വായന

This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.

Sunday, June 24, 2007

കമന്റ് അഗ്രഗേറ്റര്‍‌മാരും ഐപി പിടിത്തവും

മുന്നറിയിപ്പ്: ഏറെ നാളുകളായി മലയാളം ബ്ലോഗുകളില്‍ ചര്‍ച്ചകള്‍ക്കും അതിലുപരി വിവാദങ്ങള്‍ക്കും ഇട നല്‍കിയ ഒരു വിഷയത്തില്‍ ഒരു പോസ്റ്റുകൂടി എന്നു കരുതി എന്നെ തല്ലാതെ വിടുക. :)

മുഖാമുഖങ്ങളില്‍ പാലിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുള്ള പരസ്പര ബഹുമാനവും മര്യാദകളും ബ്ലോഗുകളിലൂടെ സം‌വദിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നതാണ്‌ ഏറിയ പങ്ക് വിഷയങ്ങളേയും വഷളാക്കിയതെന്ന് നിരീക്ഷിക്കാനാണ്‌ ഞാനിഷ്ടപ്പെടുന്നത്; പുതിയ വിവാദത്തിനല്ല.

കുറച്ചു കാലം മുമ്പ് ഒരു ഹോക്സ് ഇറങ്ങിയിരുന്നത് ഓര്‍ക്കുന്നുണ്ടാവും പലരും. ഏഓഎല്‍-മൈക്രോസോഫ്റ്റ് എന്നിവര്‍ ചേര്‍ന്ന് ചുമ്മാ നിങ്ങള്‍ക്ക് പതിനായിരം ഡോളര്‍ എങ്കിലും തരുമെന്ന്. വെറുതേ ഒരു മെസേജ് പലര്‍ക്കും ഫോര്‍‌വേഡ് ചെയ്താല്‍ മതി. അയയ്ക്കപ്പെടുന്ന ഓരോ അഡ്രസിനും $245 വച്ച് തരും! ബില്‍‌ഗേറ്റണ്ണന്‍ നമ്മളയയ്ക്കുന്ന ഫോര്‍‌വേഡുകളൊക്കെ അങ്ങ് ട്രാക്ക് ചെയ്തിട്ടാണ്‌ സമ്മാനത്തുക നിശ്ചയിക്കുന്നതത്രേ.
ചില വാര്‍ത്തകള്‍:
http://urbanlegends.about.com/library/weekly/aa051299.htm
http://antivirus.about.com/od/emailhoaxes/a/maoltrack.htm (ഇത്തരത്തിലുള്ള പല ലിങ്കുകളും ഈ പേജില്‍ തന്നെ കാണാം)

ബ്ലോഗര്‍ സെറ്റിങ്ങുകളില്‍ (Comment Notification Address) നിന്ന് കമന്റുകള്‍ ഏതെങ്കിലുമൊരു ഇ-മെയില്‍ ഐഡിയില്‍ അയയ്ക്കുക വഴിയാണല്ലോ നിലവില്‍ കമന്റ് അഗ്രഗേറ്റ് ചെയ്യുന്ന ഗ്രൂപ്പുകളിലേയ്ക്ക് കമന്റുകള്‍ എത്തുന്നത്.
പ്രസ്തുത ഇ-മെയില്‍ ഐഡിയില്‍ എത്തിച്ചേരുന്ന കമന്റുകളെ നിലപാടുകള്‍ അനുസരിച്ച് ആവശ്യാനുസരണം തരം തിരിക്കലോ ഫില്‍റ്ററിങ്ങോ നടത്തിയിട്ടാണ്‌ ഗ്രൂപ്പുകളില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യപ്പെടുക.
ഗ്രൂപ്പുകള്‍ക്ക് ഉദാഹരണം:
1. http://groups.google.com/group/blog4comments
2. http://groups.google.com/group/marumozhikal

ഓരോ കമന്റും ചെയ്യുന്നവരുടെ ഐപി അഡ്രസ് മേല്പ്പറഞ്ഞ അഗ്രഗേറ്റര്‍ നടത്തിപ്പുകാരില്‍ എത്തിച്ചേരുമെന്ന മട്ടിലാണ്‌ പഴയ ബ്ലോഗര്‍മാരും മികച്ച കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുമായ പലരും ഇപ്പോഴും കരുതിയിരിക്കുന്നുവെന്നാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. എനിക്കു പ്രിയപ്പെട്ട പല കൂട്ടുകാരും ഈ വിഷയം ഉന്നയിച്ച് പലയിടത്തും കമന്റെഴുതിയിരിക്കുന്നത് പലപ്പോഴും കാണാനിടവന്നിട്ടുണ്ട്.
ഒരുദാഹരണം. ഇതിനു മറുപടി അര്‍ഹിക്കാത്തതുകൊണ്ടാണോ എന്നറിയില്ല ആരും പ്രതികരിച്ചു കണ്ടുമില്ല.

എന്റെ അറിവില്‍ ബ്ലോഗുകളിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍‍ അറിയാന്‍ ഏതെങ്കിലും ഹിറ്റ് കൗണ്ടര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും അവര്‍ തരുന്ന സ്ക്രിപ്റ്റ് ബ്ലോഗ് ടെമ്പ്ലേറ്റില്‍ ഉള്‍പ്പെടുത്തുകയും, വേണ്ടപ്പോള്‍ ഹിറ്റ് കൗണ്ടര്‍ ദാതാവിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് റിപ്പോര്‍ട്ടുകള്‍ നോക്കുകയും ചെയ്യണം. ഇങ്ങനെയല്ലാതെ ബ്ലോഗുസന്ദര്‍ശകരുടെ വിവരങ്ങള്‍ കണ്ടുപിടിക്കാവുന്ന സം‌വിധാനം ഉണ്ടെങ്കില്‍ ദയവായി എനിക്കും കൂടി പറഞ്ഞുതരുക.

കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ അവ യുക്തിഭദ്രവും വസ്തുനിഷ്ടവുമായിരുന്നാല്‍ അതാവില്ലേ ഊഹാപോഹങ്ങളെ ആശ്രയിക്കുന്നതിനേക്കാള്‍‍ മെച്ചം?

28 comments:

വക്കാരിമഷ്‌ടാ said...

പ്രൊപയുഗാണ്ടയില്‍ എന്തും പറയാമെന്നല്ലേ. അപ്പോഴല്ലേ സിറ്റി ബാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അവിടെ അക്കൌണ്ടുള്ളവരുടെ കമ്പ്ലീറ്റ് ഡീറ്റയിത്സും അറിയാമെന്നൊക്കെ നമ്മള്‍ പറയുന്നതും കേള്‍ക്കുന്ന പലരും “ഓ പിന്നേ” എന്നുപോലും മറുപടി പറയാത്തതും.

എന്ത് പറയുന്നു എന്നതിലല്ല, എന്തെങ്കിലുമൊന്ന് പറഞ്ഞാല്‍ മതി, ബാക്കി കാര്യം നമ്മളേറ്റു എന്ന നയത്തില്‍ ഇങ്ങിനത്തെ പറച്ചിലുകളില്‍ വലിയ അത്‌ഭുതമൊന്നുമില്ലല്ലോ. ചുമ്മാ പറയുക, കിട്ടിയാലും കിട്ടിയില്ലെങ്കിലും ഊട്ടി. പറയുന്നയാളുടെ സംതൃപ്തിയാണ് ഇവിടെ ഏറ്റവും പ്രധാനം. നമ്മള്‍ മലയാളികളല്ലേ, ഇതൊക്കെത്തന്നെ ധാരാളം.

