അക്ഷരം
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
Sunday, August 27, 2006
Wednesday, June 07, 2006
വേഴം
അലാറങ്ങളും സ്നൂസുകളുമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. കിടന്നിട്ടു കാര്യവുമില്ല. എങ്കിലും ഒരു മിനിറ്റൊന്നുകൂടി റിലാക്സ് ചെയ്തില്ലെങ്കില്‍ ദിവസം മുഴുവന്‍ നീളുന്ന തലവേദന ഉണ്ടാവും എന്നങ്ങു സങ്കല്‍പ്പിച്ച് ഒന്നു തിരിഞ്ഞു കിടന്നു.
“പുതിയ നിയമം അറിഞ്ഞില്ലേ? ബ്ലോഗറില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയവരൊക്കെ ഒരു ബ്ലോഗെങ്കിലും ഉണ്ടാക്കിയിരിക്കണം. കൂടാതെ മാസത്തിലൊരു പോസ്റ്റെങ്കിലും ചെയ്യണം. അല്ലാത്തവര്‍ക്കൊന്നും ഐഡി കൊടുക്കില്ല. അവരുടെ വിസ പുതുക്കില്ല.”
നിയമങ്ങള്‍ ഇരുട്ടിവെളുക്കുമ്പോ ഉണ്ടാവുകയും ഇല്ലാതാവുകയും പുതുമയല്ലാത്തതുകൊണ്ട് കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. പക്ഷേ വിസപുതുക്കുന്നില്ലാന്നൊക്കെ പറയുമ്പോള്‍... ലോണ്‍ തീരാതെ കേറിപ്പോവാന്‍ ചെന്നാല്‍ എയര്‍പോര്‍ട്ടീന്നേ തട്ടി അകത്തിടും.എങ്ങിനെയും വിസ ഒന്നു നിലനിര്‍ത്തണം.
പക്ഷേ ആരാണീ വാര്‍ത്ത പറയുന്നത്?അയ്യോ. അത് ഉമേഷ്ജി ആണല്ലോ. ആനപ്പുറത്ത് മോനെയും കെട്ടിപ്പിടിച്ചിരുന്നാണ് ഡയലോഗടി.
അല്ലാ ഇവരെങ്ങനെയാ മുന്‍വാതില്‍ കടന്ന് എന്റെ കിടക്കയ്ക്കരികിലെത്തിയത്?
“എഴിയെടേ ചെല്ലാ”
“ഇപ്പോ പോസ്റ്റുകളൊന്നും ഇല്ലല്ല്... കമന്റുകളടിച്ചു നടന്നാല്‍ മത്യോ അപ്പീ? വ്വാ എന്തരു ചെയ്യാന്‍?”
കറകളഞ്ഞ, ഒന്നാന്തരം എം.റ്റി/മഞ്ജുവാര്യര്‍ ബ്രാന്‍ഡ് മൊഴി വരേണ്ടുന്നിടത്തൂന്ന് തിരുവന്തരത്തെ വേഴം കേട്ട് ഞെട്ടിത്തെറിച്ചു കണ്ണുതുറന്നപ്പോഴുണ്ട് ദേ അദര്‍ ഹാഫുണ്ട് പിന്നീം നിക്ക്‌ന്. ആനപ്പുറത്തല്ല, മുള്ളിന്റെ പൊറത്ത് പിള്ളാര്‍ടെ യൂണിഫോമും തൂക്കിപ്പിടിച്ച്.
---
This part of the സ്വപ്നം was sponsored by: വിശാലന്‍ ഏന്റ് ഉമേഷ്
Thursday, April 20, 2006
ബീ പ്രിപ്പേര്‍ഡ്
പരേഡ് ഉള്ള ദിവസങ്ങളില്‍ എന്‍സീസി കുട്ടികളുടെ എടുപ്പും നടപ്പും പത്രാസുമൊക്കെ ഒന്നു കാണേണ്ടതുതന്നെ.മറ്റുദിവസങ്ങളില്‍ ചെരുപ്പിട്ടു നടക്കാത്തവര്‍ പോലും അന്ന് ബൂട്ടിട്ട് ചരല്‍വഴികളില്‍ കിര്കിര് ഒച്ച കേള്‍പ്പിച്ചു ചെത്തും.
