന്‍സ് മെനസ് ഫിഗര്‍ ആയി. കളി എറ്റിസലാറ്റിനോടു വേണ്ട എന്നര്‍ഥം.
ഇതിനെപ്പറ്റി ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല എന്നാണറിയുന്നത്.
Thursday, December 01, 2005
“എന്റെ പോക്കറ്റടികൾ“
ഒരിക്കൽ ഒരു സുഹൃത്തുമൊന്നിച്ച് പ്രൈവറ്റ് ഡി.റ്റി.സി-യിൽ യാത്ര ചെയ്യുന്നു. ആൾക്ക് ശമ്പളം
കിട്ടിയദിവസം. ബസിൽ നടവഴിയ്ക്കരികിലെ സീറ്റും കിട്ടി. 20 മിനിറ്റിന്റെ യാത്രയ്ക്കിടെ ആൾ അല്പമൊന്നു മയങ്ങിക്കാണും. ഇറങ്ങിക്കഴിഞ്ഞ് പോക്കറ്റുതപ്പിയ സുഹൃത്തിന് അവിടെ ഒന്നും കാണാൻ പറ്റിയില്ല. പറ്റിപ്പോയി. അന്നെനിക്കു മനസിലായി ഈ വിരുതന്മാർ ചില്ലറക്കാരല്ല.
എങ്കിലും എന്നെ ഇതുവരെ അവർക്ക് അടിക്കാൻ പറ്റിയില്ലല്ലോ എന്ന അഹങ്കാരമായിരുന്നു.
ആ അഹങ്കാരം അധികം നീണ്ടുനിന്നില്ല. അടുത്തൊരു നാൾ തന്നെ ഡി.റ്റി.സി ബസിൽ തന്നെ നിന്നു യാത്ര ചെയ്യുന്നു. ഹരിനഗറിൽ ഞാനിറങ്ങേണ്ട സ്റ്റോപ്പെത്തുന്നതിനു തൊട്ടു മുമ്പൊരു റൌണ്ട് കറങ്ങിയാണ് വരേണ്ടത്. ആ ചരിഞ്ഞുചുറ്റലിനിടെ ഒരാൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഒന്നു സ്പർശിച്ചപോലെ തോന്നി.
ആളെ കണ്ടു; പോക്കറ്റിൽ നിന്ന് ചില്ലറ നോട്ടുകൾ ഉണ്ടായിരുന്നതും ചില അവശ്യവിവരങ്ങൾ
അടങ്ങിയ തുണ്ടുകടലാസുകളും അപ്രത്യക്ഷമായതും അറിഞ്ഞു. ഇറങ്ങിയശേഷം പ്രതിയോട് ആ കടലാസുകളെങ്കിലും തരാൻ അഭ്യർഥിച്ചു. പ്രതി അപകടകാരിയല്ല എന്നും സൈക്കിൾ റിക്ഷക്കാരനോ മറ്റോ പാർട് റ്റൈം ജോബിനിറങ്ങിയതാണെന്നും തോന്നി. അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു സാഹസത്തിനു മുതിരില്ലായിരുന്നു. പോക്കറ്റടിക്കാർ കത്തിയും തോക്കുമൊക്കെ കൊണ്ടുനടക്കുന്നവരാണെന്നാണല്ലോ കഥകൾ. ഞാൻ മനസിലാക്കിയെന്നറിഞ്ഞാവണം തൊണ്ടി അതിനകം കൈമാറപ്പെട്ടിരുന്നു. റോഡിനു മറുവശം പോയിട്ട് രണ്ടാം പ്രതിയിൽ നിന്ന് ചില്ലറ ഒഴികെയുള്ള കടലാസുകൾ എന്നെ ഭദ്രമായി ഏൽപ്പിച്ച് പ്രതികൾ രണ്ടും അടുത്ത ബസിൽ ചാടിക്കയറിപ്പോയി. ഒന്നും സംഭവിക്കാത്തപോലെ ഞാൻ റൂമിലേയ്ക്കും.
പിന്നീട് ചിരപരിചിതമായ സ്ഥലത്തു വച്ചാണ് ഇക്കൂട്ടർ എന്നെ ശരിക്കും വഹിച്ചത്.