സ്വന്തം ബ്ലോഗില്‍ ഹിറ്റ് കൌണ്ടര്‍ പിടിപ്പിച്ച ഞാനൊക്കെ എങ്ങിനെ ഐ.പി പിടുത്തത്തെപ്പറ്റി ധാര്‍മ്മികനായി പ്രതിഷേധിക്കും എന്ന കണ്‍‌ഫ്യൂഷനും.

പോസ്റ്റിന് നന്ദിനി :)

സു | Su said...

അനിലേട്ടാ, അയ്യേ അതൊന്നും അറിയില്ലേ? സാരമില്ല. അതിനിപ്പോള്‍ ഒരുപാട് ആള്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ട്. പല പല ഐഡികളില്‍. ഐഡിയേ ഉള്ളൂ കേട്ടോ. നട്ടെല്ലില്ല. അല്ലെങ്കില്‍ പണ്ടേ ഉള്ള ഐഡിയില്‍ കാര്യങ്ങള്‍ ചോദിക്കാമല്ലോ. അവര്‍ പലതും പറഞ്ഞുതരും. നമുക്ക് ആവശ്യമില്ലാത്തവ. സേര്‍ച്ച് എഞ്ചിനേക്കാളും വേഗത്തില്‍ പലതും തപ്പിയെടുത്തുകൊണ്ടുവരും. ലോകത്തില്‍, ഇത്രേം കൃത്യമായിട്ട് കൃത്യനിര്‍വഹണം നടത്തുന്ന മലയാളികളും ഉണ്ടോന്നൊന്നും സംശയിക്കല്ലേ. ഉണ്ടെന്നേ. ഇവര്‍ രാവിലെ എണീറ്റ് ജ്യോത്സ്യം വെക്കും. എന്നിട്ട് മലയാളം കീബോര്‍ഡ് എടുത്ത് പ്രയോഗം തുടങ്ങും. ഇവരൊക്കെ വിവരത്തിനു പി എച്ഛ് ഡി എടുക്കുമ്പോള്‍, ബാക്കിയുള്ളവരൊക്കെ തെങ്ങിന്‍ തടത്തില്‍ വെള്ളമൊഴിക്കുകയല്ലായിരുന്നോ.

Haree | ഹരീ said...

വളരെ പ്രസ്തുതമായ ചോദ്യം.
? സന്ദര്‍ശകരുടെ ഐ.പി. അഡ്രസ് കണ്ടുപിടിക്കുവാന്‍ ഏതെങ്കിലും കൌണ്ടര്‍ മുഖേനയല്ലാതെ സാധ്യമാണോ?
= സന്ദര്‍ശിക്കുന്നവരുടെ പോയിട്ട്, കമന്റിടുന്നവരുടെ പോലും സാധ്യമല്ല (ബ്ലോഗറില്‍) എന്നാണ് എന്റേയും അറിവ്. ഗ്രൂപ്പുകളിലേക്ക് കമന്റുകള്‍ ഫോര്‍വേഡ് ചെയ്യുമ്പോഴും ഐ.പി. ട്രാക്ക് ചെയ്യുപ്പെടുന്നില്ല എന്ന് എവിടെയോ(പിന്മൊഴിയെക്കുറിച്ച് - ബ്ലോഗില്‍) വായിച്ചതായും ഓര്‍ക്കുന്നു.

ഈ പോസ്റ്റ് വായിച്ചിട്ട് വക്കാരിയുടേയും സൂവേച്ചിയുടേയും കമന്റുകളും കണ്ടിപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി. മുകളില്‍ ഞാന്‍ മനസിലാക്കിയ ചോദ്യമല്ലേ ഈ പോസ്റ്റിലെ ചോദ്യം?
--

അനില്‍_ANIL said...

ഹരീ,

ഈ പോസ്റ്റിലെ ചോദ്യം എന്താന്നുള്ളത് ഹരി മനസിലാക്കിയതു പോലെ തന്നെ.

ബ്ലോഗിലെ കമന്റുകള്‍ സ്വന്തം ഇ-മെയില്‍ ഐഡിയിലേയ്ക്ക് അയച്ചുകൊണ്ട് ആര്‍ക്കും പരിശോധിക്കാമായിരുന്ന ഒരു കാര്യത്തെ ഊഹക്കഥകളിലൂടെ നല്ലതല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതെന്തിനെന്നായിരുന്നു മനസിലാവാത്തത്.

ജഗതി സ്റ്റൈലില്‍ പറഞ്ഞാല്‍, അദായദ് ബ്ലോഗില്‍ നിന്നുള്ള ഇമെയില്‍ മെസേജില്‍ ഇല്ലാത്ത വിവരങ്ങള്‍ എങ്ങനെയാണ് പിന്നീടതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുക? ഇ-മെയില്‍ ട്രാക്കിങ്ങ് ഹോക്സിന്റെ കാര്യം പറഞ്ഞത് ഇതുമായി ബന്ധപ്പെട്ടായിരുന്നു.

തറവാടി said...

:)

Kuttyedathi said...

അനിലേട്ടാ, ഒരുപാടു നാളുകള്‍ക്കു ശേഷം കണ്ടതില്‍ സന്തോഷം. വളരെ പ്രസക്തമായ ചോദ്യം.

പക്ഷേ, ഇങ്ങനെ ഒരു തെറ്റിദ്ധാരണ ആളുകളില്‍ ഉണ്ടാക്കിയതും, ‘ഐ പി പിടിയന്മാര്‍‘ എന്നു പേരു കേട്ട ചിലര്‍ തന്നെയാണ്. എന്തു പ്രശ്നമുണ്ടായാലും, നിമിഷ നേരത്തിനകം അവനെ പൊക്കുമെന്നും, ആളെ പിടികിട്ടി, പഷേ ആരാണെന്നു പറയൂല്ല, എന്നുമൊക്കെ കേരളാപ്പോലീസിന്റെ സ്റ്റയിലില്‍ ഉള്ള വീരവാദങ്ങള്‍ ആയിരം വട്ടം കേട്ടുകഴിയുമ്പോള്‍, ആരായാലും ഇങ്ങനെയൊക്കെ തെറ്റിദ്ധരിച്ചു പോയില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ ?

ഈ അടുത്ത കാലത്തു കൂടി ഏതോ ഒരു പോസ്റ്റില്‍ ‘ ആ പോസ്റ്റിട്ട ആളെ ഒക്കെ ഞാന്‍ അപ്പൊളേ കണ്ടുപിടിച്ചു. അതൊക്കെ എന്തൊരെളുപ്പമാണെന്നോ ‘ എന്നൊരു വാക്യം കണ്ടതോര്‍ക്കുന്നു.

കണ്ണൂസ്‌ said...

നിര്‍ത്താതെ നാലഞ്ചു വട്ടം ഞാന്‍ ആരാ ആള്‍ എന്ന് ചോദിച്ചതും അതു കൊണ്ടു തന്നെ കുട്ട്യേടത്തി. :-)

വലിയ കാര്യമുണ്ടായിട്ടൊന്നും അല്ല. എന്നാലും ആള്‍ടെ ഐ.പി. നോക്കുക, അതു വെച്ച്‌ ഐ.എസ്‌.പി.യെ കണ്ടു പിടിക്കുക, പിന്നെ അവിടത്തെ ലോക്കല്‍ നെറ്റ്‌ ഡയറക്റ്ററി ഉണ്ടെങ്കില്‍ അതില്‍ പോയി, ആള്‍ടെ ഒരു ഉദ്ദേശ വിവരം Trial and Error സെര്‍ച്ചുകള്‍ നടത്തുക, അങ്ങിനെ ചക്ക വീണു ചത്ത മുയലിനെപ്പോലെ വല്ലതും തടഞ്ഞാല്‍ " നിന്നെ ഞാന്‍ പൊക്കി" എന്ന് ചെവിയില്‍ പോയി പറയുക എന്നതൊക്കെ പണ്ട്‌ കേരള ചാറ്റില്‍ കറങ്ങി നടന്ന കാലത്തെ ഒരു വിനോദമായിരുന്നു. സൈബര്‍ ജീവിതത്തിലെ ടീനേജ്‌ കുസൃതികള്‍!! :-)

കുറുമാന്‍ said...