സത്യമാണോന്നറിയില്ല, പരേഡ് ദിവസങ്ങളില്‍ കിട്ടുന്ന, കോവാലയണ്ണന്റെ കടയിലെ ഇഡ്ഡലിയാണ് ചിലരെയെങ്കിലും എന്‍സീസിയിലേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.
എന്തായാലും എന്‍സീസിയില്‍ എടുക്കപ്പെടാന്‍ വേണ്ട ശാരീരികക്ഷമത അന്ന് ഇല്ലാതിരുന്നതിനാല്‍ - ഇന്നുണ്ടോ?- ഇതൊക്കെ വെറും ഷോ എന്നു തള്ളിക്കളയാനായിരുന്നു ഞങ്ങളില്‍ ചില പിള്ളാരുടെ തീരുമാനം. എട്ടാം ക്ലാസില്‍ അങ്ങനെയൊക്കെ കരുതി കഴിച്ചുകൂട്ടിയെങ്കിലും അടുത്ത വര്‍ഷമായപ്പോഴേയ്ക്കും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാലി സാര്‍ സ്കൌട്ടിന്റെ ചാര്‍ജ്ജെടുത്ത് ഞങ്ങളെയും കാന്‍വാസ് ചെയ്യാനെത്തി. എന്‍സീസി പോലെ യൂണിഫോമാദി കാര്യങ്ങള്‍ ഇതിന് സര്‍ക്കാര്‍ തരില്ല എന്നറിയാത്ത ഞങ്ങള്‍ ശിശുക്കള്‍ സന്തോഷത്തോടെ ലിസ്റ്റില്‍ കയറി. പിറ്റേന്നു മുതല്‍ കാര്യങ്ങള്‍ ഓരോന്നായി അറിഞ്ഞുവന്നപ്പോഴേയ്ക്കും ഒരു പിന്മാറ്റത്തിനുള്ള സ്കോപ്പില്ലാതെയായി.
ഒരു തരത്തിലെ ആനുകൂല്യങ്ങളും ഇല്ല എന്നു മാത്രമല്ല ഗ്ലാമറസ് ആയിട്ടുള്ള ആക്റ്റിവിറ്റികള്‍ ഒന്നുപോലും ഇതിലില്ല. ലോഡ് ബേഡന്‍ പവല്‍, മാഡം, ബീ പ്രിപ്പേര്‍ഡ്, റീഫ് നോട്ട്, സ്ക്വയര്‍ നോട്ട്, ബോലൈന്‍, പ്രസിഡന്റ് സ്കൌട്ട് അങ്ങനെ കുറേ വാക്കുകള്‍ പുതുതായി കേട്ടു.
എന്‍സീസിയില്‍ അലറി വിളിച്ചു കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത് ഞങ്ങള്‍ക്ക് ‘അലെര്‍ട്ട്, സ്റ്റാന്‍ഡറ്റീസ്’ എന്നിങ്ങനെ ഉയിരില്ലാത്ത ചില മന്ത്രങ്ങള്‍. ലാഡമൊന്നും വയ്ക്കാത്ത സാധാ ഷൂസിട്ടു നടന്നാല്‍ ഹവായ് ചപ്പലിന്റെയത്ര ഒച്ച പോലുമില്ല.
എങ്കിലും ഒരു കാര്യത്തില്‍ സമാധാനമുണ്ടായിരുന്നു. തോക്കെടുത്തുള്ള തീക്കളി ഇതിലില്ല; കൌതുകകരമായ മറ്റുചില സംഭവങ്ങള്‍ ഉണ്ടുതാനും. മാപ്പുവരച്ച് കോമ്പസ് വച്ചു ദിക്കൊക്കെ കണ്ടുപിടിച്ച് യാത്രചെയ്യാനൊക്കെയുള്ള പരിശീലനം അതിലൊന്നായിരുന്നു. അതില്‍ എല്ലാവരും
മിടുമിടുക്കന്മാരായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ ഞങ്ങളുടെ ബുദ്ധിശക്തി എത്രയുണ്ടെന്നു മനസിലാക്കാം.