1989-ൽ യുനെസ്കോയുടെ തിരുവനന്തപുരത്തുവച്ചു നടന്ന ഒരു വർൿഷോപ്പിന്റെ ഡോക്കുമെന്റേഷൻ ജോലികളിൽ ഒരാഴ്ചയോളം പ്രവർത്തിച്ചതിന് Ms. Namtip Aksornkool എന്നുപേരുള്ള Programme Specialist പേരെഴുതിയ ഒരു കവറിലിട്ട് 100-ന്റെ പത്തു നോട്ടുകൾ തന്നു.
സന്തോഷം പങ്കുവയ്ക്കാനായി സുഹൃത്തുമൊത്ത് പാഞ്ചാലി യിൽ കയറി.
ശമ്പളം കിട്ടിയതിന്റെ ബാക്കി കൈയിലുള്ളതിനാൽ കവർ തുറക്കാതെ തന്നെ ബില്ലൊക്കെ സെറ്റിൽ ചെയ്തു.
പതിവായി യാത്രചെയ്യാറുള്ള കല്ലാർ ബസിൽ കയറാൻ വലിയ തെരക്കൊന്നുമില്ലായിരുന്നു. കയറി സീറ്റിൽ ഇരുന്നപ്പോഴേയ്ക്കും കണ്ടക്റ്റർ വന്നു ടിക്കറ്റ് തന്നു. അതിനും കാശ് വേറെ ചില്ലറയിൽ നിന്നു കൊടുത്തിട്ട് വെറുതേ പിൻപോക്കറ്റിൽ ഒന്നു തപ്പി. അതിൽ കവർ പോയിട്ട് അതിന്റെ പൊടി പോലുമില്ല. ബസ് നീങ്ങിത്തുടങ്ങിയിരുന്നു. പങ്കുവച്ച സന്തോഷമൊക്കെ ഒരാളലായി മാറി. എത്രയും വേഗം കണ്ടക്ടറോടു കാര്യം പറഞ്ഞു. അവിടെത്തന്നെയുള്ള പോലീസ് ഐഡ് പോസ്റ്റുകാർ ഒരു ചെക്കിങ്ങ് നടത്തിയെങ്കിലും ഒരു തുമ്പുമില്ലാത്ത പരാതികളുടെ കൂനയിലേയ്ക്ക് എന്റെ കേസും വീണുപോയി.
അവരുടെ മുഖത്തൊരു പുഞ്ചിരി കണ്ടോന്നൊരു തോന്നൽ. ‘നിന്റെ നൂറിന്റെ നോട്ടുകളുടെ ഷെയർ ഞങ്ങൾക്ക് ഏതാനും നിമിഷങ്ങൾക്കകം കിട്ടും മോനേ’ എന്ന് അവർ പറയുന്നപോലെ തോന്നി.
‘ബസിൽ കയറാൻ നേരം ആരെങ്കിലും വഹിച്ച് സ്ഥലം വിട്ടുകാണും’ എന്നാണവർ പക്ഷേ വിധി പറഞ്ഞത്.
അങ്ങനെ വിലപ്പെട്ട ഒരാഴ്ചയുടെ അദ്ധ്വാനം അതിനിടെ കിട്ടിയ സ്റ്റാർ ഭക്ഷണങ്ങളിൽ ഒതുങ്ങി.
കല്ലാർ ബസ് നെടുമങ്ങാട് ലക്ഷ്യമാക്കി നീങ്ങി.
Thursday, November 24, 2005
പുതിയ വെല്ലുവിളികൾ
ഇപ്പോഴിതാ അടുത്ത ഘട്ടം വരുന്നു.
ആന്റിവൈറസ്, ഫയർവാൾ, ബാക്കപ്പ്, മീഡിയ പ്ലെയേഴ്സ് തുടങ്ങിയുള്ള അപ്പ്ലിക്കേഷനുകൾക്കു നേരെയാണത്രേ ഇനി പുതിയ വെല്ലുവിളികൾ.
ഇന്നലെ പേടിച്ചോടിയ ഒരദ്ധ്യക്ഷൻ പറഞ്ഞപോലെ കിടക്കയ്കടിയിലെ മൂർഖൻ പാമ്പുകൾ തന്നെയാണിനി കൊത്താനിറങ്ങുക.
Tuesday, November 22, 2005
ചൊറയെന്നാൽ...
സബ്ജെക്റ്റ് : EIM removed a virus(es) from this message, it is safe to check the message/attachment(s)
മിക്കവയിലെയും മെസേജ് ഇതിൽ പറയുന്നപോലൊക്കെത്തന്നെ.