അനിലേട്ടാ, കാര്യപ്രസക്തമായ, കാലികപ്രസ്കതമായ പോസ്റ്റ്.

ഇങ്ങനെ ഒരു കമന്റിടാനെങ്കിലും കുട്ട്യേടത്തി വളരെക്കാലത്തിനുശേഷം ബ്ലോഗിലോട്ട് വന്നതില്‍ അതിയായ സന്തോഷം.

സത്യത്തിന്റെ മുഖം എപ്പോഴും ഭീകരമായിരിക്കും :)

ദില്‍ബാസുരന്‍ said...

അനിലേട്ടാ,
ധാരണകള്‍ പരത്തിയതില്‍ കുട്ട്യേടത്തി പറഞ്ഞ കമന്റിനോട് പൂര്‍ണമായും യോജിക്കുന്നു. ഞാന്‍ ഏത് കൊലകൊമ്പന്റെ ഐപ്പിയും പൊക്കും എന്ന് പറഞ്ഞ് നടന്നാല്‍ വേറെ ഏത് ജോസ് തോമസ് ഐപ്പി പൊക്കിയതിനും ആരോപണം പറഞ്ഞയാളുടെ മേല്‍ വരും എന്നത് സ്വാഭാവികം. ചിത്രകാരനെ ട്രാക്ക് ചെയ്തതിനെ നമ്മള്‍ (ഞാനുള്‍പ്പെടെ) ആഘോഷമാക്കി മാറ്റി. പിന്നെ തമ്മില്‍ തമ്മിലും നിഴലിനെ പോലും പേടിയും ആയി മാറി അത്. വിഷയത്തില്‍ നിന്ന് വിട്ട് പോകുന്നു.

ഹിറ്റ് കൌണ്ടര്‍ വഴി സന്ദര്‍ശിച്ചവരെ നോക്കി, അവരെ ഒരു നിശ്ചിതകാലം വരവും പോക്കും മോണിറ്റര്‍ ചെയ്ത്, ഐപ്പികള്‍ നോട്ട് ചെയ്ത് പരിചയക്കാരെയും അറിയാവുന്നവരെയും മാറ്റി ഓക്കെയാണ് ‘ഐപ്പി പിടിയ്ക്കുന്നത്’എന്നാണ് എന്റെ അറിവ്. വക്കാരിച്ചന്‍ പറഞ്ഞപോലെ പ്രൊപയുഗാണ്ട തന്നെയാണല്ലോ വലുത്.

അനില്‍_ANIL said...

വക്കാരി ഫിലോസോഫിയയാക്കിപ്പറഞ്ഞതു പോലൊക്കെയാണെന്നു തോന്നുന്നു നമ്മുടെ സമൂഹത്തിന്റെ പോക്ക്. നാരായം എന്ന സിനിമയിലാണെന്നു തോന്നുന്നു, പപ്പു 'അതൊക്കെ അങ്ങൂഹിക്കാന്‍‌ പാടില്ലേ?' എന്നു തട്ടിവിടുന്നുണ്ട്. ഉദാഹരണത്തിന്‌ വക്കാരി കുറച്ചു ദിവസം കമന്റടിക്കാന്‍ വന്നില്ല. എന്റെ ഇപ്പോഴത്തെ ഊഹമനുസരിച്ച് 'പഹയന്റെ കല്യാണമാ' എന്നൊരു കമന്റ്/മെയില്‍/സ്ക്രാപ്പ്/ഫോണ്‍ വിട്ടാലോ? കുറച്ചാളുകളെങ്കിലും വിശ്വസിക്കാതിരിക്കുമോ? :) അതിന്റെ മേല്‍ പലനൂറടി പോലും ഉണ്ടായിപ്പോവും. പാവം വക്കാരി പവനായിയാവും.

സു നിരീക്ഷിച്ചപോലെയുള്ള ആങ്കിളില്‍ അല്ലായിരുന്നു ഞാന്‍ പറഞ്ഞത്. ഒരു വസ്തുത ഉദാഹരണ സഹിതം പറഞ്ഞു. അത്രേയുള്ളൂ.

കുട്യേടത്തി, ഐപി പിടിയന്മാര്‍ വീമ്പിളക്കുന്നതോടൊപ്പം അത്രയ്ക്ക് ഉറപ്പുണ്ടെങ്കില്‍ 'ഒള്ളത് ഒള്ളതുപോലെ' വെട്ടിത്തുറന്നു പറയണമെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. അല്ലെങ്കി വായടച്ച് വച്ചോണ്ട് മിണ്ടാതിരിക്കണം, മുണ്ടാണ്ട് കുത്രിക്കണം. അല്ലാതെ പലയിടത്തും ചെന്നിരുന്ന് അമ്മായി-മരുമോള്‍ സ്റ്റൈലില്‍ ഉള്ളില്‍ ഉപ്പും തേങ്ങേം വച്ച കൊഴുക്കട്ട ഉണ്ടാക്കി സ്മൈലിയിട്ട് വയ്ക്കലല്ല വേണ്ടത്. സ്വന്തം വീക്ഷണങ്ങളും അഭിപ്രായങ്ങളും വസ്തുനിഷ്ടമായി അവതരിപ്പിക്കാന്‍ കൂടിയുള്ള സ്വാതന്ത്ര്യം ബ്ലോഗര്‍ തരുന്നുണ്ടെന്നു തന്നെയാണ്‌ ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ആരോ പണമയച്ചു എന്നു പറയുന്നതിനു പകരം‍ ആരു പണമയച്ചു എന്ന് മണി എക്സ്ചേഞ്ചുകാര്‍ പറയാറുണ്ടല്ലോ.

കമന്റ് തിരിച്ചു വിടാതെ തന്നെ കമന്റടിക്കാന്‍ ആളുവരുമെന്ന് ഇപ്പൊ മനസിലായി. എല്ലോര്‍ക്കും നന്ദീസ്ണ്ട്. :)

kumar © said...

ശരിക്കും ധാരണകളെ തിരുത്തുന്ന പോസ്റ്റ്. ഈ അവസരത്തില്‍ തികച്ചും ആവശ്യമായിരുന്ന പോസ്റ്റ്.

പക്ഷെ ഇങ്ങനെ ഒരു പോസ്റ്റ് ഇടെണ്ടിവന്ന അവസ്ഥയെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം ഉണ്ട്.

വാക്കുകള്‍ അതിന്റെ ഉന്നതിയില്‍ വീരവാദങ്ങള്‍ ആകുമ്പോള്‍ സംഭവിക്കുന്ന രൂപമാണിത്.
എല്ലാം തിരിഞ്ഞുകൊത്തും എന്നറിയുമ്പോഴും വീണ്ടും അതുതന്നെ പറയാനുള്ള വ്യഗ്രത. അതൊരു തരം ഹരമാണ്. അതുതന്നെയാണ് സ്വന്തം വാക്കുകളെ നമുക്കെതിരെ തിരിക്കുന്നതും നമുക്ക് തന്നെ പാരയാ‍കുന്നതും.