വര്‍ഷാവസാനം പൊന്മുടിയില്‍ ഒരാഴ്ച വിപുലമായ ഒരു ക്യാമ്പുണ്ടാവുമെന്നും അതിനുമുമ്പ് നെടുമങ്ങാട് താലൂക്കില്‍ പല ഹൈക്കുകള്‍ നടത്തുമെന്നും അറിയിപ്പുകിട്ടി. ഹൈക്കിന്റെ വിശദ വിവരങ്ങള്‍ സാറ് തികച്ചും രഹസ്യമായി സൂക്ഷിച്ചു. എവിടെ നിന്നു തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരൂഹത്തിനുള്ള ചാന്‍സ് പോലും തന്നില്ല. ഇത്രയൊക്കെ പരിശീലനം കിട്ടിയതല്ലേ. പോരെങ്കില്‍ സ്വന്തം നാട്ടിലല്ലേ. ഒരു കൈ നോക്കാമെന്നുതന്നെ കരുതി. ഒന്നു മാത്രം സാര്‍ പറഞ്ഞു. വൈകുന്നേരം ഞങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ ടെന്റ് കെട്ടി ആഹാരം പാകം ചെയ്തു വിശ്രമിക്കാനുള്ള സ്ഥലമൊക്കെ നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ സാറു റെഡിയാക്കിയിട്ടുണ്ട്.
അങ്ങനെ ഒരു ശനിയാഴ്ച ഉച്ചനേരത്ത് എല്ലാവരും തയാറായി സ്കൂളിലെത്തി. അധികം വൈകാതെ സാറിന്റെ റാലീസൈക്കിള്‍ പാഞ്ഞെത്തി. ഓരോ പട്രോള്‍ ലീഡറുടെയും കൈയില്‍ ഓരോ മാപ്പ് കൊടുത്തു. റാലി പാഞ്ഞു പോയി. മാപ്പുനോക്കിയ ഞങ്ങള്‍ ആനന്ദാതിരേകത്താല്‍ വലഞ്ഞുപോയി.
മഞ്ചറോഡു വഴി ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ വരെയുള്ള വഴി ഒരു നിമിഷത്തിനകം ഞങ്ങള്‍ കണ്ടുപിടിച്ചു, അടുത്തനിമിഷത്തില്‍ കാല്‍നടയായി അങ്ങോട്ടേയ്ക്കു വച്ചുപിടിച്ചു.
ആറര മണിയ്ക്കാണ് അന്തിമലക്ഷ്യത്തില്‍ എത്തിച്ചേരേണ്ട ഡെഡ് ലൈന്‍. ജെ.റ്റി.എസില്‍ എത്തി അധികം കഴിയുന്നതിനുമുമ്പ് സാറെത്തി, അടുത്ത മാപ്പ് തന്നു. എല്ലാവര്‍ക്കും ഇടംകൈ തന്നു. അഭിനന്ദിച്ചു. വളരെ തൃപ്തനായതുകൊണ്ടാവും മൂന്നാമത്തെയും അവസാനത്തേതുമായ മാപ്പും
ഓരോ കവറിലിട്ട് തന്നിട്ടു സാറു പോയി. രണ്ടാമത്തെ മാപ്പിലെ ലക്ഷ്യം കണ്ടിട്ടേ അതു തുറക്കാവൂ എന്ന വാണിംഗും തന്നു.രണ്ടാമത്തെ മാപ്പും ഞങ്ങള്‍ക്ക് ചീളുകേസായിത്തന്നെ തോന്നി. എന്നാല്‍പ്പിന്നെ മൂന്നാമത്തേതും തുറന്ന് ഫൈനല്‍ ഡെസ്റ്റിനേഷന്‍