ഇത്രയധികം മെയിലുകൾ ഒറ്റദിവസം കൊണ്ട് അയച്ചുതന്ന ഒരു ഇമെയിൽ വൈറസും ഇതുവരെ എറ്റിസലാറ്റ് കണ്ടിട്ടുണ്ടാവില്ല.
ഇക്കാരണം കൊണ്ട് ഒരേ ഡൊമൈനിൽ നിന്നുള്ള മെയിലുകൾ പോലും രണ്ടുമണിക്കൂറൊക്കെ വൈകിയാണ് കിട്ടുന്നത്. വിൻഡോസ് ഉപയോഗിക്കുന്നവർ ശരിയായ സെക്യുരിറ്റി അപ്ഡേറ്റ്സ്, ‘ജീവനുള്ള’ ആന്റിവൈറസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഐ.എസ്.പികൾ എല്ലാ മെയിലുകളിലെയും വൈറസിനെ നീക്കിയിട്ടേ നമുക്കു തരൂ എന്ന് ഒരിക്കലും ഉറപ്പാക്കാനാവില്ലല്ലോ.
w32.sober.x @ mm (Symantec)
W32/Sober @ MM!M681 (McAfee)
Saturday, October 29, 2005
ലുലു റമദാൻ സെയിൽബ്രേഷൻ
പക്ഷേ ഇത്തവണ ലുലു ഒക്ടോ: 5 മുതൽ ഡിസ: 5 വരെ ഓരോ നൂറു ദിർഹംസിന്റെ പർച്ചേസിനോടുമൊപ്പം കൊടുക്കുന്ന കൂപ്പണുകൾ വീഴ്ത്താൻ പോകുന്നത് 10 ഭാഗ്യശാലികളെയാണ്.
അവരുടെ ഒരുവർഷത്തെ;
വീട്ടുവാടക (Aed.30,000 - 60,000)
കുട്ടികളുടെ സ്കൂൾ ഫീസ് (Aed.12,000 - 24,000)
വൈദ്യുതി-വെള്ളം ബില്ല് (Aed.7,200)
ടെലിഫോൺ ബില്ല് (Aed.3,600)
പെട്രോൾ ബില്ല് (Aed.6,000)
ഷോപ്പിങ്ങ് ബില്ല് (Aed.24,000 worth Lulu shopping vouchers)
എന്നിവയെല്ലാം ലുലു കൊടുക്കും.
"ശമ്പളം മുഴുവൻ സമ്പാദിക്കൂ”
“സൌജന്യമായി ജീവിക്കൂ”
എന്നൊക്കെയാണു തലവാചകങ്ങൾ.
ഇതിൽ ‘ഒന്നെങ്കിലും‘ കിട്ടണേ എന്ന് എല്ലാരും ആഗ്രഹിക്കും.
കിട്ടിയാൽ വലിയ നഷ്ടമാണെന്നു കരുതുന്നവരും ഇല്ലാതില്ല;
അവസാനത്തെ ഐറ്റം കമ്പനിയെ വഹിച്ചും മറ്റുള്ളവ കമ്പനി അറിഞ്ഞു കൊടുത്തും ജീവിതം തള്ളിനീക്കുന്ന പാവങ്ങളാണവർ!
-----------------------
അടിക്കുറിപ്പ്: ഇത് ലുലുവിന്റെ ഒരു പരസ്യമല്ല.
Thursday, October 13, 2005
Monday, September 26, 2005
photos1.blogger.com
അതിലൂടെ ഒരു ഇമേജ് പോലും കാണാൻ നേരായവഴിക്ക് പറ്റില്ലായിരുന്നു.
ആ മല അലിഞ്ഞലിഞ്ഞ് സമതലമൊന്നുമായില്ല. എങ്കിലും ഓണക്കാലത്ത് എന്തൊക്കെയോ സംഭവിച്ചു.
ഒരിടത്തും വിശദവിവരങ്ങൾ കിട്ടാനില്ല; പക്ഷേ ഈകമ്പനി ബ്ലോഗർചിത്രജാലകം മലർക്കെ തുറന്നിട്ടിരിക്കുന്നു.
ഈ അവസരം മുതലാക്കി ദാ ഒരു കൊച്ചു ചിത്രം. എന്നാണീ ജാലകം വീണ്ടും കൊട്ടിയടയ്ക്കുകയെന്നറിയില്ലല്ലോ.
(ഇവിടെഫുജൈറ ചിത്രം http://www.globalsecurity.org/military/facility/images/fujairah-sky.jpg)
Friday, September 09, 2005
ആശാൻ
Monday, September 05, 2005
ചർച്ച.