അത്തരം വാദങ്ങള്‍ മുഴങ്ങുമ്പോള്‍ ജനം പണ്ടു സംഭവിച്ചപലതുമായി ചേര്‍ത്തുവായിക്കും. അതു സ്വാഭാവീകം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് എന്ന് ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ ഉള്ളില്‍ ചില വിഗ്രഹതകര്‍ച്ചകളുംയും നിരാശയും മാത്രമേ ഇതൊക്കെ തന്നുള്ളു.

ഇടിവാള്‍ said...

നമസ്കാരം അനില്‍,കാലം കുറേയായല്ലോ?
പോസ്റ്റ് ഉപകാരപ്രദമായി

ഉള്ളിക്കെന്താ വെല എന്നു ചോദിച്ചപോ, ഇന്നു പള്ളീപ്പോയില്ല എന്ന മാതിരിയുള്ള ചില കമന്റുകളും കണ്ടു ;) ഗംഭീരം.. കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും എഴുതില്‍ അവിടെയും കാഷ്ഠിച്ചാലെ സമാധാനമാവൂ അല്ലേ ?

ഹിറ്റ് കൌണ്ടര്‍ വച്ച് വിസിറ്റേഴ്സ് ഐ.പി ട്രേസ് ചെയ്യാമെന്നിരിക്കിലും, പല അനോണി പ്രോക്സികളിലൂടെയും സര്‍ഫിങ്ങ് ചെയ്യാമല്ലോ. അപ്പോള്‍ ഹിറ്റ് കൌണ്ടറും ഒരു വിശ്വ്വാസ്യയോഗ്യമായ സോഴ്സല്ല. കമന്റിങ്ങ് സാധ്യമല്ലെന്നു തോന്നുന്നു.

വേഡ്പ്രസ്സ് ബ്ലോഗുകളില്‍ കമന്റ് ചെയ്യുന്നവരുടെ ഐ.പികള്‍ റെക്കോഡ് ചെയ്യുന്നുണ്ട്.

കുട്ട്യേടത്തി പറഞ്ഞ പോലേ , ഐ.പി പൊക്കി, ആളെ മനസ്സിലായി, എന്നാലും പറയൂലാ.. എന്നൊക്കെയുള്ള വീരവാദങ്ങളാണെന്നു തോന്നുന്നു പിന്മൊഴിയില്‍ നിന്നും പലരേയും അകറ്റിയത്. എല്ലാവരും കമ്പ്യൂട്ടറില്‍ പൂര്‍ണ്ണ ജ്ഞാനികള്‍ ആയ്ക്കൊള്ളണമെന്നില്ലല്ലോ?

ടെക്കി പുലികളുടെ കല്ലു വച്ച നുണകളെ പലരും മുഖവിലക്കെടുത്തു ;)

വല്യമ്മായി said...

ബൂലോഗക്ലബിലെ ചില വിവാദ പോസ്റ്റുകളിലെ അനോണി കമന്റുകള്‍ക്ക് മറുപടിയായാണ് ഇങ്ങനെയൊരു വാദം ആദ്യം കണ്ടതെന്ന് തോന്നുന്നു.

സു | Su said...

അനിലേട്ടാ ചോദിക്കാന്‍ മറന്നു. ഈ ഐ പി അഡ്ഡ്രസ്സ് എന്നുവെച്ചാല്‍ എന്താ? അതൊരു പത്തുപന്ത്രണ്ട് എണ്ണം ഉണ്ടാവുമോ? വീട്ടിലെ അഡ്ഡ്രസ്സ്, ജോലിസ്ഥലത്തെ അഡ്ഡ്രസ്സ് എന്ന് പറയുന്നതുപോലെ?

അനില്‍_ANIL said...

ഈ പോസ്റ്റില്‍ പറയുന്നതനുസരിച്ച് എന്റെ 'രാഷ്ട്രീയം' എന്താന്ന് വായിച്ചവര്‍ക്ക് തോന്നിയോ എന്നറിയില്ല.

മെസഞ്ജറുകള്‍ ഓണാക്കി വച്ചിരിക്കാന്‍ സമയവും ബ്ലോഗുകളില്‍ കറങ്ങാന്‍ നേരവും ഉണ്ടായിരുന്ന സമയത്ത് കണ്ട ചില ഉദാഹരണങ്ങള്‍ പറയാം. പേരുകള്‍ പരാമര്‍ശിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.

# 'എന്റെ ബ്ലോഗില്‍ ഒരനോണി ശല്യമുണ്ടാക്കുന്നു, പിന്മൊഴി സര്‍‌വറില്‍ നോക്കിയാല്‍ ആരാന്ന് അറിയാന്‍ പറ്റില്ലേ?' എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു.
# 'മുമ്പൊക്കെ ബ്ലോഗുകള്‍ എന്തു രസമായിരുന്നു. ഇപ്പോ അത് ഏവൂരാനു കാശു കിട്ടാനുള്ള ഒരു സം‌വിധാനം മാത്രം' മറ്റൊരു സുഹൃത്ത് മറ്റൊരവസരത്തില്‍.

ഇവ കാര്യങ്ങളെ തെറ്റായി നിരീക്ഷിച്ചതില്‍ നിന്നോ പ്രൊപയുഗാണ്ടയില്‍ നിന്നോ ഉടലെടുത്ത ചിന്തകളാവാം. അത്തരം കാര്യങ്ങളെപ്പറ്റിയെല്ലാം അറിയുന്നത് പങ്കുവയ്ക്കുന്നത് നല്ലതാവുമെന്നു കരുതി.

ആരെയെങ്കിലും താറടിച്ചു കാണിക്കാനോ പ്രൊമോട്ടു ചെയ്യാനോ അല്ല ഈ പോസ്റ്റ്.

കുറുമാന്‍സ് ഇനി കാണുമ്പോ സത്യത്തിന്റെ ഒരു ഫോട്ടോ എടുത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാമോ? ഒന്നു കണ്ടിരിക്കാമല്ലോ. :)

ദില്‍ബൂ, ഇങ്ങനെ പോസിറ്റീവായി കാര്യങ്ങള്‍ പറയാനും അറിയാമല്ലേ? ഇഷ്ടപ്പെട്ടു.

കുമാറിന്റെ ധാരണകള്‍ കൂടി എവിടെയെങ്കിലും പങ്കുവച്ചിരുന്നെങ്കില്‍ ആര്‍ക്കെങ്കിലുമൊക്കെ അഥവാ ഉള്ള ധാരണകള്‍ തിരുത്താനുമൊരവസരം കിട്ടിയേനെയല്ലോ. ശ്രമിക്കൂ എല്ലാവരും.

ഇടിവാളിനെന്റെയും നമസ്കാരം. ഇടിവാളും പള്ളിയില്‍ പോയില്ല എന്നു തോന്നുന്നല്ലോ. :)

അഭയാര്‍ത്ഥി said...

ചെകുത്താനെ തിരിച്ചറിയുവാന്‍ അപ്പി അഡ്രസ്‌ വേണ്ട.
ഉള്‍ക്കണ്ണ്‌ തുറന്നാല്‍ മതി.
സ്ഥിരം ചെകുത്താന്‍, നൈമിഷിക തള്ളിച്ചയില്‍ ചെകുത്താന്‍ ആയ എന്നീ വക ഭേദമെയുള്ളു.

എത്ര ഒളിച്ചുവച്ചാലും അടുപ്പിച്ച്‌ മൂന്ന്‌ വരി എഴുതുമ്പോള്‍ ആളെ പിടികിട്ടും. ഐഡന്റിറ്റി അക്ഷരങ്ങളിലുണ്ട്‌.