ഒന്നറിഞ്ഞിട്ടുതന്നെ കാര്യം. യാതൊരു പ്രയാസവും കൂടാതെ, കഴിയുന്നത്ര ഷോര്‍ട്‌കട്ടുകള്‍ ഉപയോഗിച്ച് അങ്ങെത്താമല്ലോ.തുറന്നു. സാറിന്റെ ബുദ്ധിയില്ലായ്മയില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്. അത്ര ദൂരത്തല്ലാതെ കിടക്കുന്ന അരുവിക്കരയാണല്ലോ സാര്‍ തെരഞ്ഞെടുത്തത്. ജലാശയത്തിന്റെ സൂചന പടത്തില്‍ കണ്ടപാടെ എല്ലാവരുടെയും രോമാഞ്ചകുഞ്ചന്മാരായി. വെള്ളിയാഴ്ചകളിലെ നീണ്ട ഉച്ചയൊഴിവിന് വാടക സൈക്കിളെടുത്ത് ഞങ്ങള്‍ പോയ്‌വരാറുള്ള ലോക്കല്‍ ടൂറിസ്റ്റ് പായിന്റ് കം കുടിവെള്ളസ്രോതസ് ഓഫ് തിരുവനന്തപുരം സിറ്റി.
സ്ഥലം കണ്ടുപിടിച്ചുവെങ്കിലും വെപ്രാളപ്പെട്ട് അവിടെ എത്തിച്ചേരേണ്ട ആവശ്യമില്ലെന്നുകണ്ട് ഞങ്ങള്‍ വിധിപ്രകാരമുള്ള രീതി തന്നെ അവലംബിച്ചായിരുന്നു അവിടന്നങ്ങോട്ടുള്ള യാത്ര. മാപ്പു പ്രകാരമുള്ള പാലങ്ങള്‍, പാടശേഖരങ്ങള്‍, പാതകള്‍ ഒക്കെ വലിയ തെറ്റില്ലാതെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നെ കണ്ടെത്താന്‍ കഴിഞ്ഞ വിവരം സാറ് ഞങ്ങളെ വളരെയധികം ചുറ്റിച്ചാണ് ലക്ഷ്യത്തിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നതായിരുന്നു. അതൊരു വെല്ലുവിളിയായെടുത്തു തന്നെ ഞങ്ങളും നീങ്ങി. ഞങ്ങളറിയാതെയെന്നവണ്ണം സമയവും
ഇതിനകം വളരെയധികം നീങ്ങിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഒരു വലിയ മടവയുടെ (മുറിഞ്ഞുപോയ പാടവരമ്പ്) ഇങ്ങേക്കരയിലാണ്. ഒറ്റച്ചാട്ടത്തിന് അതു കടക്കാന്‍ കഴിയുന്ന ആരും കൂട്ടത്തിലില്ല. ഏറ്റവും ഉയരമുള്ള രാധാകൃഷ്ണന്‍ പായ്ക്കുകളെല്ലാം രണ്ടുമൂന്നു ട്രിപ്പായി അക്കരെയെത്തിച്ചു. പിന്നെ ഓരോരുത്തരെയും പിടിച്ചുനടത്തിയും.