- നമ്മുടെ ആൾക്കാരെ ഒക്കെ എന്നും ശത്രുക്കളായിക്കണ്ട് ദ്രോഹിക്കുന്നവർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് കട്രീന.
- എത്രായിരം പേരെയാ കൊന്നൊടുക്കിയത്, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും?- അവന്റെ നോട്ടിൽ കണ്ടില്ലേ “ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു” എന്നാണ് വെണ്ടയ്ക്കയിൽ എഴുതി വച്ചിരിക്കുന്നത്.
- എന്നിട്ടു ചെയ്യുന്നത് മറ്റുള്ളവരെയെല്ലാം ദ്രോഹിച്ച് അധികാരം സ്ഥാപിക്കാനുള്ള ശ്രമം. ഏതു ദൈവം ഇതെല്ലാം പൊറുക്കും?
മരണം ആർക്കും സ്വന്തമല്ല, എല്ലാവരുടെയും ഒപ്പമുണ്ടുതാനും.
Saturday, August 27, 2005
പഠിപ്പ്
അദ്ദേഹം ഇതൊന്നും കാണാൻ ജീവിച്ചിരിപ്പില്ലല്ലോ എന്നുള്ളതാണ് ഏക ആശ്വാസം.
ഓരോ പഠിപ്പുകൾ! സ്റ്റാറ്റസ്സിന്റെ പേരും പറഞ്ഞ് കൊച്ചുമകനെ നാലാം വയസ്സിൽ ദൂരെയുള്ള ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തതാണ്.
ഇവിടെ അഗ്രഹാരത്തിനടുത്ത് ഏതെങ്കിലും പള്ളിക്കൂടത്തിൽ മതി എന്ന് അദ്ദേഹവും ഞാനും അന്ന് എത്രയോ പറഞ്ഞതാണ്.
നമ്മളൊന്നും ജീവിച്ച കാലമല്ല ഇപ്പോ.
എല്ലാത്തിനും മത്സരം ആണ്.
നാട്ടിൻപുറത്തെ പഠിപ്പുംകൊണ്ട് ചെന്നാൽ എവിടേയും ജോലി കിട്ടില്ല.
മകനും മരുമകളും നിരത്തിയ കാരണങ്ങൾ പലതാണ്.
എന്നാൽ വർഷത്തിൽ രണ്ടു പ്രാവശ്യം അവധിക്കുവരുമ്പോഴെങ്കിലും സ്വന്തം ഭാഷയും സംസ്കാരവും മനസ്സിലാക്കിക്കൊടുക്കാൻ അപ്പാവോ അമ്മാവോ തുനിഞ്ഞില്ല.
താൻ എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ തുടങ്ങിയാൽ തന്നെ
‘പാട്ടീ ഉന്നുടെ കാലമെല്ലാം പോയാച്ച്. ഇന്ത കാലത്തിലേ സ്റ്റൈൽ താൻ മുഖ്യമാന വിഷയം‘
എന്നാ കൊച്ചുമോൻ പറഞ്ഞത്.
സ്റ്റൈൽ!
അതു കണ്ടിട്ടു മതിയായി. എല്ലാം പോട്ടെ.
ഇന്നലെ അയ്യർ വന്നിട്ട് പറഞ്ഞ് പോയപ്പോഴാണു സ്റ്റൈലിന്റെ കാര്യം തികഞ്ഞത്.
“എന്നാ അക്കാ ഇങ്കെയെല്ലാം ആച്ച്. ഇനി സൊല്ലി എന്ന പ്രയോജനം.
ആനാ ഇന്തമഠത്തിലേ പയ്യൻ ഇപ്പടിയെല്ലാം സെയ്യലാമാ.?”
“എന്നാച്ച്? സൊല്ലിയാ താനേ തെരിയും?” പാട്ടിക്ക് അരിശം വന്നു.