ഉദാഹരണം-രണ്ട്‌ വര്‍ഷം മുന്‍പ്‌ രണ്ട്‌ മാസം വിട്ട്‌ നിന്നതിന്‌ ശേഷം ഞാനിട്ട ആദ്യ അനോണി കമന്റ്‌ സു- കണ്ട്‌പിടിച്ചു.

അതേപോലെ ഒരോ പ്രശ്നം വരുമ്പോഴും ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഒന്നാണെങ്കില്‍
നിരീക്ഷിക്കാറുണ്ട്‌.

പലപ്പോഴും നേരിട്ട്‌ തന്നെ ആളെ പിടികിട്ടാറുണ്ട്‌.

ഒറ്റ വരി കമെന്റൊക്കെ ആകുമ്പോള്‍ ഷോര്‍ട്ട്‌ലിസ്റ്റ്‌ ചെയ്യുന്നു. നാലഞ്ച്‌ ഒറ്റ വരികള്‍ വന്നു കഴിയുമ്പോള്‍ അതില്‍ അതിടുന്നയാളുടെ കേരക്റ്റര്‍ ഉണ്ടായിരിക്കും.

ദുബായി അവീറിലിരിക്കുന്ന എന്നോട്‌ ഉഗാണ്ടയിലെ ഇദി അമീന്‍ തല്ല്‌ പിടിക്കില്ലെന്ന
മിനിമം ക്രൈം നോളെഡ്ജ്‌ ഉണ്ടായാല്‍ മതി.

സു | Su said...

:) കണ്ടുപിടിച്ചു. പറഞ്ഞു. ഇപ്പോള്‍ പറയാറില്ല. അത്രയേ ഉള്ളൂ വ്യത്യാസം.

Kuttyedathi said...

ഇതു കൂടി ചേര്‍ക്കട്ടെ. പണ്ടൊരിക്കല്‍, എന്റെയോ മനുവിന്റെയോ എന്നോര്‍മ്മയില്ല, ബ്ലോഗിലൊരനോണി കമന്റ് പ്രത്യക്ഷപ്പെട്ടു നിമിഷങ്ങള്‍ക്കുള്ളില്‍, പിന്മൊഴി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്ന ഒരാള്‍ വന്ന്(ഏവൂരാനല്ല) “അനോണികള്‍ സൂക്ഷിക്കുക്ക. പിന്മൊഴി വഴി വരുന്നവയുടേ ഒക്കെ ഐ പി ട്രാക് ചെയ്യുന്നുണ്ടെന്നോര്‍ക്കുക” എന്ന അര്‍ത്ഥത്തിലൊരു കമന്റ് വച്ചതോര്‍ക്കുന്നു.

അനിലേട്ടന്‍ പറയുന്നതു പോലെ, അവര്‍ക്ക് ഐ പി കിട്ടുന്നില്ലെങ്കില്‍ അതു വെറും പേപ്പിടി ആയിരുന്നോ ?

സൈറ്റ് മീറ്ററുകള്‍ വഴി മാത്രമേ ‘പൊക്കല്‍ ‘ സാധിക്കുന്നുള്ളെങ്കില്‍, ഒരു വ്യക്തിഹത്യ പോസ്റ്റ് വച്ച ആളെ എങ്ങനെ പിടിക്കാനാകും ? അതും ഇവിടെ ഇടയ്ക്കിടെ ഇവിടെ ‘കണ്ടുപിടിച്ചു..തുപ്പി കാണിച്ചു തരാം’ സ്റ്റയിലില്‍ കേള്‍ക്കാറുണ്ടല്ലോ.

ആരെങ്കിലും അറിയുന്നവര്‍ അതെങ്ങനെ സാധിക്കുമെന്നു പറയൂ..

പേരെടുത്തുദാഹരണം പറഞ്ഞാല്‍, ഞരമ്പു രോഗ പോസ്റ്റില്‍, ‘ബി’ യുടെ ലൊക്കേഷന്‍ കണ്ടുപിടിച്ചു, വിശ്വം മറുപടിയില്‍ ആ സ്ഥലം പറഞിരുന്നു. (സ്ഥലം ഓര്‍മയില്ല)

അനില്‍_ANIL said...

അനിലേട്ടന്‍ പറയുന്നതു പോലെ, അവര്‍ക്ക് ഐ പി കിട്ടുന്നില്ലെങ്കില്‍ അതു വെറും പേപ്പിടി ആയിരുന്നോ ?

കമന്റ് ഫോര്‍‌വേഡിങ്ങ് വഴി ഐപി വിവരങ്ങള്‍ പോകുന്നില്ല എന്ന എന്റെ (മണ്ടന്‍‌)ചിന്ത കൊണ്ടാണല്ലോ ഈ പോസ്റ്റ് തന്നെ ഉണ്ടായത്. കുട്ട്യേടത്തി ആദ്യം മുതലേ വായിച്ചല്ലോ അല്ലേ?

അതിനപ്പുറത്തുള്ള അറിവുകള്‍ ഉണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞു തരട്ടെ എന്നു കരുതിയിട്ടിപ്പോ ഇങ്ങനെയൊക്കെയായോ.

ഡാലി said...

അനിലേട്ടാ,

"എന്റെ അറിവില്‍ ബ്ലോഗുകളിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍‍ അറിയാന്‍ ഏതെങ്കിലും ഹിറ്റ് കൗണ്ടര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും അവര്‍ തരുന്ന സ്ക്രിപ്റ്റ് ബ്ലോഗ് ടെമ്പ്ലേറ്റില്‍ ഉള്‍പ്പെടുത്തുകയും, വേണ്ടപ്പോള്‍ ഹിറ്റ് കൗണ്ടര്‍ ദാതാവിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് റിപ്പോര്‍ട്ടുകള്‍ നോക്കുകയും ചെയ്യണം. "

എനിക്കും ഈ വഴി അല്ലാതെ അറിയില്ല. ഇപ്പോള്‍ പിന്മൊഴി ഇല്ലാതെ നേരിട്ട് എനിക്ക് വരുന്ന കമന്റ്സില്‍ മെയില്‍ അയക്കുന്നത് blogger.bounces.google.com ആണ്. റിപ്ലെ പോകുന്നത് noreply-comment@blogger.com എന്ന ഐ.ഡിയിലേയ്ക്കും.

ബൂലോഗം കണ്ട പ്രസിദ്ധമായാ ഐ.പി പിടുത്തങ്ങള്‍ പുളകിതന്റേം, ചിത്രകാരനേം, വിശാലേട്ടന്റെ ഡ്യൂപ്പിന്റേയും ആയിരുന്നു. അത് ബൂലോഗം നന്നായി ആഘോഷിച്ചു. ആ ഐ.പി പിടുത്തങ്ങള്‍ അവര്‍ ഇട്ട കമന്റ്സ് വഴിയോ, സൈറ്റ്മീറ്റര്‍ ഉപയോഗിച്ചോ ആയിരിക്കണം.