മാപ്പെടുത്തുനിവര്‍ത്തി. അടുത്ത ലാന്‍ഡ്‌മാര്‍ക്ക് എവിടെയാവുമെന്നു തപ്പി. ആകെ ഒരു കണ്‍ഫ്യൂഷന്‍. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം പോലും മാപ്പിലെവിടെയാണെന്നു കണ്ടുപിടിക്കാന്‍ പട്രോള്‍ ലീഡര്‍മാര്‍ക്കുപോലും കഴിയാതെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പോരെങ്കില്‍ ഫൈനല്‍ ഡെസ്റ്റിനേഷനില്‍ എത്താനുള്ള സമയമായി വരുന്നു. ഏതായാലും അരുവിക്കര അല്ല സാറുദ്ദേശിച്ചിരുന്നതെന്ന മഹത്തായ ഒരു കണ്ടുപിടിത്തം വൈകിയ വേളയില്‍ ഏതോ ഒരു പട്രോള്‍ സെക്കന്റ് കണ്ടുപിടിച്ചു. മിടുക്കന്‍. ജലാശയമെന്നു സ്ഥലജലഭ്രാന്തിയില്‍ ഞങ്ങള്‍ക്കു തോന്നിയത് അരുവിക്കര ഡാമായിരുന്നില്ല. വേറേതോ സ്ഥലത്തുള്ള ഒരു വലിയ കുളമായിരുന്നു അത്.ഹൈക്ക് ആകെ കുളമായെന്ന സത്യം ഓരോരുത്തരുടെയും മനസില്‍ ഇടവേളയിലെ പരസ്യസ്ലൈഡ് പോലെ തെളിഞ്ഞുവരവേ മടവയുടെ അങ്ങേക്കരയില്‍ റാലീ സൈക്കിളിന്റെ ബെല്‍; ഇടവേള തീരുമ്പോള്‍ തിയറ്ററില്‍ അടിക്കുന്നപോലെ തന്നെ അതും.
സാറെന്താണ് അവിടെ നിന്നു പറഞ്ഞതെന്നോ അതു പറഞ്ഞു തീര്‍ന്നെന്നോ ഞങ്ങള്‍ക്കു മനസിലായില്ല. ഒരദ്ധ്യാപകന്‍ തന്റെ അരുമകളോട് പറയാന്‍ മടിക്കുന്ന വാക്കുകളില്‍ ചിലതൊക്കെ സാര്‍ പ്രയോഗിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്.ഏതായാലും നിമിഷാര്‍ദ്ധത്തില്‍ പരസഹായം കൂടാതെ ഞങ്ങളെല്ലാം മടവ ചാടി മറുകര പൂകി.ആ സാഹസം കണ്ടാവും സാര്‍ അല്‍പ്പം തണുത്തിരുന്നു.
മൂന്നു മാപ്പിന്റെയും കോപ്പികള്‍ വരമ്പത്തു നിരത്തിവച്ച് മങ്ങിയവെളിച്ചത്തില്‍ സാര്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞുതന്നു. ജെറ്റിയെസ് വരെ മാത്രമേ ഞങ്ങള്‍ അതനുസരിച്ചുള്ള വഴിയ്ക്കു നീങ്ങിരുന്നുള്ളൂ എന്ന സത്യം സാര്‍ ഞങ്ങള്‍ക്കൊരു വെളിപാടുപോലെ തന്നു.
അതിന്റെ തേജസില്‍ വിളറിയ ഞങ്ങള്‍ ചോദിച്ചു, “അപ്പഴീ കൊളം എവിടെയാണു സാറേ, ജലാശയം...?”
“കൊളം! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. എടാ അതു കൊളമൊന്നുമല്ല, രാമപുരം സ്കൂളിന്റെ മുന്നിലെ വയലീന്ന് കട്ടയ്ക്കു മണ്ണെടുത്ത വെള്ളക്കെട്ടാണ്” “അവിടന്ന് ഒന്നൊന്നരക്കിലോമീറ്റര്‍ നടന്ന് തിരിച്ചിട്ടപ്പാറേടെ അടുത്ത് നിങ്ങളെത്തുന്നതും കാത്തിരുന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും ഇന്നിനി അവിടെയെത്താന്‍ പറ്റില്ല. നീയൊക്കെ ഇന്ന് സ്കൂളില്‍ കിടന്നുറങ്ങിയ്ക്കോ. വെളുപ്പിന് അവനോന്റെ വീട്ടില്‍ പൊയ്കോ”
അരുവിക്കര എവിടെക്കിടക്കുന്നു, തിരിച്ചിട്ടപ്പാറ എവിടെ. എവിടെയാണാവോ ഞങ്ങള്‍ക്ക് തെറ്റിയത്.