ഉങ്ക ചിന്ന പയ്യൻ എന്നുടെയ റ്റീ സ്റ്റാളുക്ക് വന്ത് എല്ലാരുക്കും മുന്നാടി “ഇങ്കെ എന്ത ബ്രാൻഡ് കള്ള് കിടയ്ക്കും എന്ന് കേട്ടാച്ച്.“
“കടവുളേ.. അങ്കെയെല്ലാം സെയ്താച്ചാ അവ?“
“ഇത് വന്ത് ഒരു ചിന്ന ടീസ്റ്റാൾ . ഇങ്കെ കള്ള് ഒന്നുമേ കെടയാത്. ഇങ്കെ വന്തു അതെല്ലാം കേക്കലാമാ എന്ന് നാൻ സൊല്ലിയാച്ച്.“
“പിന്നെ മാമാ ഏതുക്കു ഇങ്കെ ‘ബ്രാഹ്മണർ കൾ സാപ്പിടൂം ഇടം‘ എന്ത ബോർഡ് വെച്ചിരിക്ക്? ഇതു താനേ ഉൻ പേര സൊല്ലിയാച്ച്.“
“അവനുക്ക് തമിൾ തെരിയവേ ഇല്ലൈ . എന്നാ കാലം ആയിപ്പോച്ച്. അവനുടയ അപ്പാ അമ്മാക്കിട്ടെ താൻ ഇതെല്ലാം സൊല്ലവേണ്ടിയത്. ആനാ അവ ഒണ്ണുമേ സെയ്യപ്പോകറ്തില്ലേ.“
അയ്യർ വിഷമത്തിൽ പറഞ്ഞ് പോയപ്പോൽ മുതൽ പാട്ടിക്ക് ദേഷ്യം വന്നതാണ്.
എന്തായാലും നാടുകാണാൻ പോയവർ തിരിച്ച് വന്നിട്ട് ചോദിക്കാം എന്ന വിചാരത്തിൽ അമ്മാൾ ഇരിക്കുകയാണ്.
ആലോചിക്കുമ്പോൾ ദേഷ്യം അടക്കാൻ വയ്യ.
എന്തു ചെയ്യാൻ?....
Wednesday, August 24, 2005
Ambitions
മൂക്കുന്നിമലയിലെങ്കിലും തപ്പിപ്പിടിച്ചു കയറാം
യൂണിക്കോഡിൽ അഞ്ജലിയിൽ ബ്ലോഗാൻ ആശിക്കൂ;
മാതൃഭൂമിയുടെ വികലമായ ഫോണ്ടെങ്കിലും വഴങ്ങും.
ഒരു G5 ന് ആഗ്രഹിക്കൂ;
ഒരു 486 എങ്കിലും കിട്ടും.
ഒപ്പം OS X സ്വപ്നം കാണൂ;
DOS 6.2 എങ്കിലും കിട്ടും.
സലീൻ എസ്-7 കാറിന് ആഗ്രഹിക്കൂ;
ഒരു കം മർറ പീപ്പി കാറെങ്കിലും വാങ്ങാം.
വരമൊഴി പോലുള്ള ഒരു പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കൂ;
ഒരു എക്സൽ ഫോർമുല ഇടാനെങ്കിലും പഠിക്കാം
സീയെംഡി ആകാൻ പ്രയത്നിക്കൂ;
ഓഫീസ് ബോയ് എങ്കിലും ആയേക്കാം.
മറ്റുള്ളവരുടെ മനസ്സ് കാണാൻ ശ്രമിക്കൂ;
നിങ്ങളുടെ മനസ്സ് അവിടൊക്കെയും കാണാം.
Friday, August 19, 2005
കമന്റ് സ്പാം
അതുവരുന്നതുവരെ കമന്റ് സെറ്റിങിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നെന്നു തോന്നുന്നു. ലോഗിൻ ചെയ്യാൻ മടിയുള്ള കൂട്ടുകാർക്കിത് ഒരുപക്ഷേ രസിക്കില്ല. എന്നാലും...
- Sign in to http://www.blogger.com/ & goto Settings->Comments
- Select "Only Registered Users" for the question "Who Can Comment?"
- Select "Yes" for the question "Show word verification for comments?"
- Click "Save Settings" button below
- Click "Republish" button
Tuesday, August 16, 2005
ദയവായി സഹായിക്കൂ...
അതിലെ വിസിവിഗ് സൌകര്യങ്ങളൊന്നും കിട്ടുന്നില്ല.
(കാര്യമറിഞ്ഞാൽ നോക്കാമെന്ന് ഒരാളെങ്കിലുമേറ്റ നിലയ്ക്ക് അതിവിടെ കാണിക്കുന്നു.)
ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഇത്തരത്തിൽ എന്നോടു പെരുമാറുന്നത്. ഫയർ ഫോക്സ് നല്ലവൻ :)
Windows 2000 SP4
IE6
നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും ആദ്യമേ നന്ദി.