കുട്ട്യേടത്തിയ്ക്ക് ഇങ്ങനെ ഒരു സംശയം കണ്ടതില്‍ അതിശയം. ഞെരമ്പ് രോഗി പോസ്റ്റിലും ഇഞ്ചി സൈറ്റ് മീറ്റര്‍ ഉപയോഗിച്ചരുന്നു എന്ന് വ്യക്തമാണ്. അതെങ്ങനെ വിശ്വംജിയ്ക്ക് കിട്ടി എന്നാലോചിക്കുമ്പോള്‍ ഈ പോസ്റ്റില്‍ മന്‍‌ജിത്തിന് എങ്ങനെ അനോണി കിഴക്കന്‍ തീരത്തുള്ള ആളായി എന്ന് മനസ്സിലായി അങ്ങനെ ആവാനാണ് ചാന്‍സ് കൂടുതല്‍. (പോസ്റ്റ് ഇട്ട ആള്‍ പറഞ്ഞീട്ടുണ്ടാവണം.ബൂലോഗത്തില്‍ എനിക്ക്‌ ഒരു അനോണിക്കെതിരെ ആദ്യമായി സംസാരിക്കേണ്ടി വന്നത് ആ പോസ്റ്റില്‍ ആണ്) പബ്ലിക് ആയി കിടക്കുന്ന സൈറ്റ് മീറ്ററുകള്‍ മറ്റൊരു സാദ്ധ്യത ആണ്. (പബ്ലിക് ആയി സൈറ്റ് മീറ്ററുകള്‍ ഇടുക എന്നത് ഒരു നല്ല കാര്യമാണ്. അവിടെ സന്ദര്‍ശിച്ച ഐ.പി ആര്‍ക്കും മനസ്സിലാവും)
ബൂലോക ക്ലബിലും അഡ്മിന്‍സ് സൈറ്റ്മീറ്റര്‍ മോണിറ്റര്‍ ചെയ്തിരുന്നീട്ടുണ്ടാവും.
ഒരു പരിധി വരെ തീരെ മോശം രീതിയില്‍ അനോണിമിറ്റി ഉപയോഗിക്കാതിരിക്കാന്‍ ഇതു സഹായിച്ചീട്ടുണ്ട്‌ എന്ന് പറയാതെ വയ്യ.
എനിക്ക് അല്പ്പം നിരാശയുണ്ടായത് ഐ.പി നോക്കി ആളെ കണ്ടു പിടിച്ചു എന്ന് സ്ഥാനത്തണോ അസ്ഥാനത്താണൊ എന്ന് നോക്കാതെ, ഒരു ഉപകാരവും ഇല്ലാതെ വിളിച്ച് പറയുന്നതിനോടായിരുന്നു. യാതൊരു വിചാരവും ഇല്ലാതെ ഒരോരുത്തര്‍ ഇത് അവരാണ് ഇവരാണ് എന്ന് പറയുന്ന പ്രവണത അത്ര നല്ലതായി തോന്നിയില്ല.

പിന്മൊഴി നിന്നതോടെ ഇത്തരം ചര്‍ച്ചകള്‍ പ്രസക്തിയില്ലാതായി എങ്കിലും എന്തു രാഷ്ട്രീയത്തോടേയാണോ അനില്‍ ചേട്ടന്‍ ഇത് ഇട്ടത് അതിനോട് ബഹുമാനം തോന്നിയത് കൊണ്ട് ഈ വിഷയത്തില്‍ ഒരു കമന്റ് കൂടി.

ഒരു ഓഫ്: ഒരു കാലത്ത് നമ്മള്‍ എല്ലാ ബ്ലോഗിലും പോയി പറഞ്ഞു വേഡ് വെരി ഇടൂ, പിന്മൊഴി സെറ്റ് ചെയ്യൂ. ഇപ്പോ വേഡ് വെരിയും വേണ്ടാ, പിന്മൊഴിയും. ആവശ്യങ്ങള്‍ മാറി മാറി വരും.

വക്കാരിമഷ്‌ടാ said...

അനില്‍‌ജീ ഏകോഫന്തതയുടെ അപാരോഫ്.

ഡാലീ, പാര്‍ട്ട് ടൈമായി ബ്ലോഗിലും ഗവേഷിക്കുന്നുണ്ടോ. എന്തിനും ഉദാഹരണ്‍ റെഡിമണി :)

രണ്ട് ബ്ലോഗര്‍‌മാര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കാക്കത്തൊള്ളായിരത്തിയൊന്ന് മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ അയാളുടെ തോന്നലുകളും കണ്ടുപിടുത്തങ്ങളും വേറൊരാളുമാ‍യി ഷെയര്‍ ചെയ്യുക എന്നത് ഊഹിക്കുക പോലും വേണ്ടാത്ത കാര്യമല്ലേ.

എന്തായാലും നമ്മള്‍ മലയാളികളെ ദിവസവും നമിക്കാനായിട്ടെങ്കിലും നാട്ടിലേക്ക് പോയാലോ എന്നൊരാലോചന (ഞാന്‍ എന്നെത്തന്നെ നമിച്ച് മടുത്തു). നാടിന്റെ വികസനം, നാട്ടുകാരുടെ വികസനം തുടങ്ങിയ കാര്യങ്ങള്‍, ഇതുകൊണ്ട് നിങ്ങള്‍ക്കെല്ലാം ഗുണമേ വരൂ, നാടിന് നല്ലതേ വരൂ എന്നൊക്കെ വീടുവീടാന്തരം കയറി കാലു പിടിച്ച് പറഞ്ഞ് പടം വരച്ച് കാണിച്ചാലും “ഞങ്ങളെ അങ്ങിനെയൊന്നും പറ്റിക്കാമെന്ന് വിചാരിക്കേണ്ട മക്കളേ” എന്ന് പറഞ്ഞ് മിടുക്കന്മാരാണെന്നോര്‍ത്തിരിക്കുന്ന മലയാളി കോത്താഴം കവലയിലെ എ.റ്റിം.എം മെഷീനില്‍ ആരെങ്കിലും കാര്‍ഡിട്ടാല്‍ ഉടന്‍ തന്നെ അയാളിട്ടിരിക്കുന്ന ഷര്‍ട്ടിന്റെ കളറും ബനിയന്റെ ബ്രാന്‍ഡും വരെ കൊങ്ങാണ്ടൂരെ ബാങ്കോഫീസില്‍ ഇരിക്കുന്ന കാഷ്യര്‍ക്ക് പിടികിട്ടുമോ എന്ന് ചോദിക്കണോ എന്നാരെങ്കിലുമൊന്നാലോചിച്ചാല്‍ മതി, അത് കേള്‍ക്കുക പോലും വേണ്ട കണ്ണുമടച്ച് വിശ്വസിപ്പിക്കാന്‍ നോക്കും ബാക്കിയുള്ളവരെ.

ഗീബത്സണ്ണന്‍ വല്ല മലയാളിയുമായിരുന്നെങ്കില്‍ ജര്‍മ്മന്‍ തെരുവീഥികളില്‍ കൂടി ഒരു കള്ളം ആയിരം തവണ പറഞ്ഞ് സത്യമാണോ എന്നുള്ള സംശയമൊന്നും ജര്‍മ്മന്‍‌കാര്‍ക്കുണ്ടാക്കി വിഷമിക്കേണ്ടായിരുന്നു-എന്തെങ്കിലും ഇതുപോലുള്ളത് ചുമ്മാ അണ്ണന്‍ അങ്ങ് വിചാരിച്ചാല്‍ മതി, ബാക്കി കാര്യം നമ്മള്‍ മലയാളികള്‍ ഏറ്റുകൊള്ളും.

മലയാളികളെ മലയാളികളോളം മനസ്സിലാക്കിയവര്‍ വേറേ ആരുമില്ലാത്തതുകാരണം ഇതൊക്കെ ഈസിയായി ഇനിയും ചിലവാകും. കണ്‍ഫ്യൂഷനാണ് പ്രശ്‌നമെന്ന് തോന്നുന്നു. ചിലതൊക്കെ അതേപടി വിശ്വസിച്ചാല്‍ മോശക്കാരനാകുമോ എന്നോര്‍ത്ത് വിശ്വസിക്കുകയേ ഇല്ല; അതേ സമയം ചിലതൊക്കെ എത്രയും പെട്ടെന്ന് വിശ്വസിച്ചില്ലെങ്കില്‍ മോശക്കാരനാകുമോ എന്നോര്‍ത്ത് അതിലും പെട്ടെന്ന് വിശ്വസിച്ചപോലെ ഇരിക്കുകയും ചെയ്യും. പലപ്പോഴും ഇതു രണ്ടും അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോവുകയും ചെയ്യും.

(എ.റ്റി.എമ്മിനെപ്പറ്റി പറഞ്ഞതുകൊണ്ട് ഈയൊരോഫും കൂടി പറയാനല്ല ഏറ്റിയെമ്മിനെപ്പറ്റി ആദ്യം പറഞ്ഞതെന്ന് പറഞ്ഞുകൊണ്ട് ഒരോഫും കൂടി:

നാട്ടിലെ ഏറ്റീയെം മെഷീനെല്ലാം ദിവസവും കേട്. എന്താണ് കാരണമെന്ന് ആദ്യമൊന്നും പിടികിട്ടിയില്ല. അവസാനമല്ലേ ടെക്‍നിക് പിടികിട്ടിയത്:

“പ്ലീസ് എന്റര്‍ യുവര്‍ പിന്‍” എന്ന് മെഷീന്‍ പറയുമ്പോള്‍ സ്ത്രീകളെല്ലാം പിന്നൂരി മെഷീനകത്തേക്കിടും.

ഓഫിനു കഃട്- ചേട്ടച്ചാര്‍. നേരത്തെ കേട്ടിട്ടുള്ളവര്‍ കണ്ണടയ്ക്കുക)

(പ്രത്യേകം പറയേണ്ട കാര്യമില്ലെങ്കിലും ഈ കമന്റിന്റെ മൊത്തം അധികാരി അനില്‍‌ജി. ഏതെങ്കിലും രീതിയില്‍ ഇതൊക്കെ പ്രശ്‌നമുണ്ടാക്കുന്നു എന്ന് തോന്നിയാല്‍ വലിച്ചു കീറി തോട്ടില്‍ കളഞ്ഞാലും എനിക്ക് തിരിച്ചയച്ചേക്കരുതേ :))

Haree | ഹരീ said...

ഐ.പി. ഉപയോഗിച്ച് ആളെ കണ്ടെത്തുവാന്‍ തീരെ സാധിക്കില്ല എന്നും കരുതുവാന്‍ കഴിയില്ല. പ്രധാനമന്ത്രിക്കും മറ്റും മെയില്‍-ഭീഷണി അയച്ച സിസ്റ്റം, കൃത്യമായി ഇന്റര്‍നെറ്റ് കഫേ സഹിതം കണ്ടുപിടിച്ചില്ലേ? പക്ഷെ, അതിന് എം.എസ്.എന്‍-ന്റെ സഹായവും ഉണ്ടായിരുന്നു. അതുപോലെ, ഗൂഗിളിന് ഒരുപക്ഷെ, ഐ.പി. പറയുവാന്‍ കഴിയുമായിരിക്കും. അത് അനോണി കമന്റ് കണ്ടുപിടിക്കുവാനായി അവര്‍ വിട്ടുതരില്ല, ഗവ./പോലീസ് തലത്തില്‍ വല്ലതും ബന്ധപ്പെടേണ്ടി വരുമായിരിക്കും. അങ്ങിനെ ഗൂഗിളിലോ മറ്റോ ജോലി ചെയ്യുന്നവര്‍ക്ക് ഒരുപക്ഷെ, ഈ പറയുന്ന ട്രാക്കിംഗ് സാധിക്കുമായിരിക്കും.

ഞാന്‍ എന്റെ ബ്ലോഗുകളിലെല്ലാം സൈറ്റ് മീറ്റര്‍ വെച്ചിട്ടുണ്ട്. അനോണി കമന്റുകളുടെ ഐ.പി., കമന്റ് ചെയ്ത സമയം നോക്കി കണ്ടു പിടിച്ചിട്ടുമുണ്ട്. ആ ഐ.പി. ഏതെങ്കിലും ഒരു ഐ.പി. ലൊക്കേഷന്‍ സേര്‍ച്ച് ടൂളില്‍ എന്റര്‍ ചെയ്താല്‍; രാജ്യം, ഐ.എസ്.പി, സിറ്റി വരെയൊക്കെ ലഭിക്കും. ചിലവ പ്രോക്സി ഉപയോഗിക്കുന്നുണ്ടോ എന്നും പറഞ്ഞു തരും(വിശ്വാസ്യയോഗ്യമല്ല). ഐ.എസ്.പി.യുമായി ബന്ധപ്പെട്ടും ആളെ ട്രാക്ക് ചെയ്യാവുന്നതാണ്. പക്ഷെ, സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, ഈ ഐ.പി. എന്നു പറയുന്നത് ഒരു പൊതിയാതേങ്ങയാണ്.

വക്കാരിയുടെ ഫലിതം രസിച്ചു: സാധാരണ മലയാളികള്‍ ഇതു പറയുമ്പോള്‍ സര്‍ദാര്‍ജിയെയാണ് കൂട്ടു പിടിക്കാറ്‌... ;)
--

കൊച്ചുത്രേസ്യ said...

Live Plugin for WordPress 2.0

ഇതു വെച്ച്‌ word-press-ല്‍ കമന്റ്‌ IP ട്രാക്ക്‌ ചെയ്യന്‍ പറ്റും എന്ന്‌ ഈ സൈറ്റിലുണ്ട്‌.ഇതു പോലെ വേറെ utilities-ഉം ഉണ്ടാവില്ലേ??

http://www.johntp.com/2006/07/24/live-plugin-for-wordpress-20/

New Comments- When someone leaves a new comment on your blog, their IP address will be displayed along with the name of the post, the author?s name, and the comment they left. It is shown in green color .
The visitor?s IP address is a link to www.dnsstuff.com, which will show you WHOIS information for the IP address


പക്ഷെ വേറൊരു കാര്യം- IP ശരിയാണെങ്കിലും അതു വച്ച്‌ ട്രാക്ക്‌ ചെയ്തു കിട്ടുന്ന ലോക്കേഷന്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഈ ലിങ്കില്‍ ഒരു ചേട്ടന്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്‌.ഒന്നു പോയി നോക്കൂ.
http://askbobrankin.com/does_ip_address_reveal_my_physical_location.html

എന്റെ സ്വന്തം IP ട്രാക്ക്‌ ചെയ്തു നോക്കീട്ട്‌ തെറ്റായ location ആണ്‌ കാണിക്കുന്നത്‌. ഞാന്‍ ഒരു nation-wide ISP ഉപയോഗിക്കുന്നതു കൊണ്ടാണിത്‌.

സിബു::cibu said...

ഐപ്പി ട്രാക്കിംഗിനെ പറ്റി എനിക്കൊന്നുമറിയില്ല. താത്പര്യമില്ല; എന്റെ ബ്ലോഗില്‍ ഞാനായിട്ടിട്ട യാതൊരു ട്രാക്കിംഗ് പരിപാടിയും ഇല്ല. ട്രാക്ക്‌ ചെയ്യുന്നവര്‍ അത്‌ ഡിസ്‌ക്ലോസ് ചെയ്യുന്നതാണ് അതിന്റെ മര്യാദ.

പിന്നെ, ഒരു സുപ്രധാന കാര്യം:
?ഹരി: “ഗൂഗിളിലോ മറ്റോ ജോലി ചെയ്യുന്നവര്‍ക്ക് ഒരുപക്ഷെ, ഈ പറയുന്ന ട്രാക്കിംഗ് സാധിക്കുമായിരിക്കും.“

=ഈ വിവരം ശരിയല്ല; ശരിയല്ല; ശരിയല്ല. ആര്‍ക്കും ആരുടെയും പെര്‍സൊണല്‍ വിവരങ്ങള്‍ നോക്കാന്‍ അനുവാദമില്ല. ബാങ്ക് അക്കൌണ്ടിന് സമമാണ് ഒരാളുടെ ആക്റ്റിവിറ്റി ലോഗ്.

കലേഷ്‌ കുമാര്‍ said...

കുറേ നാളുകള്‍ക്ക്‌ ശേഷം അനിലേട്ടന്റെ പോസ്റ്റ്‌ കണ്ടതില്‍ സന്തോഷിക്കുന്നു! ഐ.പി ട്രാക്കിംഗിനെക്കുറിച്ച്‌ യാതോന്നും പറയുന്നില്ല!

മൂര്‍ത്തി said...

കുറെക്കാലം മുന്‍പ് എന്റെ ഒര്‍ ചാറ്റ് സുഹൃത്ത് യാഹൂ മെസെഞ്ചരില്‍ നിന്നുള്ള മെസേജ് വെച്ച് ഞാന്‍ എവിടെ നിന്നാണ് ബ്രൌസ് ചെയ്യുന്നതെന്നും ആ കഫേ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നുമൊക്കെ പറഞ്ഞുതന്നിട്ടുണ്ട്..പുള്ളി ഒരു ISP (internet service provider) ഫേര്‍മിലായിരുന്നു അപ്പോള്‍ ജോലി ചെയ്തിരുന്നത്. ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് പുള്ളിക്ക് IP address ഡാറ്റാബേസിനു(or directory) അക്സസ് ഉണ്ട് എന്നാണ്‍. അത് ഉണ്ടെങ്കില്‍ ആ ഐ.പി.യുടെ ഉത്ഭവസ്ഥാനം കണ്ടു പിടിക്കാം എന്നാണ്. സാധാരണ ഗതിയില്‍ നമുക്കൊന്നും അത് കിട്ടാനിടയില്ല..ഐ.പി.വെച്ച് ആളെ പിടിക്കാം എന്നുതന്നെയാണ് മേല്‍പ്പറഞ്ഞ അനുഭവത്തില്‍ നിന്നും എനിക്ക് മനസ്സിലായത്...

വക്കാരിമഷ്‌ടാ said...

ചര്‍ച്ച പാളം തെറ്റി ആറ്റിച്ചാടി (എന്നെ കുറ്റം പറഞ്ഞേക്കരുത്).

സംഗതി ലോകത്ത് ഐപ്പികള്‍ എങ്ങിനെ പിടിക്കാം എന്നുള്ളതിനെപ്പറ്റിയല്ല ചര്‍ച്ച എന്നാണ് എന്റെ മനസ്സിലാക്കല്‍.

ഇവിടെ പോയിന്റ് കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാര്‍ക്ക് ഐപ്പികള്‍ പിടിക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ളതാണ്. ആ പോയിന്റിന് കാരണം കമന്റ് അഗ്രഗേറ്റര്‍മാര്‍ ഐപ്പീ പിടിക്കുന്നേ എന്ന് പറഞ്ഞുള്ള സംസാരം അവിടെയുമിവിടെയും കേട്ടു എന്നുള്ളതും.

അതായത് നമ്മള്‍ ഏതെങ്കിലും ഒരു ഗൂഗിള്‍ ഗ്രൂപ്പിന്റെ അഡ്രസ്സ് നമ്മളുടെ ബ്ലോഗില്‍ കൊടുത്താല്‍ ആ ഗൂഗിള്‍ ഗ്രൂപ്പിന്റെ നടത്തിപ്പുകാര്‍ക്ക് നമ്മളുടെ ഐപ്പി പിടിക്കാന്‍ പറ്റുമോ?

അതായത് നമ്മള്‍ ഏതെങ്കിലും ഗൂഗിള്‍ ഗ്രൂപ്പിന്റെ അഡ്രസ്സ് നമ്മളുടെ ബ്ലോഗില്‍ കൊടുത്താല്‍ നമ്മുടെ ബ്ലോഗില്‍ കമന്റിടുന്നവരുടെയൊക്കെ ഐപ്പി ഗൂഗിള്‍ ഗ്രൂപ്പുകാര്‍ക്ക് പിടിക്കാന്‍ പറ്റുമോ?

അതായത് നമ്മള്‍ ഏതെങ്കിലും ബ്ലോഗില്‍ കമന്റിട്ടാല്‍ ആ ബ്ലോഗ് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ മെമ്പറാണെങ്കില്‍ നമ്മുടെ ഐപ്പി അഗ്രഗേറ്റര്‍മാര്‍ക്ക് പിടിക്കാന്‍ പറ്റുമോ?

അതായത് ഇവിടെ പ്രശ്‌നം ബ്ലോഗില്‍ എങ്ങിനെ ഐപ്പി പിടിക്കാം, നെറ്റില്‍ എങ്ങിനെ ഐപ്പി പിടിക്കാം എന്നല്ല, കമന്റ് അഗ്രഗേറ്ററുകള്‍ നടത്തുന്നവര്‍ക്ക് അവര്‍ അത് നടത്തുന്നു എന്നതുകൊണ്ട് ആ അഗ്രഗേറ്ററില്‍ വരുന്ന കമന്റുകളിടുന്നവരുടെയൊക്കെ ഐപ്പി പിടിക്കാന്‍ പറ്റുമോ എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

ഊഹക്കച്ചവടം: ആ കമന്റിട്ടതാരാണെന്ന് അറിയാം, അയാള്‍ എവിടുത്തുകാരനാണെന്നറിയാം, അയാളുടെ ഷേപ്പറിയാം, അയാളുടെ പൊക്കം, ഉയരം, മീശയിലെ രോമങ്ങളുടെ എണ്ണം ഇവയൊക്കെ അറിയാം, (പക്ഷേ ആരാണെന്ന് മാത്രം പറയൂല്ല)...

ഇനി അതിന്റെ മറുവശം:

ആ ഗ്രൂപ്പില്‍ ഐപ്പി പിടിക്കുന്നതാരാണെന്നറിയാം (ഇയാളുമല്ല, അയാളുമില്ല, മറ്റേയാളുമല്ല), ഈ ഗ്രൂപ്പ് കുളമാക്കിയതാരാണെന്നറിയാം, അയാളെപ്പറ്റി എല്ലാമറിയാം, അയാളുടെ പ്രായമറിയാം, പൊക്കമറിയാം, ഉയരമറിയാം, മീശയിലെ രോമങ്ങളുടെ എണ്ണമറിയാം... (പക്ഷേ ആരാണെന്ന് മാത്രം പറയൂല്ല).

രണ്ടും തമ്മിലെന്താണ് വ്യത്യാസം?

സംശയത്തിന്റെ പുകമറ എന്നുപറഞ്ഞൊരു കുറ്റാന്വേഷണ ബ്ലോഗ് തുടങ്ങിയാലോ? :)

അനില്‍_ANIL said...

വക്കാരി ഇല്ലായിരുന്നെങ്കില്‍ ഞാനീ പോസ്റ്റും ചുട്ട് ഉഗാണ്ടായിക്ക് പോകേണ്ടിവന്നേനെ :)

ഇവിടെ പോയിന്റ് കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാര്‍ക്ക് ഐപ്പികള്‍ പിടിക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ളതാണ്.

അത്രേ ഉള്ളൂ ചോദ്യം.

കലേഷിന്റെ കമന്റ് വായിച്ചപ്പോഴാണ് സംഗതിയുടെ മറുവശത്തിനൊരു എക്സാമ്പിള്‍ കിട്ടിയത്.

Blog Archive

About Me

My Photo
അനില്‍_ANIL
View my complete profile